72–ാം നെഹ്റു ട്രോഫി വള്ളംകളി ഓണത്തിനു തൊട്ടു മുൻപ് നടത്താൻ തീരുമാനം

ആലപ്പുഴ : 72–ാം നെഹ്റു ട്രോഫി വള്ളംകളി ഓണത്തിനു തൊട്ടു മുൻപുള്ള ശനിയാഴ്ചയായ ഓഗസ്റ്റ് 22ന് നടത്താൻ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി യോഗത്തിൽ തീരുമാനം.

എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലാണു യോഗം ചേർന്നത്. ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി കഴിഞ്ഞ കമ്മിറ്റി മാസങ്ങൾക്കു മുൻപേ തീരുമാനിച്ചതിനെ കെ.സി വിമർശിച്ചു. എന്നാൽ നിശ്ചയിച്ച തീയതി പ്രകാരമുള്ള ഒരുക്കങ്ങൾ ചെയ്തെന്നും ഇനി മാറ്റമുണ്ടായാൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്നും വള്ളങ്ങളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികൾ ആശങ്ക അറിയിച്ചു. 

തുടർന്നാണ് ഓഗസ്റ്റ് 22ന് തന്നെ നടത്താൻ തീരുമാനിച്ചത്.രാജ്യാന്തരതലത്തിൽ നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടറുകളിൽ ഇടം നേടിയത് ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച എന്ന മാറ്റമില്ലാത്ത തീയതിയിലൂടെയാണ്. കുമരകം ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2002ലും പ്രളയം കാരണം 2018, 2019ലും ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം കാരണം 2024ലും വള്ളംകളി തീയതി മാറ്റിയിരുന്നു. മോശം കാലാവസ്ഥ കാരണം കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ആണ് നെഹ്റു ട്രോഫി വള്ളംകളി നടന്നത്.

നെഹ്റു ട്രോഫി വള്ളംകളി: തീയതി മാറ്റിയതിൽ വിമർശനം  ആലപ്പുഴ ∙ ഈ വർഷത്തെ നെഹ്റു ട്രോഫിയുടെ തീയതിയെ ചൊല്ലി നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി യോഗത്തിൽ നടന്നത് വലിയ ചർച്ച. കഴിഞ്ഞ കമ്മിറ്റി നേരത്തെ തന്നെ ഓഗസ്റ്റ് 22ന് ഇത്തവണത്തെ നെഹ്റു ട്രോഫി നടത്താമെന്ന് തീരുമാനിച്ചിരുന്നു. 

കഴിഞ്ഞ എൻടിബിആർ സൊസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള 22ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റു ട്രോഫി വള്ളംകളി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച തന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.

മുൻപ് അറിയിച്ചത് അനുസരിച്ചാണ് ഒരുക്കങ്ങൾ നടത്തിയതെന്നും ഇനി മാറ്റുന്നത് വലിയ ബുദ്ധിമുട്ടാണെന്നും വള്ളം സമിതികൾ വ്യക്തമാക്കി. മാറ്റി വയ്ക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. അല്ലെങ്കിൽ മാറ്റി വയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. ഓഗസ്റ്റിലെ രണ്ടാം ശനിയിൽ നിന്ന് മാറ്റുന്നതിലൂടെ വിദേശ സഞ്ചാരികൾക്കു വള്ളംകളി ആസ്വദിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്ന് മുൻ എംഎൽഎ എ.എ.ഷുക്കൂർ പറഞ്ഞു. 

കഴിഞ്ഞ കമ്മിറ്റിയുടെ തീരുമാനം തെറ്റാണെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ തീയതി പ്രഖ്യാപിച്ചത് മൂലം തയാറെടുപ്പ് തുടങ്ങിയ വള്ളം സമിതികൾക്കും ക്ലബ്ബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ ഇത്തവണ 22ന് തന്നെ വള്ളംകളി നടക്കട്ടെയെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു.എൻടിബിആർ സൊസൈറ്റിയും സർക്കാർ ഉദ്യോഗസ്ഥരും ഒരു മനസ്സോടെ പ്രവർത്തിച്ച് ആലപ്പുഴയുടെ പൈതൃകമായ ജലോത്സവം ഇക്കുറിയും വൻ വിജയമാക്കി മാറ്റണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 

എൻടിബിആർ സൊസൈറ്റി ചെയർമാനും കലക്ടറുമായ ഷാജി വി.നായർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, എഡിഎം സി.പ്രേംജി, ഡപ്യൂട്ടി കലക്ടറും ആർഡിഒ ഇൻ ചാർജുമായ കല ഭാസ്കർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്.വിനോദ്, ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിൽസൺ മാത്യു, ചുണ്ടൻ വള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ.കുറുപ്പ്, ജനറൽ ബോഡി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജലോത്സവത്തിന് 6.04 കോടി രൂപയുടെ ബജറ്റ്  ആലപ്പുഴ ∙ നെഹ്‌റു ട്രോഫി ജലോത്സവത്തിന് 6,04,70,000 രൂപയുടെ ബജറ്റ്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) ജനറൽ ബോഡിയിലാണു ബജറ്റ് അവതരിപ്പിച്ചത്. 3,65,65,000 രൂപയുടെ പ്രതീക്ഷിത വരവ് കണക്കാക്കിയ ബജറ്റിൽ 2,39,05,000 രൂപ മിച്ചം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ 1.02 കോടി രൂപയാണ് മിച്ചമുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കേണ്ട 50 ലക്ഷം രൂപയുടെ ഗ്രാ‍ൻഡ് കൂടി ലഭിച്ചാൽ ഈ നീക്കിയിരിപ്പ് 1.52 കോടിയായി മാറും. 3.42 കോടി രൂപയാണ് കഴിഞ്ഞ വർഷം നെഹ്റു ട്രോഫിക്ക് ആകെ ചെലവ് വന്നത്. 

ഇത്തവണ പ്രതീക്ഷിക്കുന്ന ചെലവ് 3.65 കോടി രൂപയാണ്.3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് ഇത്തവണത്തെ ബജറ്റിൽ ലക്ഷ്യമിടുന്നത്. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നുണ്ട്. 1.65 കോടി രൂപയാണ് ബോണസ് നൽകാനായി മാറ്റിവച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 60 ലക്ഷം രൂപയും 2024,2025 മെയ്ന്റനൻസ് ഗ്രാന്റ് ഇനത്തിൽ 36 ലക്ഷം രൂപയും കൾചറൽ കമ്മിറ്റിക്ക് 15 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 9 ലക്ഷം രൂപയും പ്രൈസ് മണിക്ക് 8.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 

വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്കു മുഖ്യാതിഥികളെ കണ്ടെത്താൻ കലക്ടറെ ചുമതലപ്പെടുത്തി. വള്ളംകളിയുടെ മുഖ്യാതിഥിയായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ എത്തിക്കാനുള്ള സാധ്യത തേടണമെന്ന് അഭിപ്രായമുയർന്നു. സ്പോൺസർഷിപ്പിന് ടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.പ്രവേശന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരും  വള്ളംകളി കാണാനുള്ള ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. 

ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റു പവലിയൻ- 3,000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്‌റു പവലിയൻ- 2,500, റോസ് കോർണർ- 1,500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു ടിക്കറ്റുകളുടെ നിരക്ക്. ലക്ഷ്വറി ബോക്സിൽ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (4 പേർക്ക്) 25,000 രൂപയുമാണു നിരക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !