ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സുരക്ഷാ സേനയ്ക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്.
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതരത്തിൽ പോസ്റ്റുകൾ ഇട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടുകയും ഇവ നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ചില ന്യൂസ് പോർട്ടലുകൾക്കടക്കം ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെക്കുറിച്ച് വ്യാജ കഥകളും ഡീപ് ഫേക്ക് വീഡിയോകളും പ്രചരിപ്പിച്ച, പാകിസ്താനുമായി ബന്ധമുള്ള 400-ലധികം സോഷ്യൽ മീഡിയ ഹാൻഡിലുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.
എക്‌സ് അടക്കമുള്ളവർക്ക് പോലീസ് നൽകിയ നിർദേശങ്ങൾ:
പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെയുള്ള അധിക്ഷേപകരമായ പോസ്റ്റ്, വീഡിയോ പ്ലാറ്റ്ഫോമിൽനിന്ന് ഉടനടി നീക്കംചെയ്യുക. ഉള്ളടക്കം പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉടമയുടെ മുഴുവൻ വിശദാംശങ്ങളും, അതായത് പൂർണമായ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ലോഗിൻ/ലോഗ്ഔട്ട് വിശദാംശങ്ങൾ തീയതിയും സമയവും സഹിതം നൽകുക. അന്വേഷണത്തിന് സഹായിക്കുന്ന മറ്റേതെങ്കിലും പ്രസക്തമായ വിവരങ്ങൾ പങ്കുവെക്കുക.
അധിക്ഷേപകരമായ പോസ്റ്റ്/വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാവിയിലെ അന്വേഷണത്തിനായി സംരക്ഷിക്കുക. ഭാരതീയ സാക്ഷ്യ അധിനിയമം (BSA) സെക്ഷൻ 63(4) പ്രകാരമുള്ള തെളിവുകൾ നൽകുക.
പോലീസിന്റെ സൈബർ, സോഷ്യൽ മീഡിയ മോണിറ്ററിങ് ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയാൽ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.