മുംബൈ: ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെങ്കില്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.
തനിക്ക് നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, ഏത് സാധാരണ പ്രവര്‍ത്തകനും ചുമതല കൈമാറാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം.ഞാന്‍ പോരാട്ടം നിര്‍ത്തില്ല. എന്നാല്‍, ഈ പദവിക്ക് ഞാന്‍ യോഗ്യനല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ദിവസം ഞാന്‍ ഈ കസേര ഒഴിഞ്ഞുതരും. ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അത് സംഭവിക്കില്ല. ഞാന്‍ ഉത്തരവുകള്‍ നല്‍കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. നമ്മെ ചതിക്കുന്നവരെ തകര്‍ക്കാന്‍ ബാല്‍സാഹേബ് (ബാല്‍ താക്കറെ) നേരത്തെ തന്നെ ഉത്തരവ് നല്‍കിയിട്ടുണ്ട്' -പാര്‍ട്ടിയുമായി അകലുകയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത ആറ് എംപിമാരെ ഉന്നമിട്ട് ഉദ്ധവ് പറഞ്ഞു.
ഈ ആഴ്ച ആദ്യം, ഉദ്ധവ് പക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി ഒന്‍പത് ലോക്സഭാ എംപിമാരില്‍ ആറുപേര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേരാന്‍ ഒരുങ്ങുന്നതായി പറയപ്പെടുന്ന വിമത എംപിമാര്‍, ഉദ്ധവ് വിളിച്ചുചേര്‍ത്ത നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഒഴിവാക്കിയതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. എംപിമാര്‍ പാര്‍ട്ടി വിട്ടുപോയ സംഭവത്തില്‍ വോട്ടര്‍മാരോട് ഉദ്ദവ് താക്കറെ ക്ഷമാപണം നടത്തി.താന്‍ നേതാക്കള്‍ക്ക് അപ്രാപ്യനാണെന്ന് കുറ്റപ്പെടുത്തിയ കൂറുമാറ്റക്കാരെ ലക്ഷ്യമിട്ട്, ശിവസേനയാണ് പലരെയും ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് താക്കറെ ഓര്‍മിപ്പിച്ചു. താന്‍ ഇല്ലായിരുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസുമായുള്ള ശിവസേന (ഉദ്ധവ് വിഭാഗം) സഖ്യത്തെ ന്യായീകരിച്ച താക്കറെ, കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി ലയിക്കുമെന്ന അഭ്യൂഹം തള്ളി. ഈ ലയന വാര്‍ത്തയാണ് അടുത്തിടെയുണ്ടായ കൂറുമാറ്റങ്ങള്‍ക്ക് കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
30 വര്‍ഷം ഞങ്ങള്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നിട്ടും ബിജെപിയില്‍ ലയിച്ചിട്ടില്ലെങ്കില്‍, ഞങ്ങള്‍ എങ്ങനെ കോണ്‍ഗ്രസില്‍ ലയിക്കും?' -അദ്ദേഹം ചോദിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അവര്‍ 'മാതോശ്രീ'യെ (താക്കറെയുടെ വസതി) ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്, കോണ്‍ഗ്രസ് ബിജെപിയുടെ ഹിന്ദുത്വയേക്കാള്‍ ഭേദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കി ഉദ്ധവ് ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുത്തുവെന്ന് ഷിന്‍ഡെ കുറ്റപ്പെടുത്തി. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാല്‍് താക്കറെയുടെ ദര്‍ശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് തന്റെ വിഭാഗമാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു.
2022ല്‍ ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ഇപ്പോള്‍ നേരിടുന്നത്. ഉദ്ധവ് പക്ഷത്തെ ഒന്‍പത് ലോക്സഭാ എംപിമാരില്‍ ആറുപേര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിയുകയും എതിര് വിഭാഗത്തിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്കി പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
പാര്‍ട്ടി ബാല്‍സാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും കോണ്‍ഗ്രസുമായുള്ള യുബിടി സേനയുടെ വര്‍ദ്ധിച്ചുവരുന്ന അടുപ്പത്തില്‍ ആശങ്കയുണ്ടെന്നുമാണ് വിമതര്‍ ആരോപിക്കുന്നത്. എന്നാല്‍ താക്കറെ വിഭാഗം ഈ അവകാശവാദങ്ങള്‍ തള്ളിക്കളയുകയും, വിമത എംപിമാര്‍ക്ക് നോട്ടീസ് അയച്ച് അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.