ആലപ്പുഴ: മുൻ സർക്കാരിന്റെ കാലത്തെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) വിവാദ തീരുമാനങ്ങൾ പുതിയ വകുപ്പു സെക്രട്ടറിയുടെ നേതൃത്വത്തിൽ പുനഃപരിശോധിച്ചു തുടങ്ങി. ജില്ലകളിൽ ഫൊട്ടോഗ്രഫർമാരെയും വിഡിയോഗ്രഫർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള അഭിമുഖം നിർത്തിവയ്ക്കാൻ നിർദേശിച്ചുകൊണ്ടാണ് ഇന്നലെ അന്വേഷണം തുടങ്ങിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ‘ഇരുണ്ട കാല’മെന്നു വിശേഷിപ്പിച്ചു വിവാദ പരസ്യം തയാറാക്കിയ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സദ്സേവന രേഖ നൽകിയതും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക തിരുത്തിയതുമെല്ലാം പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രത്തൻ ഖേൽക്കർക്കാണ് ഇപ്പോൾ വകുപ്പിന്റെ ചുമതല. ടി.വി.സുഭാഷ് പിആർഡി മേധാവിയായിരുന്ന 2023–’26 കാലത്തെ ഉത്തരവുകളും തീരുമാനങ്ങളുമാണു പരിശോധിക്കുന്നത്. ഈ കാലയളവിലെ ‘മികച്ച സേവന’ത്തിനുള്ള സദ്സേവന രേഖ ലഭിച്ച ചില ഉദ്യോഗസ്ഥരെ സംബന്ധിച്ച് ആക്ഷേപമുയർന്നിരുന്നു. മുൻ സർക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങളുടെ ഭാഗമായിരുന്നു ഇവരെന്നാണ് ആക്ഷേപം.
ചുമതലയൊഴിഞ്ഞ ഉദ്യോഗസ്ഥൻ പഴയ തീയതി വച്ച് ഉദ്യോഗസ്ഥർക്കു സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
വകുപ്പിലെ താൽക്കാലിക ജോലിയിലെ (പ്രിസം പാനൽ) പരിചയത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇറക്കിയ ഉത്തരവ്, സിറ്റിസൻ റെസ്പോൺസ് പരിപാടിക്കു വഴിവിട്ടു പണം നൽകാനുള്ള നടപടികൾ, പിണറായി വിജയന്റെ ചിത്രമുള്ള ഹോർഡിങ്ങുകൾ നാടാകെ സ്ഥാപിച്ചത് തുടങ്ങിയ വിവാദ നടപടികളും സർക്കാർ പരിശോധിക്കുന്നതായാണു വിവരം.
സർക്കാർ നയങ്ങളുടെ പ്രചാരണം, പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ, നിരന്തരമായ മാധ്യമ ഏകോപനം തുടങ്ങിയവയിലെ മികവാണ് സദ്സേവന രേഖയ്ക്കുള്ള മാനദണ്ഡമായി പറയുന്നത്. എന്നാൽ പ്രത്യേകമായി ഒരു സേവനം പരാമർശിക്കാതെ നാൽപതോളം പേർക്ക് കൂട്ടത്തോടെ പ്രശംസാപത്രം നൽകുന്നത് അസാധാരണമാണ്.
സർട്ടിഫിക്കറ്റിന്റെ ഉള്ളടക്കം ഇഷ്ടക്കാരായ ഉദ്യോഗസ്ഥർക്കു വാട്സാപ്പിൽ നൽകുകയും സർട്ടിഫിക്കറ്റ് ഓഫിസിലേക്ക് അയയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് അറിയുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇതു രാഷ്ട്രീയ വിഭാഗീയത സൃഷ്ടിച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.