തിരുവനന്തപുരം: പി.എസ്.സി. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിയമനങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
ആസൂത്രണ ബോർഡ് നിയമനത്തിലെ ക്രമക്കേടിന് വഴിവിട്ട സഹായങ്ങൾ നൽകിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഔദ്യോഗികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കാനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
പരാതിക്കാരൻ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്‌ഐആർ തയ്യാറാക്കിയിട്ടുള്ളതെന്നും, ഈ ക്രമക്കേടിലൂടെ ആർക്കാണ് സാമ്പത്തിക ലാഭം ഉണ്ടായതെന്നതടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിന്റെ മേൽനോട്ടത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് പ്രാഥമിക ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെങ്കിലും മറ്റ് പല കാറ്റഗറികളിലുമുള്ള നിയമനങ്ങളിലും സമാനമായ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.