കൊച്ചി: ‘ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെ നല്ല കാര്യങ്ങൾ ചെയ്യുന്ന സമയത്ത് അതിന്റെ ശോഭ കെടുത്താനുള്ള ഉദ്ദേശ്യത്തിലാണോ ഇങ്ങനെ ചെയ്തത്? അതോ മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണോ? നിയമപരമല്ലാത്ത നടപടികളിലൂടെ പ്രതികളെ രക്ഷപെടുത്താൻ പൊലീസ് നോക്കിയാൽ സാധാരണക്കാരുടെ കാര്യങ്ങൾ നോക്കാൻ കോടതിയുണ്ട്’–
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീർ കല്ലനോട് ഹൈക്കോടതി ചോദിച്ചത് ഇങ്ങനെ.
ഡോ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ സുപ്രീം കോടതി അനുശാസിക്കുന്ന തരത്തിലുള്ള ‘അറസ്റ്റിനുള്ള കാരണം’ നൽകിയിട്ടില്ലെന്ന് പ്രാഥമികമായി വ്യക്തമാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ.ബദറുദീൻ പറഞ്ഞു. ഇതാണ് പ്രതിയുടെ മോചനത്തിലേക്ക് നയിച്ചതെന്നും വിഷയം വളരെ ഗുരുതരമാണെന്നും കോടതി പറഞ്ഞു.
ഡോ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ഡിവൈഎസ്പി സുധീർ കല്ലനോട് ഇന്നു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. എത്ര വർഷമായി സർവീസിൽ കയറിയിട്ട് എന്ന ചോദ്യത്തോടെയാണ് കോടതി പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് വിവരങ്ങൾ തേടിയത്. 22 വർഷമെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി. കഴിഞ്ഞ 2 വർഷത്തിനിടെ പത്തു പേരെ അറസ്റ്റ് ചെയ്തതിൽ ഒൻപതു കേസുകളിലും പ്രശ്നമുണ്ടായില്ലെന്നും ഡോ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ മാത്രം എന്തു സംഭവിച്ചു എന്നും കോടതി ആരാഞ്ഞു.
‘ഇത് മനഃപൂർവം ചെയ്തതാണോ? അറസ്റ്റ് ചെയ്യുമ്പോൾ കാരണം അറിയിക്കണം എന്ന് സുപ്രീം കോടതി മാനദണ്ഡം ഉള്ളത് അറിയില്ലേ? ഇത്രയും പ്രധാനപ്പെട്ട കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ പ്രതി സുപ്രീം കോടതിയിൽ വരെ പോകാൻ കാത്തിരുന്നു. സുപ്രീംകോടതി ഹർജി തള്ളിയിട്ടും അറസ്റ്റ് ചെയ്തില്ല. ഒടുവിൽ കോടതി ഇടപെടേണ്ടി വന്നു. എന്നിട്ടും അയാളെ ഇറക്കിവിടാൻ വേണ്ടി ഇതെല്ലാം മനഃപൂർവം ചെയ്തതാണെന്നാണ് മനസ്സിലാകുന്നത്’– കോടതി പറഞ്ഞു.
ഡിവൈഎസ്പി ചെയ്തത് ഗുരുതരമായ തെറ്റാണെന്നും നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കിൽ കോടതി ഇടപെടും. ഇതൊന്നും നിയമപരമായി അനുവദിക്കാനാവില്ല. ശക്തമായ നടപടിയുണ്ടാകും. സാധാരണക്കാരന്റെ കാര്യം നോക്കാൻ ഇവിടെ കോടതിയുണ്ട്. പൊലീസുകാർ വിചാരിച്ചാൽ ആരെയും ഉപദ്രവിക്കാമെന്ന ചിന്തയൊന്നും ആവശ്യമില്ല. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും’– ജസ്റ്റിസ് ബദറുദീൻ പറഞ്ഞു.
നിലവിൽ കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പിയും കോടതിയിൽ ഹാജരായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് എസ്പിക്ക് കോടതി നിർദേശം നൽകി. സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് നിയമം അനുസരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പൊലീസ് ഉദ്യോഗസ്ഥർ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് വളരെ ഗുരുതരമാണ്. അറസ്റ്റിന്റെ കാരണങ്ങൾ നൽകാതെ, ഒടുവിൽ ആ കാരണം പറഞ്ഞ് പ്രതികൾക്ക് മോചനം നേടാൻ അവസരമൊരുക്കുന്ന രീതിയിൽ പല അന്വേഷണ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും കോടതി പറഞ്ഞു.
‘ഒരു കാര്യം മനസ്സിലാക്കിക്കോ, ഇതൊന്നും കൊണ്ട് നിങ്ങൾക്ക് ഒരു പ്രതിയെയും രക്ഷപ്പെടുത്താൻ പറ്റില്ല. രക്ഷപ്പെടണോ എന്ന് തീരുമാനിക്കുന്നത് കോടതികളാണ്. നിയമപ്രകാരം അത് തീരുമാനിക്കാൻ കോടതികൾക്ക് അറിയാം. വെറുതെ ഇത്തരം അനാവശ്യ ശ്രമങ്ങൾ നടത്താതിരിക്കുക. നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുക’–ജസ്റ്റിസ് ബദറുദീൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.