കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്.
അർജുൻ ആയങ്കിക്ക് മുൻപ് അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ ഇതു സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് നേരത്തെ പുതിയ കേസെടുത്തിരുന്നു.സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറ് പേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വോട്ടെണ്ണലിനു തൊട്ടുതലേന്ന് മേയ് മൂന്നിനാണ് കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഒന്നിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു അർജുൻ ആയങ്കി അടക്കമുള്ളവരുടെ വാദം
ഈ കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെതിരെ രംഗത്തെത്തിയത്. കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റിൽ, പൊലീസ് ഉദ്യോഗസ്ഥനു നേർക്ക് കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയിരിക്കുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു എന്നാണ് വിവരം. ജോലിയിൽ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകൾക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങൾ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കോടതി നിർദേശങ്ങൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലത്തിൽ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതിനു പുറമെ പുതുതായി റജിസ്റ്റർ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പൊലീസ് നടപടികൾ വേഗത്തിലാക്കുമെന്നാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.