ദില്ലി: യുഎസ് ആക്രമണത്തില്‍ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിൻ്റെ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ.
അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതില്‍ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ അതില്‍ ഇല്ലെന്നും ശശി തരൂർ എക്സില്‍ കുറിച്ചു."അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാൻ വായിച്ചത്. നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതില്‍ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു?"- ശശി തരൂർ ചോദിച്ചു.
നിയമങ്ങള്‍ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാർഗങ്ങളിലൂടെ തടയാൻ കഴിയുമായിരുന്നില്ലേ എന്നും ശശി തരൂർ ചോദിച്ചു. സിവിലിയൻ ജീവനക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുക്കാതെ തന്നെ, ഒരു കപ്പലിന്റെ എൻജിനോ നിയന്ത്രണ സംവിധാനങ്ങളോ പ്രവർത്തനരഹിതമാക്കാൻ കഴിയില്ലേ?
ഈ നിർണായക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന മിക്കവാറും എല്ലാ ചരക്ക് കപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ട്. അവരെയെല്ലാം ഇപ്പോള്‍ അമേരിക്കൻ മിസൈലുകള്‍ക്ക് ഇരയാക്കാവുന്നവരായിട്ടാണോ കണക്കാക്കുന്നത്? ഈ സമീപനം അംഗീകരിക്കാനാവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം മാർക്കോ റൂബിയോയോട് നേരിട്ട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും ശശി തരൂർ പോസ്റ്റില്‍ കൂട്ടിച്ചേർത്തു.'പ്രതിഷേധമറിയിച്ച് കേന്ദ്രം
യുഎസ് ആക്രമണത്തില്‍ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഫോണില്‍ വിളിച്ച് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വാണിജ്യ കപ്പലുകള്‍ക്കെതിരെ യുഎസ് സൈന്യം നടത്തുന്ന മാരകമായ നടപടികള്‍ ന്യായീകരിക്കാൻ കഴിയില്ലെന്ന് എസ് ജയശങ്കർ അറിയിച്ചു.
വിഷയത്തില്‍ കേന്ദ്ര സർക്കാർ യുഎസിൻ്റെ ഉന്നത നയതന്ത്ര പ്രതിനിധിയെ വിളിച്ച് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഗള്‍ഫ് ഓഫ് ഒമാനില്‍ പലാവു പതാകയേന്തിയ 'സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്കൻ നാവിക സേന നടത്തിയ ആക്രമണത്തിലാണ് കപ്പല്‍ ജീവനക്കാരായ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.