തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നുവെന്ന് സൂചനകൾ.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ സ്ഥാനത്ത് നിന്ന് മാറാനുള്ള സന്നദ്ധത അദ്ദേഹം ഇക്കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിൽ അറിയിച്ചിരുന്നു. അധ്യക്ഷനൊപ്പം കെപിസിസി ജനറൽ സെക്രട്ടറിമാർ, ഡിസിസി അധ്യക്ഷൻമാർ എന്നിവർക്കും മാറ്റമുണ്ടായേക്കും.ആറ് ജില്ലകളിലെ അധ്യക്ഷൻമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎമാരായതോടെ സ്വാഭാവികമായും അവർ സ്ഥാനമൊഴിയും. എന്നാൽ സംഘടനയ്ക്ക് പുതിയ മുഖം നൽകുന്നതിൻ്റെ ഭാഗമായി മുഴുവൻ ഡിസിസി അധ്യക്ഷൻമാരെയും മാറ്റാനുള്ള സാഹചര്യമാണ് ഉരിത്തിരിയുന്നത്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ് മന്ത്രിയായതോടെ സംഘടനയുടെ തലപ്പത്തേക്കും പുതിയ ആളെത്തും.
പാർട്ടിയെ നയിക്കാൻ ആരെത്തും
സണ്ണി ജോസഫ് മാറുന്ന ഒഴിവിൽ സംസ്ഥാന പാർട്ടിയെ നയിക്കാൻ ആരെത്തുമെന്ന കാര്യത്തിലും ധാരണയായിട്ടില്ല. നിലവിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒറ്റപ്പേരിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരാണ് സജീവമായി ചർച്ചകളിൽ ഉള്ളത്. എന്നാൽ ചെറുപ്പക്കാരിൽ നിന്നും മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരുടെ പേരും പറഞ്ഞ് കേൾക്കുന്നു. ഇതിനിടെ അടൂർപ്രകാശ്, ആൻ്റോ ആൻ്റണി തുടങ്ങിയവരും താത്പര്യമറിയിച്ചിട്ടുണ്ട്.
ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം നടപ്പായാൽ വാഴയ്ക്കനൊഴികെ ആർക്കും പദവിയിൽ എത്താൻ സാധിക്കില്ല. കെപിസിസി അധ്യക്ഷ പദവിക്ക് ഹൈക്കമാൻ്റോ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയോ ഇതുവരെ മാനദണ്ഡങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഒരു മാസത്തിനകം പുനഃസംഘടന നടക്കാനാണ് സാധ്യതയെന്ന് മുൻ കെപിസിസി സെക്രട്ടറി ആർ വി രാജേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
വർക്കിങ് പ്രസിഡൻ്റുമാരും മാറും
നിലവിൽ മൂന്ന് വർക്കിങ് പ്രസിഡൻ്റുമാരാണ് കെപിസിസിക്കുള്ളത്. ഇതിൽ എപി അനിൽ കുമാർ, പിസി വിഷ്ണുനാഥ് എന്നിവർ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ മന്ത്രിമാരായി. മറ്റൊരു വർക്കിങ് പ്രസിഡൻ്റായ ഷാഫി പറമ്പിൽ പാർലമെൻ്റംഗമാണ്. രണ്ട് പേർ മന്ത്രിയായതോടെ അവർ വഹിക്കുന്ന സംഘടനാ പദവിയിൽ നിന്നും മാറും. പുതുതായി രണ്ട് പേർ വർക്കിങ് പ്രസിഡൻ്റുമാരായി എത്തും.
തൃശൂർ, വയനാട് അധ്യക്ഷൻമാർ മാറിയേക്കില്ല
2025ൽ നിയമിച്ച തൃശൂർ, വയനാട് ജില്ലകളിലെ അധ്യക്ഷൻമാരെ മാറ്റാനുള്ള സാധ്യത കുറവാണെന്ന് കരുതപ്പെടുന്നു. തൃശൂരിൽ ജോസഫ് ടാജറ്റിനെയും വയനാട്ടിൽ ടിജെ ഐസക്കിനെയും നിയമിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നത് കൊണ്ട് തന്നെ അവരെ നിലവിൽ മാറ്റേണ്ടതില്ലെന്ന വിലയിരുത്തലാണ് ഉള്ളത്. അവരെ നിയമിച്ച ശേഷം നടത്തിയ സംഘടനാ പ്രവർത്തനങ്ങൾ കൂടി വിലിയിരുത്തപ്പെട്ടേക്കും.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. കോന്നിയിൽ മത്സരിച്ച പത്തനംതിട്ട ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചു പറമ്പിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ കാര്യത്തിലും പുനർവിചിന്തനമുണ്ടായേക്കും. അദ്ദേഹം മാറാൻ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രമാവും അവിടെ പുതിയ ഒരാൾക്ക് പദവി കൈമാറുക. എന്നാൽ മുഴുവൻ ജില്ലകളിലും പുതിയ ആളുകൾ വരട്ടെ എന്ന പൊതമാനദണ്ഡം ചർച്ചയിൽ അംഗീകരിക്കപ്പെട്ടാൽ ഇവർക്കെല്ലാം സ്ഥാനനഷ്ടമുണ്ടാവും.പിടിമുറുക്കാൻ കെസി പക്ഷം
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും തലപ്പത്ത് തങ്ങളുടെ ആളുകൾ എത്തണമെന്നതാണ് കെസി വേണുഗോപാൽ പക്ഷത്തിൻ്റെ ആവശ്യം. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ വിഡി സതീശനോട് അടുപ്പമുള്ളവരും ആലപ്പുഴയിൽ രമേശ് ചെന്നിത്തല പക്ഷക്കാരും ഡിസിസി അധ്യക്ഷപദത്തിന് വേണ്ടി കച്ചമുറുക്കുന്നുണ്ട്. എന്നാൽ ആലപ്പുഴ വിട്ട് നൽകാനാവില്ലെന്നും കെസിയുടെ മണ്ഡലത്തിൽ തങ്ങളുടെ പക്ഷത്ത് നിന്നുള്ള ഡിസിസി അധ്യക്ഷൻ തന്നെ വേണമെന്നുമാണ് കെസി പക്ഷത്തിൻ്റെ വാദം. തിരുവനന്തപുരം ഏകപക്ഷീയമായി സതീശന് വിട്ട് നൽകാനാവില്ലെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ വിഡിക്കൊപ്പം നിൽക്കുന്ന ചെമ്പഴന്തി അനിലിനാണ് അവിടെ മുൻതൂക്കമുള്ളത്. കോട്ടയത്ത് ഫിൽസൺ മാത്യു അധ്യക്ഷസ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
എന്നാൽ സതീശനൊപ്പം നിൽക്കുന്ന മുഹമ്മദ്ദ് ഷിയാസ് അധ്യക്ഷനായ എറണാകുളത്ത് കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. കെസി പക്ഷത്തെ എംആർ അഭിലാഷ് ഡിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിനുണ്ടെങ്കിലും നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട ജില്ലാ പഞ്ചായത്തിൻ്റെ മുൻ അധ്യക്ഷൻ കൂടിയായ എൽദോസ് കുന്നപ്പിള്ളിയും കളത്തിലുണ്ട്. എൽദോസിന് സീറ്റ് നിഷേധിക്കാൻ കാരണമായ പീഡനക്കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ അദ്ദേഹം പദവിക്ക് അർഹനാണെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ജില്ലയായത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചേക്കും. പാലക്കാട് നിലവിലെ അധ്യക്ഷൻ എ തങ്കപ്പൻ സ്ഥാനമൊഴിഞ്ഞേക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധ്യക്ഷൻമാർ എംഎൽഎമാരായതോടെ പുതിയ മുഖങ്ങൾക്ക് സാധ്യതയേറുകയാണ്. കണ്ണൂരിൽ സുധാകരൻ, സണ്ണിജോസഫ് എന്നിവരുടെ കൂടി അഭിപ്രായങ്ങൾക്ക് നിർണായക പ്രാധാന്യം നൽകിയാവും മാർട്ടിൻ ജോർജിന് പകരമുള്ള ആളെ നിശ്ചയിക്കുക. കാസർകോട് ഡിസിസി അധ്യക്ഷൻ പികെ ഫൈസലിനും സ്ഥാനചലനമുണ്ടായേക്കും. ചിലർക്ക് ബോർഡ് കോർപ്പറേഷൻ സ്ഥാനം നൽകുമ്പോൾ ചിലരെ പുനഃസംഘടനയിൽ കെപിസിസി ഭാരവാഹികളാക്കി മാറ്റാനാണ് സാധ്യത.
കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് പുറമേ സെക്രട്ടറിമാരും വന്നേക്കും
നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിമാരിൽ നിന്നും കെ ജയന്ത്, വിദ്യ ബാലകൃഷ്ണൻ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ, കെപി നൗഷാദലി, പഴകുളം മധു, എംഎം നസീർ, ആര്യാടൻ ഷൗക്കത്ത്, ജ്യേതികുമാർ ചാമക്കാല എന്നിവർ എംഎൽഎമാരും കെ എ തുളസി മന്ത്രിസ്ഥാനത്തുമെത്തി.
ആകെ 58 ജനറൽ സെക്രട്ടറിമാരാണുള്ളത്. അതിൽ 9 പേർ എംഎൽഎമാരും ഒരാൾ മന്ത്രിയുമായി. ഇനി 48 പേരാണുള്ളത്. ഇവരുടെ പ്രവർത്തന മികവും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ചുമതലകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നും വിലയിരുത്തിയ ശേഷമാവും പുതിയ ആളുകളെ പദവിയിലേക്ക് ഉൾപ്പെടുത്തുന്നത്. പത്ത് പേർ പാർലമെൻ്ററി രംഗത്തേക്ക് കടന്നുവെങ്കിലും ബാക്കിയുള്ള 48ൽ ചിലക്ക് പ്രവർത്തന മികവില്ലെന്നാണ് വിലയിരുത്തൽ.
ഇതിന് പുറമേ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടവരിൽ ചിലർ ഡിസിസി അധ്യക്ഷൻമാരായി മാറിയേക്കും. അതുകൊണ്ട് തന്നെ ജനറൽ സെക്രട്ടറിമാരുടെ പട്ടികയും പുതുതായി പുറത്തിറങ്ങും. ഇതിന് പുറമേ സെക്രട്ടറിമാരുടേയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും നിയമനം നടക്കും. മുമ്പ് നൽകിയ സെക്രട്ടറിമാരുടെ പട്ടിക വെട്ടിച്ചുരുക്കാൻ നിർദേശം നൽകിയെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങൾ പിന്നീട് നടന്നില്ല.
ബോർഡ്/കോർപ്പറേഷൻ നിയമനം പുനഃസംഘടനയ്ക്ക് ശേഷം
ബോർഡ്/കോർപ്പറേഷനുകളിൽ നിയമനം പുനഃസംഘടനയ്ക്ക് ശേഷമാവുമെന്ന പ്രാഥമിക ധാരണയാണ് പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്നത്. വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവിയിൽ എത്തുന്നവരെയാവും ബോർഡ്/കോർപ്പറേഷൻ സ്ഥാനങ്ങളിളിലേക്ക് ആദ്യം പരിഗണിക്കുക. പ്രവർത്തന മികവുള്ള പരിചയ സമ്പന്നരായ സെക്രട്ടറിമാരെയും ഇത്തരം സ്ഥാപനങ്ങളിലേക്ക് പരിഗണിച്ചേക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.