കൊച്ചി: ജന്മദിനാഘോഷത്തിന്റെ ആവേശം കെട്ടടങ്ങും മുൻപ് നെടുമ്പാശ്ശേരി അത്താണിയിലുണ്ടായ ബൈക്കപകടം തട്ടിയെടുത്തത് തൃശൂർ സ്വദേശികളായ രണ്ട് ചെറുപ്പക്കാരെ. തൃശൂർ സ്വദേശികളും അടുത്ത സുഹൃത്തുക്കളുമായ ഗോകുൽ, അശ്വിൻ (ഇരുവരും 23) എന്നിവർ ഇന്നു രാവിലെയാണ് അപകടത്തിൽ മരിച്ചത്.
ആലുവയ്ക്കടുത്ത് കരിമല്ലൂരിലുള്ള ഫാബ്രിക്കേഷൻ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ഇന്നലെയായിരുന്നു ഗോകുലിന്റെ 23ാം ജന്മദിനം. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി തുടങ്ങിയ ജന്മദിനാഘോഷം ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു എന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ 7.15 ഓടെ അത്താണി ട്രാഫിക് സിഗ്നൽ ജംക്‌ഷനു സമീപമായിരുന്നു ദാരുണമായ അപകടം.
റോഡിലെ ചെറിയൊരു വളവിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഗോകുലിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ വലതുവശത്തുള്ള മീഡിയനിൽ ഉരസി കോൺക്രീറ്റ് ബാരിയറിലൂടെ ഏകദേശം 100 മീറ്ററോളം തെന്നിനീങ്ങി പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റിലിടിച്ച ശേഷവും ബൈക്ക് 50 മീറ്ററോളം മുന്നോട്ട് തെറിച്ചുപോയി. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടം നടന്നയുടൻ ഗോകുൽ അബോധാവസ്ഥയിലായി.
ഗുരുതരമായി പരുക്കേറ്റിട്ടും ഭാഗികമായി ബോധമുണ്ടായിരുന്ന അശ്വിൻ രക്ഷപ്പെടുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആ ജീവനും പൊലിഞ്ഞു. അപകടസമയത്ത് ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.