പ്രവാസലോകത്തെ നടുക്കി കൊടുംക്രൂരത; രണ്ടുവയസ്സുകാരനെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന് പെണ്‍കുട്ടികൾ ,

ഷാർജ: യുഎഇയിലെ ഷാർജയില്‍ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയല്‍വാസികളായ രണ്ട് കുട്ടികള്‍ ചേർന്ന് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി.

ഷാർജയിലെ ഒരു റെസിഡൻഷ്യല്‍ കെട്ടിടത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതികളായ പെണ്‍കുട്ടികള്‍ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്തെ കോറിഡോറില്‍ കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രമാണ് ഫ്ലാറ്റിന്‍റെ ഉള്ളിലേക്ക് കയറിയത്.

ഈ സമയം പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ പടിക്കെട്ടിന്‍റെ വാതില്‍ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെണ്‍കുട്ടി വാതില്‍ പെട്ടെന്ന് അടച്ചു.

തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്‍റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെണ്‍കുട്ടി ചെവിയില്‍ കൈവെച്ച്‌ പേടിച്ചെന്നോണം ഓടിപ്പോകുന്നത് കാണാം. എന്നാല്‍ മറ്റേ പെണ്‍കുട്ടി കൈകള്‍ കുടഞ്ഞ്, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തമായാണ് അവിടെ നിന്നും നടന്നുനീങ്ങിയത്.

കെട്ടിടത്തില്‍ നിന്നും പെട്ടെന്ന് നിലവിളി ശബ്ദം കേട്ടതായി സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. ലിഫ്റ്റിന് സമീപം ആരെങ്കിലും വഴക്കിടുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ താഴത്തെ നിലയില്‍ കുഞ്ഞിന്റെ അമ്മ കരഞ്ഞ് സഹായം അഭ്യർത്ഥിക്കുന്നത് കണ്ട് ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ പോലും വിശ്വസിക്കാൻ കഴിയാത്ത ക്രൂരത പുറത്തുവന്നത്.

യുഎഇയില്‍ നിർമ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന സ്വദേശിയായ സജ്ജാദ് ഹുസൈന്‍റെ മകനാണ് മരിച്ച അർഷ്മാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎഇയില്‍ പ്രവാസിയാണ് സജ്ജാദ്. അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകള്‍ക്കും ഒടുവിലാണ് അർഷ്മാൻ ജനിക്കുന്നത്. കുടുംബത്തിന്റെ ജീവനായിരുന്നു കുഞ്ഞ്. ഇവർക്ക് രണ്ട് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് കൂടിയുണ്ട്.

ഒരു അമ്മ കുട്ടിയെ വിളിക്കുന്നത് പോലെയാണ് ആ പെണ്‍കുട്ടി എന്‍റെ മകനെ അങ്ങോട്ട് വിളിച്ചത്. അവരെ വിശ്വസിച്ച്‌ അവൻ ഓടിച്ചെന്നു. ഒരാള്‍ വാതില്‍ അടച്ചുപിടിച്ചു, മറ്റേയാള്‍ എന്റെ കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞു. വെറും നിമിഷങ്ങള്‍ക്കുള്ളിലാണ് എല്ലാം കഴിഞ്ഞത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല'- പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു.

സംഭവം നടന്നയുടൻ ഷാർജ പൊലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെണ്‍കുട്ടികള്‍ക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈല്‍ഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.

 ഇത്രയും ചെറിയ പെണ്‍കുട്ടികള്‍ക്ക് ഒരു കുഞ്ഞിനോട് ഇത്തരമൊരു ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്നും ഇതിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്നും വ്യക്തമല്ല. ദുരന്തത്തിന് പിന്നാലെ തകർന്ന ഈ കുടുംബം താല്ക്കാലികമായി പാകിസ്ഥാനിലേക്ക് മടങ്ങിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !