ഡബ്ലിൻ ;''ഏതാനും മാസങ്ങള്‍ മുമ്പാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പരിചയക്കാരില്‍ ഒരാള്‍ ജയിലിലായത്.
സംഗതി ഭാര്യയെ തല്ലി എന്നതാണ്, വീടു പൂട്ടി പുറത്തുപോയി. തിരിച്ചു വരുമ്പോള്‍ വീട്ടില്‍ പൊലീസ്, ബഹളം, പിന്നാലെ കൈവിലങ്ങ്, അറസ്റ്റ്, ഒരു മാസത്തിലേറെ നീളുന്ന ജയില്‍. ഇറങ്ങിയ സുഹൃത്തു പറഞ്ഞതു കേട്ടാണു ഞെട്ടിയത്, ഇവന്‍ കിടന്ന ജയിലില്‍ മൂന്നു മലയാളികള്‍ കൂടി ഉണ്ടായിരുന്നത്രെ. പലരും പിന്നീടു ജാമ്യത്തില്‍ ഇറങ്ങി. അപ്പോള്‍ യുകെയില്‍ ആകെ ജയിലുകളില്‍ ഇത്തരം കേസുകളിലായി എത്ര മലയാളികളുണ്ടാകും എന്നാണ് ആലോചിച്ചു പോയത്.''ലണ്ടനിലെ ഒരു തണുത്ത രാത്രി. അയൽപക്കത്തെ മലയാളി വീട്ടിൽ നിന്നു നിലവിളികൾ കേട്ട് ഇംഗ്ലീഷുകാര്‍ ആരോ വിളിച്ചു പറഞ്ഞാണു പൊലീസ് എത്തുന്നത്. ഉയര്‍ന്ന വരുമാനമുള്ള യുകെ പൗരത്വമുള്ള യുവാവ്. കൈവിലങ്ങുമായി ഇയാളെ പൊലീസ് കൊണ്ടുപോകുമ്പോൾ, നോക്കി നില്‍ക്കുന്ന പറക്കമുറ്റാത്ത നാലു കുരുന്നുകള്‍, ഇവിടെ തകർന്നുപോകുന്നത് ഒരു കുടുംബം മാത്രമല്ല, കേരളത്തിൽ നിന്ന് നെയ്തുകൂട്ടി പെട്ടിയിലാക്കി യുകെയില്‍ എത്തിച്ച കുറെ സ്വപ്നങ്ങൾ കൂടിയാണ്.
സമാനസംഭവം അടുത്തിടെ ഇംഗ്ലണ്ടിലെ ലിവര്‍പൂളിനടുത്താണ്, ഭാര്യ സ്ഥിര താമസ വീസയില്‍. ഭര്‍ത്താവിന് ഒരു വര്‍ഷംകൂടി കാത്തിരിക്കണം സ്ഥിര താമസ വീസയ്ക്ക്. ഒന്നും രണ്ടും പറഞ്ഞുടക്കിയപ്പോള്‍ ഭാര്യയുടെ ആത്മഹത്യാ ശ്രമം. കയ്യില്‍ കത്തിവച്ചു കുത്തിവരഞ്ഞു ചോര കാട്ടി പേടിപ്പിക്കാന്‍ ഒരു ശ്രമം. അങ്ങനെയല്ല, ഇങ്ങനെ എന്നു പറഞ്ഞു ഭര്‍ത്താവു കത്തി വാങ്ങി ഞരമ്പു തന്നെ മുറിച്ചു. മുറി രക്തക്കളമായതോടെ ഭയന്ന യുവതി ഭര്‍ത്താവിനോട് ആശുപത്രിയില്‍ എത്തിക്കാന്‍ കേണു.
സ്ഥലത്തു നിന്നു രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ കോളറില്‍ പിടിച്ചു നിര്‍ത്തി ആംബുലന്‍സ് വിളിച്ചു വരുത്തി. ഇതിനിടെ കുതറി രക്ഷപെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി, മിനിറ്റുകള്‍ക്കുള്ളില്‍ ഹെലികോപ്റ്ററും എത്തി തിരച്ചിലിനു നേതൃത്വം നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് എത്തിയപ്പോഴാണു കാര്യങ്ങള്‍ മാറി മറിഞ്ഞത്, ഭര്‍ത്താവിനെതിരെ മൊഴി നല്‍കരുതെന്ന് ചുറ്റുമുള്ളവര്‍ ഉപദേശിച്ചു. മൊഴി മാറ്റിയതു കൊണ്ടു മാത്രം അറസ്റ്റൊഴിവായ ഇയാള്‍ പൊലീസ് വിട്ടയച്ചതോടെ നാട്ടിലേയ്ക്കു കടന്നിട്ടുണ്ട്.
കുടുംബത്തെ ഒന്നിപ്പിക്കാനാണു ചുറ്റുമുള്ളവരുടെ ശ്രമം. ഇനി ഇതൊന്നും ആവര്‍ത്തിക്കില്ലെന്നും ആ പെണ്‍കുട്ടി കൊല്ലപ്പെടില്ലെന്നും എന്തുറപ്പാണുള്ളത് എന്ന ചോദ്യത്തിനു മാത്രം ആര്‍ക്കും മറുപടിയില്ല. ∙ഇഡലിയുണ്ടാക്കണോ, ദോശ വേണോ? എല്ലാവരും യുകെയ്ക്കു പോകുന്നു. എന്നാല്‍ നാട്ടിലെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ചു യുകെയ്ക്കു വച്ചു പിടിച്ചേക്കാം എന്നു കരുതിയാണ് കണ്ണൂര്‍ സ്വദേശി സന്തോഷ് ഭാര്യ സീമയെ യുകെയിലേയ്ക്കു സ്റ്റുഡന്‍റ് വീസയ്ക്കു കയറ്റി വിടുന്നത്. പേരുകള്‍ പതിവുപോലെ സാങ്കല്‍പികം. സംഭവം യാഥാര്‍ഥ്യം.
സാമ്പത്തികമായി കാര്യമായ നിക്ഷേപം ഇല്ലാത്തതിനാല്‍ രണ്ടു പേരും സ്വന്തം വീടുകളില്‍ നിന്നു പരമാവധി ലോണെടുപ്പിച്ചാണ് ആദ്യ ഘട്ട ഫീസടച്ചതും ചെലവിനുള്ള പണം കാണിച്ചതും. ആദ്യം യുകെ മാഞ്ചസ്റ്ററില്‍ എത്തിയ ഭാര്യ താമസിക്കുന്നത് വിദ്യാര്‍ഥികള്‍ മുറികള്‍ പങ്കുവയ്ക്കുന്ന വീട്ടില്‍. അപരിചിതരുമായുള്ള അകലം പതുക്കെ ഇല്ലാതായപ്പോള്‍ 30 കടന്നിട്ടില്ലാത്ത യുവതി എത്തിയത് മറ്റൊരു ലോകത്ത്.
ഭര്‍ത്താവും മക്കളും എല്ലാമായുള്ള കഷ്ടപ്പെട്ട ജീവിതത്തെക്കാള്‍ ആഘോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ജീവിതം.
മദ്യപാനം, ലഹരി - ജീവിതം പുതിയ തലത്തിലേയ്ക്ക്. ഭര്‍ത്താവ് എത്തിയപ്പോള്‍ ഭാര്യയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടു പകച്ചു. കാര്യങ്ങള്‍ വാക് തര്‍ക്കങ്ങളില്‍ നിന്ന് അടിപിടി വരെ എത്തിയതു നമുക്കു നാട്ടില്‍ സ്വാഭാവികം. കൂട്ടുകാരുടെ പിന്തുണ കൂടി ആയതോടെ യുവാവിനെ പടിയടച്ചു പിണ്ഡം വച്ചു യുവതി.
കൊടും തണുപ്പില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിയ രാത്രികള്‍ ഇന്നു യുവാവിനു പേടി സ്വപ്നമാണ്. ഓര്‍ക്കുമ്പോള്‍, ജയിലില്‍ പോകാതെ നാട്ടില്‍ തിരിച്ചെത്തിയതു ഭാഗ്യം എന്നു കണക്കു കൂട്ടുന്നു യുവാവ്. പിന്നീട് എപ്പോഴോ സംസാരിച്ചപ്പോള്‍ അവള്‍ പറഞ്ഞത് രാവിലെ ഇഡലിയുണ്ടാക്കണോ, ദോശ വേണോ കറിക്കുള്ള പരിപ്പു വെള്ളത്തില്‍ ഇടണോ എന്നൊന്നും ആലോചിക്കാതെ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നു എന്നാണ്.
ഏകാന്തതയുടെ ദുഖവും മാറിമാറി വരുന്ന കാമുകന്‍മാരുടെ അവഗണനയുമെല്ലാം പിന്നീടവള്‍ തിരിച്ചറിഞ്ഞതും പങ്കുവച്ചു. പക്ഷേ അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. അല്ലെങ്കിലും എനിക്കവനോടു പ്രേമം തോന്നുന്നില്ല എന്ന ന്യായവും.വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്നേ.. ലക്ഷങ്ങള്‍ മുടക്കി ആഘോഷകരമായി നാട്ടില്‍ നടത്തിയ വിവാഹം കഴിഞ്ഞു ഭാര്യയും ഭര്‍ത്താവും യുകെയില്‍ എത്തിയിട്ടു വര്‍ഷം പൂര്‍ത്തിയായിട്ടില്ല.
ഭര്‍ത്താവു ജയിലില്‍ നിന്ന് ഇറങ്ങിയത് ഒരാഴ്ച മുമ്പാണ്.
സംഭവം ഇംഗ്ലണ്ടിലെ കെന്‍റില്‍. സ്ഥലപ്പേരു മാറ്റണമെന്നില്ല, കഥ സാങ്കല്‍പികവുമല്ല. ജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ കല്ലുകടി. പറഞ്ഞാല്‍ കേള്‍ക്കാത്ത ഭാര്യ എന്ന ഭര്‍ത്താവിന്‍റെ പരിഭവം. ഞാനില്ലായിരുന്നെങ്കില്‍ യുകെ കാണില്ലായിരുന്നു എന്ന ഭാര്യയുടെ മറുപടി. ആണ്‍ ദുരഭിമാനവും പെണ്‍ അഹന്തയും ഉയര്‍ത്തെഴുന്നേറ്റ രാത്രി അവര്‍ പരസ്പരം ഏറ്റുമുട്ടി. പിച്ചിയും മാന്തിയും പരസ്പരം മുറിവേല്‍പിച്ചു. ഞാന്‍ പൊലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോള്‍ നീ വിളി, എനിക്കു പുല്ലാണെന്നു മറുപടി.
എന്നാല്‍ വിളിച്ചിട്ടു തന്നെയെന്നു ഭാര്യയും. ഒടുവില്‍ പൊലീസെത്തി അറസ്റ്റു ചെയ്തു കൊണ്ടുപോയപ്പോള്‍ ഭാര്യയ്ക്കു സങ്കടം, എന്നാലും ഞങ്ങള്‍ ഇത്രനാള്‍ ഒരുമിച്ചു കഴിഞ്ഞതല്ലേ എന്ന്.അവന്‍ അവളെ ഉപദ്രവിച്ച മുറിവുകള്‍ കണ്ട പൊലീസിനു പോലും സഹിക്കാനായില്ലത്രെ. അല്‍പം സ്നേഹം എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവന്‍ ഇവളെ ഇങ്ങനെ ഉപദ്രവിക്കുമായിരുന്നോ എന്നാണു വക്കാലത്തുമായി ചെന്നയാളോടു പൊലീസിന്‍റെ ചോദ്യം. എന്നിട്ടും പൊലീസിനെ വിളിക്കേണ്ടായിരുന്നു എന്നവള്‍ പരിതപിക്കുമ്പോഴേയ്ക്കു കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും എങ്ങനെ ഫേസ് ചെയ്യും എന്ന സങ്കടം വേറെ. ഇരുവരും തീരുമാനിച്ചാലും ഇരുവര്‍ക്കും ഒരേ വീട്ടില്‍ താമസിക്കാന്‍ യുകെ പൊലീസ് സമ്മതിക്കില്ല.
ഇപ്പോള്‍ വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. - ഇങ്ങനെ എത്രയെത്ര സംഭവകഥകള്‍. ∙മാറുന്ന കുടുംബ സാഹചര്യങ്ങൾ കേരളത്തിൽ നിന്ന് യുകെയിലേക്ക്യ്ക്കു കുടിയേറുമ്പോൾ ഭാര്യാ ഭർത്താക്കന്മാർക്കിടയില്‍ സംഭവിക്കുന്ന 'റോൾ റിവേഴ്സൽ' പലപ്പോഴും ഈഗോ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി 20 വര്‍ഷമായി യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന സീനിയര്‍ മെന്റല്‍ ഹെല്‍ത് പ്രാക്ടീഷണര്‍ ജിജോ തോമസ് കാവുങ്കല്‍ പറയുന്നു. കഴിഞ്ഞു മൂന്നു മാസത്തിനിടെ ജയിലിലായ അഞ്ചു പേര്‍ക്കെങ്കിലും പുനരധിവാസത്തിനു സഹായം ചെയ്യേണ്ടി വന്നതായും ഇദ്ദേഹം പറയുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകൾക്കെതിരെ പുരുഷൻ നടത്തുന്ന ഗാർഹിക പീഡനങ്ങൾ ഇന്നു യുകെയിൽ വർധിച്ചുവരികയാണ്. കേരളത്തിലെ പോലെ പരാതി ഒതുക്കിത്തീർക്കാൻ ഇവിടെ ആരുമില്ലെന്ന തിരിച്ചറിവു പലര്‍ക്കും വൈകിയാണുണ്ടാകുന്നത്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ ഓരോ മാസവും വര്‍ധിച്ചത് കടുത്ത ആശങ്കയ്ക്കു വഴിവയ്ക്കുന്നതായും അദ്ദേഹം പറയുന്നു. ∙അവിഹിത ബന്ധങ്ങളും സോഷ്യൽ മീഡിയയും എല്ലാ രാജ്യങ്ങളിലെയും എന്നതു പോലെ യുകെയിലാണെങ്കിലും മലയാളികള്‍ കടുത്ത ഏകാന്തത നേരിടേണ്ടി വരുന്നു. പറഞ്ഞു വന്നാല്‍ നല്ലൊരു പങ്കു കുടുംബാംഗങ്ങളും ഓരോ തുരുത്തുകളിലാണു കഴിയുന്നത്. നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭാവം സൃഷ്ടിക്കുന്ന ഏകാന്തത മാറ്റാൻ പലരും അഭയം പ്രാപിക്കുന്നത് സോഷ്യൽ മീഡിയയിലാണ്.
പുതിയ ബന്ധങ്ങള്‍ക്കും പഴയ ബന്ധങ്ങള്‍ പൊടി തട്ടി പുറത്തെടുക്കാനുമെല്ലാം ഇതു കാരണമാകുന്നു.
അവിഹിത ബന്ധങ്ങളിലേക്കും കുടുംബങ്ങളുടെ തകർച്ചയിലേക്കും നയിക്കുന്നതും ഇത്തരം സാഹചര്യങ്ങള്‍ തന്നെ. വർക്ക് പ്ലേസിലെ അടുപ്പങ്ങൾ അതിരുവിടുന്നതും കലഹങ്ങളിലേയ്ക്കും ജയില്‍ ജീവിതങ്ങളിലേയ്ക്കും വിവാഹമോചനങ്ങളിലേയ്ക്കും വരെ എത്തിക്കുന്നതുമായ സംഭവങ്ങള്‍ നിരവധിയാണ്.പരിഹാരമാര്‍ഗങ്ങള്‍ വിവാഹ ബന്ധത്തിലേയ്ക്കു കടക്കുന്ന യുവാക്കള്‍ക്കിടയില്‍ പരമ്പരാഗത നിലപാടുകളില്‍ നിന്നു മാറി ചിന്തിക്കേണ്ട ആവശ്യം ബോധ്യപ്പെടുത്തുക എന്നതു പ്രധാനമാണ്.
കുടുംബ ബന്ധങ്ങളിൽ പരസ്പര ബഹുമാനവും വിട്ടുവീഴ്ചാ മനോഭാവവും വളർത്തുക എന്നതാണ് അനിവാര്യം.
ഇത്തരം പ്രശ്നങ്ങളിലേയ്ക്കു കാര്യങ്ങള്‍ കടക്കും മുമ്പ്, അതായതു പ്രശ്നങ്ങൾ വഷളാകുന്നതിന് മുൻപു പ്രൊഫഷണൽ കൗൺസിലിങ് തേടുക എന്നതാണു പരിഹാര മാര്‍ഗം. യുകെയിലെ നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണവും ദമ്പതികൾക്ക് അനിവാര്യമാണ്. ∙'അടി' മാത്രമല്ല കുറ്റം യുകെയിലെ നിയമമനുസരിച്ചു ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലുണ്ടാകുന്ന ശാരീരികമായ ഉപദ്രവം മാത്രമല്ല ശിക്ഷാർഹമായ കുറ്റം. 'കോയേഴ്സീവ് കൺട്രോൾ' (Coercive Control) എന്നത് അവിടെ വലിയ കുറ്റമാണ്. ഇതില്‍ സാമ്പത്തിക നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടും. പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് നിയന്ത്രിക്കുക, ചെലവുകൾക്ക് പണം നൽകാതിരിക്കുക തുടങ്ങിയവയാണ് പരിധിയിലുള്ളത്.
വൈകാരിക പീഡനവും നിരീക്ഷണവും ഇതേ പട്ടികയില്‍ വരുന്നുണ്ട്.
ഭീഷണിപ്പെടുത്തുക, കുറ്റപ്പെടുത്തുക, ഒറ്റപ്പെടുത്തുക എന്നതിനു പുറമേ പങ്കാളിയുടെ ഫോൺ പരിശോധിക്കുക, അവർ ആരെ കാണണം എന്ന് തീരുമാനിക്കുക എന്നിവയെല്ലാം ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും. ∙കുട്ടികളുടെ സംരക്ഷണവും സോഷ്യൽ സർവീസും യുകെയിലെ നിയമങ്ങൾ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണു നൽകുന്നത്. മാതാപിതാക്കൾ തമ്മിലുള്ള കലഹം കുട്ടികൾ കാണാനിടയായാൽ അത് 'Emotional Abuse' ആയി കണക്കാക്കും. വീട്ടിൽ പൊലീസ് എത്തിയാൽ അവർ തീർച്ചയായും സോഷ്യൽ സർവീസിനെ വിവരം അറിയിക്കും. മാതാപിതാക്കൾക്കിടയിലെ പ്രശ്നങ്ങൾ കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നു കണ്ടാൽ, കുട്ടികളെ സർക്കാരിന്റെ സംരക്ഷണയിലാക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
ഇത് പല മലയാളി കുടുംബങ്ങളും തിരിച്ചറിയുന്നില്ലെന്നതാണു വസ്തുത.ക്ലെയേഴ്സ് ലോ (Clare's Law) യുകെയിൽ തന്റെ പങ്കാളിയ്ക്ക് മുൻപ് ഏതെങ്കിലും തരത്തിലുള്ള അക്രമ സ്വഭാവമോ ക്രിമിനൽ പശ്ചാത്തലമോ ഉണ്ടോ എന്ന് പൊലീസിനോടു ചോദിച്ചറിയാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഇതിനെ Domestic Violence Disclosure Scheme (DVDS) എന്ന് വിളിക്കുന്നു. പുതിയ ബന്ധങ്ങളിലേക്ക് പോകുന്നവർക്ക് ഇത് ഉപകാരപ്രദമാണ്. പ്രത്യേകിച്ചും യുകെയില്‍ നിന്നു തന്നെ ബന്ധം അന്വേഷിക്കുന്നവരുടെ കാര്യത്തില്‍. ∙"നാട്ടുകാർ എന്തു പറയും" - പൊലീസ് നേരിടുന്ന വെല്ലുവിളി "നാട്ടുകാർ എന്തു പറയും" എന്ന പേടിയിൽ പലരും പ്രശ്നങ്ങൾ കുടുംബങ്ങളില്‍ ഒതുക്കുന്നു.
ഇത് പിന്നീടു വലിയ പൊട്ടിത്തെറികളിലേക്കും ചിലപ്പോള്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വലിയ കേസുകളിലേയ്ക്കും അതിന്‍റെ നിയമക്കുരുക്കുകളിലേക്കും നയിക്കുന്നു. തല്‍ക്കാലം ക്ഷമിക്കാനുള്ള ചുറ്റുമുള്ളവരുടെ ഉപദേശം കേള്‍ക്കുന്നവരെ ഒരുപക്ഷെ നാളേയ്ക്കു കാത്തിരിക്കുന്നതു വലിയ ദുരന്തമായിരിക്കാം. ∙തൊഴിൽ സമ്മർദമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഭാര്യയും ഭര്‍ത്താവും മാറി മാറിയുള്ള ഷിഫ്റ്റില്‍ ജോലികൾ ചെയ്യുമ്പോൾ പരസ്പരം സംസാരിക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥയുണ്ടാകുന്നു. കുഞ്ഞുങ്ങള്‍ കൂടി ഉള്ളവരുടെ കാര്യം പറയുകയും വേണ്ട. മിക്കപ്പോഴും വലിയ സാമ്പത്തിക ബാധ്യത തലയിലേറ്റി യുകെയില്‍ എത്തിയവരുടെ കാര്യത്തില്‍ കഠിന ഷിഫ്റ്റുകളില്‍ ജോലി ചെയ്താല്‍ മാത്രമാകും സാമ്പത്തിക ബാധ്യതയില്‍ നിന്നു മോചനമുണ്ടാകുക.
അതിനായി പണിയെടുക്കുന്നതിനിടെയുണ്ടാകുന്ന കമ്മ്യൂണിക്കേഷൻ ഗ്യാപ് കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതാക്കും എന്നു മാത്രമല്ല, ഭാവിയില്‍ വലിയ അപകടങ്ങളില്‍ ചെന്നു ചാടുന്നതിനും കാരണമായേക്കാം. ∙ഡിപെൻഡന്റ് വിസയിലെ നിസ്സഹായത പങ്കാളിയുടെ വീസയിൽ എത്തുന്നവർ പലപ്പോഴും പീഡനങ്ങൾ സഹിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ യുകെയിൽ ഇതിനായി പ്രത്യേക പരിരക്ഷകളുണ്ട്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു വിവാഹ മോചിതരാകേണ്ടി വരുന്നവര്‍ക്കു ഐഎല്‍ആറിനായി അപേക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
പരിഹാരമാർഗങ്ങളും സഹായസംഘടനകളും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കു പ്രശ്ന പരിഹാരത്തിനായി നിരവധി മാര്‍ഗങ്ങള്‍ യുകെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ജനറല്‍ പ്രാക്ടീഷണറുടെ സഹായം - ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുന്നവർക്ക് തങ്ങളുടെ ഫാമിലി ഡോക്ടറോട് സംസാരിക്കാന്‍ അവസരമുണ്ട്. ഇവർ കൃത്യമായ കൗൺസിലിങ്ങും സഹായവും ലഭ്യമാക്കും. ∙സഹായ സംഘടനകൾ ∙National Domestic Abuse Helpline: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകള്‍ ഇവിടെയുണ്ട് (0808 2000 247). അടിയന്തര ഘട്ടത്തില്‍ സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം നൽകുന്ന സംവിധാനം യുകെയിലുണ്ട്.
സ്ത്രീകള്‍ക്കു മാത്രമല്ല, പീഡനം അനുഭവിക്കുന്ന പുരുഷന്മാർക്കുള്ള സഹായമായി മെന്‍സ് അഡ്വൈസ് ലൈനുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ∙മലയാളി അസോസിയേഷനുകൾ: യുകെയില്‍ പ്രാദേശിക തലങ്ങളിലായി ആയിരത്തിലേറെ മലയാളി അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ വ്യക്തികള്‍ക്കു സഹായ അഭ്യര്‍ഥന നടത്താവുന്നതാണ്.
അസോസിയേഷനുകളിൽ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുകയും നിയമബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുക എന്നത് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനു സാഹായിക്കും.യുകെയിൽ ഒരിക്കൽ പൊലീസ് കേസ് ആയാൽ പരാതിക്കാരൻ അത് പിൻവലിക്കാൻ തീരുമാനിച്ചാലും പൊലീസ് കേസ് തുടരാൻ സാധ്യതയുണ്ട്. നിയമം അതിന്റെ വഴിക്കു പോകുമെന്നതിനാൽ 'പെട്ടെന്നുള്ള ദേഷ്യത്തിൽ' ചെയ്യുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ വേട്ടയാടാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.