ടെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷം പുകയുന്നതിനിടെ ഇറാന്റെ നിലവിലെ ഭരണകൂടം തകർച്ചയുടെ പാതയിലാണെന്ന് പ്രവചിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ അടിത്തറ ഇളകിക്കഴിഞ്ഞതായും മുൻപുണ്ടായിരുന്ന കരുത്തിലേക്ക് അവർക്ക് ഇനി തിരിച്ചെത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. മൊസാദ് മേധാവി ഡേവിഡ് ബാർണിയയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹു ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്.
‘‘ഇസ്രയേലിനെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ ശത്രുക്കളും ഇതറിയുക, നിങ്ങളുടെ പദ്ധതികൾ പരാജയപ്പെടും. ഇറാൻ ഇതിനകം തന്നെ വലിയ വില നൽകിക്കഴിഞ്ഞു. ഈ ഭീകര ഭരണകൂടത്തിന്റെ അടിത്തറ തകർന്നിരിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് അവർക്ക് ഇനി തിരിച്ചുവരാനാകില്ല. അത് തകരാൻ വിധിക്കപ്പെട്ടതാണ്’’ – നെതന്യാഹു പറഞ്ഞു.
താൻ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും ചർച്ച നടത്തിയെന്നും ഇരുവിഭാഗവും ആക്രമണം നിർത്താൻ ധാരണയായെന്നും ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. ബെയ്റൂട്ടിൽ ആസൂത്രണം ചെയ്ത സൈനിക നടപടിയിൽ നിന്ന് ഇസ്രയേൽ പിന്മാറിയെന്നും ഹിസ്ബുല്ല തിരിച്ചുള്ള ആക്രമണങ്ങൾ നിർത്തുമെന്നുമായിരുന്നു ട്രംപിന്റെ വാദം.
എന്നാൽ ഈ ഔദ്യോഗിക വെടിനിർത്തൽ വാർത്തകളിൽ നിന്ന് നെതന്യാഹു അകലം പാലിച്ചു. ഇസ്രയേൽ നഗരങ്ങൾക്കും ജനങ്ങൾക്കും നേരെ ആക്രമണം തുടർന്നാൽ ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ സൈനിക നടപടി തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.