ഡല്‍ഹി: ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി സുരക്ഷിതത്വവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളില്‍ നിർണ്ണായകമായ പുതിയ മാറ്റങ്ങള്‍ പുറത്തുവന്നു.
കമ്മീഷന് മുന്നില്‍ നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിനല്‍കിയിരിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകള്‍ക്കും പെൻഷൻ യൂണിയനുകള്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ കൂടുതല്‍ വ്യക്തതയോടെ അവതരിപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കുന്നതിനായി ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.ജൂണ്‍ 15 വരെ സമയം
പുതിയ ഉത്തരവ് പ്രകാരം തങ്ങളുടെ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 വരെയാണ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. ഇത് അന്തിമ സമയപരിധിയാണെന്നും ഇതിന് ശേഷം ഇനി ഒരു തരത്തിലും സമയം നീട്ടിനല്‍കില്ലെന്നും കമ്മീഷൻ പുറത്തിറക്കിയ പുതിയ സർക്കുലറില്‍ വ്യക്തമാക്കുന്നു.
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ '8cpc.gov.in' വഴി മാത്രമേ നിർദ്ദേശങ്ങള്‍ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹാർഡ് കോപ്പികളോ ഇമെയിലുകളോ പിഡിഎഫ് ഫയലുകളോ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു. മുൻപ് മെയ് 31 വരെ നീട്ടിയിരുന്ന സമയപരിധിയാണ് ഇപ്പോള്‍ ജൂണ്‍ പകുതി വരെ വീണ്ടും നീട്ടിയിരിക്കുന്നത്.
നിലവില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻ അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ടുള്ള ചർച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.
ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകള്‍ എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ കൃത്യമായ അഭിപ്രായങ്ങള്‍ ശേഖരിച്ചുവരികയാണ്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതനുസരിച്ച് അടുത്ത വർഷം (2027) പകുതിയോടെ കമ്മീഷന്‍റെ അന്തിമ റിപ്പോർട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ ശമ്പള നിരക്കുകള്‍ക്ക് ഈ വർഷം ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നതിനാല്‍, കമ്മീഷൻ നടപടികള്‍ വൈകുന്നത് ജീവനക്കാരുടെ ശമ്പള കുടിശ്ശിക വർദ്ധിക്കുന്നതിനും കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത ഉയരുന്നതിനും കാരണമാകും.അതിനാല്‍ തന്നെ വരും മാസങ്ങളിലെ കമ്മീഷന്‍റെ ഓരോ നീക്കങ്ങളും കേന്ദ്ര സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.
2026 ജനുവരി ഒന്ന് മുതല്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. നിലവില്‍ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്താൻ ശുപാർശ വന്നിട്ടുണ്ട്. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കില്‍ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നും ആവശ്യമുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.