യുകെ : അതിദാരുണമായ ഒരു വിയോഗ വാര്‍ത്തയാണ് അല്പം മുന്‍പ് നോട്ടിന്‍ഹാമില്‍ നിന്നും യുകെ മലയാളികളെ തേടി എത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി പ്രദേശത്തെ നഴ്സിങ് ഹോമില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ സമയം ആകുമ്പോഴേക്കും തലവേദനയും വിമ്മിഷ്ടവും തോന്നിയതിനെ തുടര്‍ന്ന് തിരുവല്ല സ്വദേശിയും പ്രദേശത്തെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ താരവും ആയിരുന്ന അജയ് പോള്‍ എന്ന യുവവാണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയിരിക്കുന്നത്.അജയിന് അസ്വസ്ഥത തോന്നിയതോടെ വീട്ടില്‍ നിന്നും ഭാര്യയെ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ അല്പം ആശ്വാസം തോന്നിയതിനെ തുടര്‍ന്ന് ഏക മകളെ സ്കൂളില്‍ ആക്കിയ ശേഷം ഹോസ്പിറ്റലിലേക്ക് പോകാം എന്ന ചിന്തയോടെയാണ് ഇരുവരും നഴ്സിങ് ഹോമില്‍ നിന്നും പുറത്തിറങ്ങിയത്. എന്നാല്‍ നഴ്സിങ് ഹോം മുറ്റത്തു തന്നെ കുഴഞ്ഞു വീഴുക ആയിരുന്നു അജയ് പോള്‍.
ഇതോടെ ഓടിക്കൂടിയ സഹപ്രവര്‍ത്തകര്‍ സിപിആര്‍ നല്കി ജീവന് രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. പത്തു മിനിറ്റിനകം പാഞ്ഞെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ അജയിന്റെ ജീവന് തിരിച്ചു പിടിക്കാനുള്ള ശ്രമവും ആയാണ് അതിവേഗം ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ തീവ്ര പരിചരണം നല്കവേ അജയില്‍ വീണ്ടും പള്‍സിന്റെ തുടിപ്പുകള്‍ കണ്ടതോടെ ജീവന് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ ഇതിനിടയില്‍ തന്നെ വീണ്ടും ഹൃദയാഘാതം സംഭവിച്ചു അജയ് പൂര്‍ണമായും മരണത്തിനു കീഴടങ്ങുക ആയിരുന്നു. ഇതോടെ അത്യധികം വേദന നിറഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ നോട്ടിങ്ഹാം മലയാളികള്‍ പരസ്പരം പങ്കുവയ്ക്കുന്നത്.
ഇന്നലെ രാത്രി മുഴുവന്‍ ഒപ്പം ജോലി ചെയ്തവരും കഴിഞ്ഞ ദിവസവും അജയിന് ഒപ്പം ക്രിക്കറ്റ് കളിച്ച സുഹൃത്തുക്കളും ഒക്കെ എങ്ങനെ തങ്ങള്‍ ഈ ഹൃദയ വേദന മറികടക്കും എന്ന് സ്വയം ചോദിക്കുകയാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ കുഴഞ്ഞു വീണ യുവാവിനെ കോരി എടുത്തു ജീവന് തിരികെ പിടിക്കാന്‍ നടത്തിയ ശ്രമം എങ്ങനെ കണ്മുന്നില് നിന്നും മായ്ച്ചെടുക്കാനാകും എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന അജയിന്റെ പ്രിയ സുഹൃത്ത് പങ്കുവച്ച അതി വൈകാരികമായ വിവരണം. അവന് അങ്ങനെ കീഴടങ്ങുന്ന ഒരാള്‍ അല്ലായിരുന്നു എന്നതിനാല്‍ അസ്വസ്ഥത പറഞ്ഞപ്പോള്‍ പോലും വീട്ടില്‍ പൊയ്ക്കൊള്ളാന്‍ സൂചിപ്പിച്ചപ്പോള്‍ ഷിഫ്റ്റ് തീര്‍ന്നിട്ട് പോകാമെന്ന മറുപടിയാണ് അജയ് നല്‍കിയത്. അതോടെ 41 കാരനായ യുവാവ് ഭയപ്പെടേണ്ട വിധം ഉള്ള അവസ്ഥയില്‍ അല്ലെന്നും സ്വാഭാവികമായും സഹപ്രവര്‍ത്തകരും കരുതിയിരിക്കണം.
അടുത്തകാലത്ത് യുകെയില്‍ എത്തിയ അജയിന്റെ ഭാര്യ പേനഴ്സ് ആയാണ് ജോലി ചെയുന്നത്. ഒന്‍പതു വയസുള്ള മകളാണ് ഈ ദമ്പതികള്‍ക്കുള്ളത് . അജയിന്റെ ഭാര്യയെയ്യും കുഞ്ഞിനേയും സമാശ്വസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് കടുംബ സുഹൃത്തുക്കള്‍. നടപടികള്‍ പൂര്‍ത്തിയാക്കാനായി മൃതദേഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പള്ളിയിലും മറ്റും സജീവ സാന്നിധ്യം ആയിരുന്ന അജയിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഒട്ടേറെ പേരുടെ പരിശ്രമം ആരംഭിച്ചു കഴിഞ്ഞു എന്ന സൂചനയും നോട്ടിന്‍ഹാമില്‍ നിന്നും ലഭിക്കുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.