വർക്കല: മുഖ്യമന്ത്രിയെക്കണ്ട് പരാതി ബോധിപ്പിക്കാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ പോലീസുകാർ മർദിച്ചതായി പരാതി.
വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ(79)യാണ് പരാതി ഉന്നയിച്ചത്.ഒരാഴ്ചമുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം. സമീപവാസി രണ്ടരലക്ഷം രൂപ കടംവാങ്ങിയിട്ട് തിരികെനൽകിയില്ലെന്ന ശാരദയുടെ പരാതിയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്.
പണം തിരിച്ചുകിട്ടാത്ത സാഹചര്യത്തിൽ ശാരദ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി അറിയിക്കാനാണ് സെക്രട്ടേറിയറ്റിലെത്തിയത്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചതായാണ് ശാരദ പറയുന്നത്. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോൾ വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി പറയുന്നു.
മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് അറിയിച്ചതോടെ അഞ്ച് വനിതാ പോലീസുകാരും മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി ഉയർത്തി പോലീസ് ജീപ്പിലേക്കു മാറ്റിയെന്നാണ് ശാരദയുടെ ആരോപണം. ഇതിനിടെ മുഖമിടിച്ചു വീഴുകയും പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ കൈകാലുകളിൽ പിടിച്ച് വീണ്ടും ജീപ്പിനുള്ളിലേക്കു വലിച്ചുകയറ്റുകയും ചെയ്തതായി ശാരദ പറഞ്ഞു.
കൈകൾക്കും കാലുകൾക്കും മുഖത്തും പരിക്കേറ്റതായും ആരോപിക്കുന്നു. തുടർന്ന് ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ആൻജിയോപ്ലാസ്റ്റിക്കു വിധേയയായിട്ടുള്ള താൻ ഹൃദ്രോഗത്തിനു ചികിത്സയിലാണെന്നും ശാരദ പറഞ്ഞു. ആശുപത്രി അധികൃതർ മുഖേന പോലീസിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷയും എപ്പോഴും സന്ദർശകത്തിരക്കുമുള്ള സെക്രട്ടേറിയറ്റിൽ ഇത്തരം സംഭവം നടക്കുമോയെന്ന അവിശ്വസനീയതയിലാണ് പോലീസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.