ലണ്ടൻ :ബ്രിട്ടന്റെ തെക്കൻ മേഖലയിൽ ശക്തമായ ഇടിമിന്നലിനെയും പേമാരിയെയും തുടർന്ന് കനത്ത നാശനഷ്ടം.
മണിക്കൂറുകൾക്കിടെ ലണ്ടനിൽ മാത്രം 3,000ത്തോളം മിന്നലുകൾ പതിച്ചതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. തെക്കൻ ബ്രിട്ടനിലാകെ രാത്രി 7,000ത്തോളം മിന്നലുകളാണ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ബ്രിസ്റ്റൽ വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.പശ്ചിമ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൺബറി, ഷെപ്റ്റൺ മലറ്റ്, ബ്രിസ്റ്റൽ എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ബ്രിസ്റ്റലിൽ മിന്നലേറ്റതിനെ തുടർന്ന് ഒരു വീടിന് തീപിടിച്ചു. വീടിന്റെ മേൽക്കൂരയും ഒന്നാം നിലയും കത്തിനശിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ആളപായമില്ല. ലണ്ടൻ ഫയർ ബ്രിഗേഡിന് രാത്രി മുഴുവൻ 400ലേറെ അടിയന്തര കോളുകളാണ് ലഭിച്ചത്.
മിന്നലേറ്റുണ്ടായ വീടുകളിലെ തീപിടിത്തങ്ങളും മഴയെ തുടർന്ന് വെള്ളം കയറിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കൂടുതലെന്ന് അധികൃതർ അറിയിച്ചു.താളംതെറ്റി റെയിൽ ഗതാഗതവും ശക്തമായ മഴയെ തുടർന്ന് തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ റെയിൽ ഗതാഗതവും താളംതെറ്റി. സിഗ്നൽ സംവിധാനങ്ങളിൽ തകരാർ ഉണ്ടായതോടെ ട്രെയിനുകളുടെ വേഗം കുറച്ചു. ഇതോടെ നിരവധി സർവീസുകൾ വൈകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വേഗനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽ അധികൃതർ അറിയിച്ചു.
അതേസമയം, ഇടിമിന്നലിനും മഴയ്ക്കും പിന്നാലെ ബ്രിട്ടൻ അതിശക്തമായ ഉഷ്ണതരംഗത്തിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ യൂറോപ്പിന് മുകളിൽ രൂപപ്പെടുന്ന ‘ഹീറ്റ് ഡോം’ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് പ്രവചനം.1976ൽ ഹാംപ്ഷയറിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസ് എന്ന ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനില ഇത്തവണ മറികടക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.
ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാൻഡ്സ്, വെസ്റ്റ് മിഡ്‌ലാൻഡ്സ് എന്നിവിടങ്ങളിൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റെഡ് ഹീറ്റ് ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചു. ആരോഗ്യമുള്ളവർക്കുപോലും ജീവന് ഭീഷണിയാകുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്ന് മുന്നറിയിപ്പിൽ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.