കോഴിക്കോട്: ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പരിശീലകർ ഉൾപ്പെടെ മൂന്ന് അധ്യാപികമാർ പൊലീസിന്റെ പിടിയിലായ വടകര എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നു സൂചന.
നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22) എന്ന ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണു ലഹരി കച്ചവടം നടത്തി വന്നത് എന്നാണു വിവരം.കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും ഡെലിവറി ബോയിയും കൈമാറിയ സന്ദേശങ്ങളും അക്കൗണ്ട് ഇടപാടുകളും വിലയിരുത്തിയാണു പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ബന്ധം കണ്ടെത്തിയത്. കണ്ണൂർ, കോഴിക്കോട്, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാപകമായി ലഹരി വസ്തുക്കൾ എത്തിക്കുന്നയാളാണ് ഇയാളെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസിനാണ് അധ്യാപികമാർ ലഹരിവിൽപനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്കു മാറ്റുന്ന രീതിയാണു തുടർന്നു വന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദേശത്തുള്ള വാട്സാപ് നമ്പർ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്ത വാട്സാപിലൂടെയാണ് ഇതിന്റെ സന്ദേശങ്ങൾ നൽകിവന്നത്.
അധ്യാപികമാർ പിടിയിലായ വിവരം അറിഞ്ഞ ഷിന്റോ സംസ്ഥാനം വിട്ടതായാണു സൂചന. ഇയാൾക്കായി പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കി. ഇയാൾ പിടിയിലാകുന്നതോടെ ലഹരിമരുന്നു വിതരണ ശൃംഖല സംബന്ധിച്ചും കേസിലെ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണു വിലയിരുത്തൽ.മറ്റ് ബിആർസികളിലേക്കും അന്വേഷണം വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പും നടപടി തുടങ്ങി.
അറസ്റ്റിലായ അധ്യാപികമാർ പ്രവർത്തിച്ച പേരാമ്പ്ര ബിആർസി കൂടാതെ മറ്റ് ബിആർസികളുടെ പ്രവർത്തനവും നിയമനരീതികളും പ്രത്യേക സമിതി വിലയിരുത്തി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും. എസ്എസ്‌കെ അഡീഷനല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയാണ് ബിആർസികളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം നടത്തുക. ഇതു സംബന്ധിച്ച് എസ്എസ്‌കെ പ്രോജക്ട് ഡയറക്ടര്‍ ഉത്തരവിറക്കി.
സർവശിക്ഷ കേരളത്തിനു കീഴിൽ വിവിധ സ്കൂളുകളിലെ അധ്യാപകർക്കു പരിശീലനം നൽകുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാർക്ക് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. പേരാമ്പ്ര ബിആർസിയിലെ പരിശീലകരാണ് അറസ്റ്റിലായത് എങ്കിലും ഇതു സംബന്ധിച്ച് ഉയർന്ന ചില ആരോപണങ്ങൾ മുൻനിർത്തി സമീപത്തെ മറ്റ് ചില ബിആർസികളുടെ പ്രവർത്തനവും പൊലീസിന്റെ അന്വേഷണപരിധിയിൽ ഉണ്ടെന്നാണ് സൂചന.
കേസിൽ ഉൾപ്പെട്ട രണ്ട് അധ്യാപികമാർ ഇടത് അനുകൂല സംഘടനയിൽ പ്രവർത്തിച്ചതായി ആക്ഷേപം ഉയർന്നെങ്കിലും അവരെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടനാ ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്നതായി ഇടതുസംഘടനാ കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു.ജിജിൽ കൈമാറിയത് കോടിയിലേറെ രൂപ പിന്നിട്ട ആറു മാസത്തെ അക്കൗണ്ട് രേഖകൾ പരിശോധിച്ചപ്പോൾ തന്നെ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കോടിയിലേറെ രൂപയുടെ ഇടപാടുകളാണു നടത്തിയെന്ന് വ്യക്തമായിരുന്നു. ഇതിൽ ഏറെയും ഷിന്റോയ്ക്കു കൈമാറിയതായാണു സൂചന.
ലഹരി ഉപയോഗിച്ചു വന്ന അധ്യാപികമാരെ സംശയം തോന്നാത്ത രീതിയിൽ ഇടപാടുകാരാക്കി നടത്തിവന്ന എംഡിഎംഎ കച്ചവടത്തിനാണ് അന്വേഷണ സംഘത്തിന്റെ മിന്നൽ നീക്കങ്ങളിലൂടെ കുരുക്കിട്ടത്. അധ്യാപികമാരുടെ അക്കൗണ്ടുകളിലെ ഇടപാടുകളുടെ വിവരങ്ങളാണ് ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസിലേക്കു വഴിതുറന്നത്. അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തിവന്നതെന്നും കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.
ജൂൺ 28ന് രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ സഫ്‌വാൻ ഉൾപ്പെടെ കേസിൽ പിടിയിലായ അഞ്ചു പേരും റിമാൻഡിലാണ്. ഇതിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30) എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്നു വിൽപനയിൽ ഇവരുടെ ഇടപെടലുകൾ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പിടിയിലായ കീർത്തന വടകരയിൽ മുൻപ് നടത്തിവന്ന ബൺ മസ്ക കച്ചവടത്തിനു പിന്നിൽ ലഹരി വിൽപനയും ഉണ്ടായിരുന്നോ എന്നതിലും ഇതിലൂടെ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കീർത്തന മുൻപ് നടത്തിവന്ന ഫിറ്റ്നസ് സെന്ററിന്റെ പ്രവർത്തനങ്ങളും അന്വേഷണസംഘം വിലയിരുത്തി വരികയാണ്. ലഹരിമരുന്നു കേസുകളിൽ അക്കൗണ്ട് വിവരങ്ങളും മറ്റും വിലയിരുത്തേണ്ടതിനാൽ 180 ദിവസം വരെ കുറ്റപത്രം സമർപ്പിക്കാൻ സാവകാശം ലഭിക്കാറുണ്ടെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക് കേസ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.
അതിനാൽ വേണ്ടത്ര സാവകാശമെടുത്ത് കേസിന്റെ എല്ലാ വശങ്ങളും വിലയിരുത്തി പഴുതടച്ച് കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.കേസിൽ പിടിയിലായ ജിജിലിന്റെ ഫോണിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫോൺ സൈബർ സെല്ലിന്റെ പരിശോധനയിലാണ്. ഇയാളുടെ ചാറ്റുകൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് സൈബർ സെൽ വിലയിരുത്തുന്നത്. കേസിൽ പിടിയിലായ കീർത്തന നടത്തിയ ചില ബെംഗളൂരു യാത്രകളുടെ വിവരങ്ങളും അന്വേഷിച്ചു വരുന്നു. പിടിയിലായ അധ്യാപകരുടെ ഗൂഗിൾ പേ അടക്കമുളള യുപിഐ ഐഡികളിലൂടെ പണം കൈമാറിയവരുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നു.
വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ പൊലീസ് സേനാംഗങ്ങളും സൈബർ സെൽ, ജില്ലാ നർകോട്ടിക് സെൽ എന്നിവയിലെ ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. നർകോട്ടിക് സെൽ ഡിവൈഎസ്‌പി ടി.ഉത്തംദാസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സംഭവത്തിൽ വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രൂപീകരിച്ച് അന്വേഷണം വിപുലമാക്കാൻ കോഴിക്കോട് ജില്ല റൂറൽ എസ്പി മെറിൻ ജോസഫ് നിർദേശിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.