തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യയായ സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ പോലീസ് വീണ്ടും പരിശോധിക്കുന്നു.
42 വർഷമായി തുടരുന്ന ദുരൂഹതകൾക്കിടയിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ പുതിയ നീക്കം. ക്രൈംബ്രാഞ്ചിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതും ചർച്ചകൾ നടത്തിയതുമെന്നുമാണ് റിപ്പോർട്ടുകൾ.സുകുമാരക്കുറുപ്പിനെ കണ്ടെത്താനായി ഒരു പുനരന്വേഷണത്തിന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.ഫയലുകൾ പരിശോധിക്കുന്നത് ഒരു സാധാരണ നടപടി മാത്രമാണെന്നാണ് പോലീസിന്റെ വിശദീകരണം. 1984 ജനുവരി 21-നാണ് നാടിനെ നടുക്കിയ ചാക്കോ വധം നടക്കുന്നത്. അബുദാബിയിൽ താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് ആവിഷ്കരിച്ച കൊടുംക്രൂരതയായിരുന്നു ഈ കൊലപാതകം.
തന്റെ ശരീരത്തോട് സാമ്യമുള്ള ഒരു മൃതദേഹം കാറിലിട്ട് കത്തിച്ച് താൻ മരിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. ഇതിനായി കരുവാറ്റയിൽ വെച്ച് ലിഫ്റ്റ് ചോദിച്ച ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കാറിൽ കയറ്റുകയും ഈതർ കലർത്തിയ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ചാക്കോയുടെ മൃതദേഹം കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ച് നെൽപ്പാടത്തിനടുത്ത് വെച്ച് കാറിനുള്ളിലിട്ട് കത്തിച്ചു.
എന്നാൽ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു ഗ്ലൗസ് ആണ് പോലീസിനെ കൊലപാതകത്തിന്റെ സൂചനകളിലേക്ക് നയിച്ചത്. കുറുപ്പിന്റെ സഹായികളായ ഭാസ്കരപിള്ള, പൊന്നപ്പൻ, ഷാഹു എന്നിവരെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു. രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്ക് കടന്നെന്നും തുടങ്ങി നിരവധി കഥകൾ കുറുപ്പിനെപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസിന് ഇന്നും കുറുപ്പ് ഒരു പിടികിട്ടാപ്പുള്ളിയാണ്.
പണ്ട് വ്യോമസേനയിൽ ജോലി ചെയ്തിരുന്ന കാലത്ത് താൻ മരിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി നാട്ടിലേക്ക് കടന്ന പാരമ്പര്യവും സുകുമാരക്കുറുപ്പിനുണ്ട്. അന്ന് ഗോപാലകൃഷ്ണക്കുറുപ്പായിരുന്ന ഇയാൾ വ്യാജ പാസ്‌പോർട്ട് വഴിയാണ് സുകുമാരക്കുറുപ്പായി ഗൾഫിലേക്ക് പോയത്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.