വാഷിങ്ടൺ: ഇറാനുമായി അന്തിമ സമാധാന കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വെറും ഊഹാപോഹമാണെന്ന് തള്ളി ഇറാൻ.
യുഎസുമായി യാതൊരുവിധ അന്തിമ ധാരണയിലും എത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായീയും വ്യക്തമാക്കി. സമാധാന കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും ഈ വാരാന്ത്യത്തോടെ യൂറോപ്പിൽ വെച്ച് ഒപ്പുവെക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കരാറിൻ്റെ കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സെനറ്റ് സ്ഥാനാർത്ഥി ബാരി മൂറിന്റെ ടെലി റാലിയിലാണ് ഇറാനുമായി ധാരണയിലെത്തിയെന്നും പ്രാദേശിക രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകിയെന്നും ട്രംപ് അവകാശപ്പെട്ടത്. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ ഇറാനെതിരെയുള്ള ആക്രമണങ്ങൾ തത്കാലം നിർത്തിവെക്കാൻ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പ്രധാന എണ്ണ ഹബ്ബായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും കടുത്ത ആക്രമണം നടത്തുമെന്നും വ്യാഴാഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് അറബ് രാഷ്ട്രങ്ങളുമായുള്ള ചർച്ചകളെ തുടർന്ന് ആക്രമണ പദ്ധതി ഒഴിവാക്കിയെന്നും സമാധാന ചർച്ചകൾ പൂർത്തിയായെന്നും വ്യക്തമാക്കി ട്രംപ് പെട്ടെന്ന് കളംമാറ്റിയത്.
അതേസമയം, ട്രംപിന്റെ മുൻകാല പ്രസ്താവനകളെ ചൂണ്ടിക്കാട്ടി ഇറാൻ വാർത്താ ഏജൻസിയായ തസ്നീം രംഗത്തെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാധാന കരാർ ഉടനുണ്ടാകുമെന്ന് 38 തവണയാണ് ട്രംപ് പ്രഖ്യാപിച്ചതെന്നും, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതുവരെ ഇത്തരം പ്രചാരണങ്ങളെ മുൻ പ്രസ്താവനകൾ പോലെ തന്നെ കാണണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ നിന്നും കാസ്പിയൻ കടൽതീരത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണികൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും വഴങ്ങില്ലെന്നും തങ്ങൾക്കെതിരെയുള്ള ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.