ബെൽഫാസ്റ്റ്: ഡൺമറി പോലീസ് സ്റ്റേഷന് നേരെ നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 66-കാരനെ കോടതിയിൽ ഹാജരാക്കി.
ബെൽഫാസ്റ്റിലെ ബീച്ച്‌മൗണ്ട് അവന്യൂവിൽ നിന്നുള്ള കീരൻ സ്മിത്ത് (Kieran Smyth) ആണ് ലിസ്ബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായത്. വധശ്രമം, സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കായി വസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങി അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 11:15-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈജാക്ക് ചെയ്ത ടാക്സിയിലാണ് സ്ഫോടകവസ്തുക്കൾ പോലീസ് സ്റ്റേഷന് മുന്നിലെത്തിച്ചത്. സംഭവം നടന്ന അന്ന് രാത്രി 10:09-ന് ബെൽഫാസ്റ്റിലെ ഒരു ചൈനീസ് റെസ്റ്റോറന്റിലേക്ക് ഭക്ഷണം ഓർഡർ ചെയ്ത ഫോൺ നമ്പറാണ് കേസിൽ നിർണ്ണായകമായത്.
ഭക്ഷണം ഡെലിവറി ചെയ്യാൻ എത്തിയ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ ഗ്യാസ് സിലിണ്ടർ ബോംബ് സ്ഥാപിക്കുകയായിരുന്നു. 30 മിനിറ്റിനുള്ളിൽ വാഹനം പോലീസ് സ്റ്റേഷന് മുന്നിലെത്തിക്കാനായിരുന്നു നിർദ്ദേശം.
ഡ്രൈവർ ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. സമീപത്തെ വീടുകൾക്കും മറ്റും വലിയ നാശനഷ്ടങ്ങൾ സംഭവിക്കാമായിരുന്നുവെന്നും ആർക്കെങ്കിലും ജീവഹാനി വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ സാഹചര്യമായിരുന്നു അതെന്നും കോടതി വിലയിരുത്തി.
സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ഫോൺ സിം ടോപ്പ്-അപ്പ് ചെയ്ത കടയിലെ ദൃശ്യങ്ങളിൽ സ്മിത്തിനെ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രാൻസാക്ഷന് തൊട്ടുപിന്നാലെ സ്മിത്തിന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ടോപ്പ്-അപ്പ് നടന്നതായി പോലീസ് കണ്ടെത്തി. എന്നാൽ, പ്രതിക്ക് ഇതിൽ പങ്കില്ലെന്നും മതിയായ തെളിവുകളില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എങ്കിലും പ്രാഥമിക തെളിവുകൾ സ്മിത്തിനെതിരാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയും ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. കേസ് മെയ് 18-ന് വീണ്ടും പരിഗണിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.