ഇടുക്കി: കാന്തല്ലൂരിൽ മധ്യവയസ്കൻ മരിച്ച സംഭവം കാട്ടാനയുടെ ആക്രമണം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം. കാന്തല്ലൂർ ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ ആണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണകാരണം കാട്ടാന ആക്രമണമല്ലെന്ന വനംവകുപ്പിന്റെ പ്രാരംഭ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ട്.
മുരുകന്റെ മുതുകിൽ കാട്ടാനയുടെ ശക്തമായ ചവിട്ടേറ്റിട്ടുണ്ടെന്നും, വാരിയെല്ലുകൾ തകർന്നിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികൾക്ക് മുന്നറിയിപ്പോ നൽകാതെ പെട്ടെന്ന് പടക്കം പൊട്ടിച്ചും മറ്റും തുരത്തുകയായിരുന്നു.സമീപത്തെ കെട്ടിട നിർമ്മാണ സൈറ്റിലെ ജോലിക്ക് ശേഷം, തന്റെ ആടുകൾക്ക് തീറ്റ ശേഖരിക്കുന്നതിനായി അടുത്തുള്ള കൃഷിഭൂമിയിൽ എത്തിയപ്പോഴാണ് മുരുകൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വനംവകുപ്പ് അടിയന്തര ധനസഹായം നൽകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും കർശന നിലപാടെടുത്തു. മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.