കോഴിക്കോട്:: സംസ്ഥാനത്ത് ആശങ്ക പടർത്തി ഷിഗല്ല ബാധയുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വർദ്ധനവ്. കഴിഞ്ഞ വർഷം ജൂണ്‍ ആറ് വരെ 61 പേർക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കില്‍, ഈ വർഷം ഇതേ കാലയളവില്‍ അത് 155 ആയി ഉയർന്നു.
രോഗവ്യാപനം അതിരൂക്ഷമാകുന്നതിനിടെ ആരോഗ്യവകുപ്പിന്റെ കണക്കുകളിലെ പൊരുത്തക്കേടുകളും വലിയ രീതിയില്‍ ചർച്ചയാകുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഈ വർഷം 155 പേർക്ക് രോഗം ബാധിക്കുകയും (85 സ്ഥിരീകരിച്ചവർ, 70 സംശയിക്കപ്പെടുന്നവർ) രണ്ടു മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തപ്പോള്‍, സംസ്ഥാനത്ത് 126 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്.ഔദ്യോഗിക കണക്കുകളിലെ ഈ അവ്യക്തത ജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ഒരുപോലെ കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഈ മാസം മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ച് പേരില്‍ രോഗലക്ഷണം സംശയിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് നാല് വയസ്സുകാരി മരണപ്പെട്ടത് ആരോഗ്യ പ്രവർത്തകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗബാധ ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍, തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അടിയന്തര നിർദേശം നല്‍കി.ഹോട്ടലുകളില്‍ യാതൊരു കാരണവശാലും സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും പൂർണ്ണമായും തിളപ്പിച്ചാറ്റിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാവൂ എന്നും കർശനമായ ഉത്തരവുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
പ്രധാനമായും മലിനമായ ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. കുടലിനെ നേരിട്ട് ബാധിക്കുന്ന ഈ രോഗാണു ശരീരത്തിലെത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക.
വയറിളക്കം, പനി, കടുത്ത വയറുവേദന, ഛർദ്ദി, അമിതമായ ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ രോഗികളിലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ലെങ്കിലും, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ രോഗം മൂർച്ഛിച്ചാല്‍ മരണസാധ്യത വളരെ കൂടുതലാണ്.തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന കടുത്ത നിർജലീകരണവും കുട്ടികളില്‍ അപസ്മാരം വരാനുള്ള സാധ്യതയും രോഗത്തെ കൂടുതല്‍ അപകടകരമാക്കുന്നു. അതിനാല്‍ വ്യക്തിശുചിത്വവും ആഹാര-ശുദ്ധജല ശുചിത്വവും കർശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.