‘ഓപ്പറേഷൻ ടൈഗർ’; എംപിമാരെ ഡൽഹിയിലെത്തിച്ചത് ചാർട്ടേഡ് വിമാനത്തിൽ;വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയോ മാധ്യമങ്ങളുടെയോ കണ്ണിൽ പെടാതെ 6 എംപിമാരും ഒളിച്ചുകടക്കുകയായിരുന്നു. മുംബൈയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും ചാർട്ടേഡ് വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.


ഡൽഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയമുണർത്താതിരിക്കാൻ എംപിമാരെ നഗരത്തിലെ ഹോട്ടലുകളിൽ താമസിപ്പിച്ചില്ല. പകരം ഉത്തർപ്രദേശിലെ നോയിഡയിലുള്ള അതീവ സുരക്ഷിതമായ ആഡംബര ഹോട്ടലിലേക്കാണ് മാറ്റിയത്. എംപിമാർ മുംബൈയുടെ പരിധി വിട്ട ശേഷമാണ് ഉദ്ധവ് ക്യാംപ് വിവരമറിയുന്നത്. ജൂൺ 17 ബുധനാഴ്ച രാത്രിയോടെയാണ് നാടകീയ നീക്കങ്ങൾ അതിന്റെ നിർണായക ഘട്ടത്തിലെത്തിയത്. നോയിഡയിലെ ഹോട്ടലിൽ നിന്ന് പുറപ്പെട്ട എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തി. 


ശിവസേനയെ പൂർണമായും കോൺഗ്രസിൽ ലയിപ്പിക്കാൻ ഉദ്ധവ് താക്കറെ പദ്ധതിയിട്ടിരുന്നതായി വിമത എംപിമാർ ആരോപിക്കുന്നു. ഈ നീക്കത്തോടുള്ള കടുത്ത വിയോജിപ്പാണ് തങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ വാദം. ലോക്‌സഭയിൽ തങ്ങളുടെ ഇരിപ്പിടങ്ങൾ മാറ്റണമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തോടൊപ്പം ഇരിക്കാൻ അനുവദിക്കണമെന്നും ഇവർ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമത നീക്കം പുറത്തറിഞ്ഞതോടെ ഉദ്ധവ് ക്യാംപ് അടിയന്തര പ്രതിരോധ നടപടികൾ ആരംഭിച്ചു. പാർലമെന്റ് ഹൗസിലെ റൂം നമ്പർ 128 എയിൽ അടിയന്തര പാർലമെന്ററി പാർട്ടി യോഗം ചേരുന്നതിനായി ചീഫ് വിപ്പ് കർശനമായ വിപ്പ് പുറപ്പെടുവിച്ചു. എന്നാൽ വിപ്പ് വിമതർ തള്ളി. ഒൻപത് എംപിമാരിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാജെ എന്നീ മൂന്ന് പേർ മാത്രമാണ് യോഗത്തിനെത്തിയത്.

വിപ്പ് പരസ്യമായി ലംഘിച്ച ആറ് എംപിമാർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും, ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്നും മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കോടിക്കണക്കിനു രൂപ മുൻകൂറായി നൽകിയാണ് എംപിമാരെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. എംപിമാരുടെ ചുവടുമാറ്റത്തെത്തുടർന്ന് ശിവസേന അണികളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് ഭരണകൂടം അതീവ ജാഗ്രതയിലാണ്. വിമതരായ സഞ്ജയ് ദേശ്മുഖ് (യവത്മാൽ), സഞ്ജയ് ജാദവ് (പർഭണി), സഞ്ജയ് ദിന പാട്ടീൽ (മുംബൈ നോർത്ത്-ഈസ്റ്റ്), നാഗേഷ് പാട്ടീൽ അഷ്ടികർ (ഹിംഗോളി), ഓംരാജെ നിംബാൽക്കർ (ധാരാശിവ്), ഭാവുസാഹേബ് വാക്ചൗരെ (ഷിർദ്ദി) എന്നീ ആറ് എംപിമാരുടെയും വീടുകൾക്കും സ്വത്തുക്കൾക്കും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.

കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തങ്ങളാണ് യഥാർഥ ശിവസേനയെന്നും അവകാശപ്പെട്ട് വിമതർ സ്പീക്കറെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഈ വിഭാഗത്തിനു യാതൊരു അംഗീകാരവും നൽകരുതെന്ന് ഉദ്ധവ് പക്ഷത്തെ നേതാക്കളായ അരവിന്ദ് സാവന്തും അനിൽ ദേശായിയും സ്പീക്കറോട് അഭ്യർഥിച്ചു. ഇരുപക്ഷത്തിന്റെയും പരാതികൾ‌ സ്വീകരിച്ച സ്പീക്കർ ഓം ബിർലയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും എംപിമാരുടെ രാഷ്ട്രീയ ഭാവി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !