ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി അഡ്‌മിറൽ കൃഷ്‌ണ സ്വാമിനാഥൻ ഞായറാഴ്‌ച ചുമതലയേറ്റു.
അഡ്‌മിറൽ ദിനേഷ് കുമാർ ത്രിപാഠിയുടെ പിൻഗാമിയായാണ് അദ്ദേഹം പദവിയിലെത്തിയത്. നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അഡ്മിറൽ സ്വാമിനാഥൻ.മേഖലയിലെ സുരക്ഷാ സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതും സങ്കീർണവും പ്രവചനാതീതവുമാണ് എന്ന് വിശേഷിപ്പിച്ച പുതിയ നാവികസേനാ മേധാവി, സേനയെ എപ്പോഴും പൂർണ സജ്ജമാക്കി നിർത്തുന്നതിനായിരിക്കും തൻ്റെ ഏറ്റവും ഉയർന്ന പരിഗണനയെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ദേശീയ താല്പര്യങ്ങൾ എവിടെയൊക്കെയാണോ, അവിടെയെല്ലാം അവ സംരക്ഷിക്കാൻ ഇന്ത്യൻ നാവികസേന സദാ സന്നദ്ധമാണ്. വെല്ലുവിളികളും സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിൽ സേന വളരെ സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി."നാവികസേനയുടെ വളർച്ചാ വേഗത നിലനിർത്തുക, നിലവിലുള്ള എല്ലാ പരിപാടികളും ഏകീകരിക്കുക, ആവശ്യമുള്ളിടത്ത് വികസിപ്പിക്കുക, പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി സൈനിക ശേഷികൾക്ക് മൂർച്ച കൂട്ടുക എന്നിവയാണ് തൻ്റെ ലക്ഷ്യം. ദേശീയ സുരക്ഷ, ദേശീയ വികസനം, ദേശീയ സാമ്പത്തിക അഭിവൃദ്ധി എന്നിവ നിറവേറ്റുന്നതിനായി എൻ്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാൻ സമർപ്പിക്കും. " അഡ്‌മിറൽ സ്വാമിനാഥൻ പറഞ്ഞു.
ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച സൈനിക പ്രൊഫഷണലുകളിൽ ഒരാളായി അഡ്മിറൽ ത്രിപാഠിയെ അദ്ദേഹം വിശേഷിപ്പിച്ചു. സംയുക്ത സൈനിക നീക്കങ്ങൾ, ആത്മനിർഭരത, തദ്ദേശീയവൽക്കരണം എന്നിവയോട് നാവികസേന പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അഡ്മിറൽ സ്വാമിനാഥൻ പറഞ്ഞു.
ആരാണ് വൈസ് അഡ്‌മിറൽ കൃഷ്‌ണ സ്വാമിനാഥൻ
1987 ജൂലൈ ഒന്നിന് ഇന്ത്യൻ നാവികസേനയിൽ നിയമിതനായ വൈസ് അഡ്‌മിറൽ സ്വാമിനാഥൻ കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നിവയിൽ ഒരു സ്പെഷ്യലിസ്റ്റാണ്. 2025 ജൂലൈ 31 ന് വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ 34-ാമത് ഫ്ലാഗ് ഓഫിസർ കമാൻഡിങ് -ഇൻ - ചീഫായി വൈസ് അഡ്‌മിറൽ സ്വാമിനാഥൻ ചുമതലയേറ്റു.
ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ബ്രിട്ടനിലെ ശ്രീവൻഹാമിലെ ജോയിൻ്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്, കരഞ്ചയിലെ കോളജ് ഓഫ് നേവൽ വാർഫെയർ, റോഡ് ഐൽസ്ലാൻഡിലെ ന്യൂപോർട്ടിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ വാർ കോളജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്.
പരം വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, വിശിഷ്‌ത് സേവാ മെഡൽ എന്നിവ നേടിയ അഡ്‌മിറലാണ്. തൻ്റെ നാവിക ജീവിതത്തിൽ നിരവധി പ്രധാന പ്രവർത്തന, സ്റ്റാഫ്, പരിശീലന നിയമനങ്ങൾ വഹിച്ച വ്യക്തിയാണ്. മിസൈൽ കപ്പലുകളായ ഐഎൻഎസ് വിദ്യുത്, വിനാഷ്, മിസൈൽ കോർവെറ്റ് ഐഎൻഎസ് കുലിഷ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മൈസൂർ, വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രമാദിത്യ എന്നിവയിലെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിയർ അഡ്‌മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം, കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലെ ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫിസറായി (പരിശീലനം) സേവനമനുഷ്‌ഠിച്ചു. ഇന്ത്യൻ നാവികസേനയിലുടനീളം പരിശീലന നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ നാവിക സുരക്ഷാ സംഘത്തെ വളർത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
തുടർന്ന് നാവികസേനയുടെ വർക്ക് അപ്പ് ഓർഗനൈസേഷൻ്റെ തലവനായി അദ്ദേഹം മാറി. ശേഷം വെസ്റ്റേൺ ഫ്ലീറ്റിലെ ഫ്ലാഗ് ഓഫിസർ കമാൻഡിംഗായി നിയമിതനായി. സ്വോർഡ് ആമിൻ്റെ കമാൻഡിങിന് ശേഷം, ഇന്ത്യൻ സർക്കാരിൻ്റെ ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പായ ഫ്ലാഗ് ഓഫിസറായും ഓഫ്‌ഷോർ സെക്യൂരിറ്റി ആൻഡ് ഡിഫൻസിൻ്റെ ഉപദേഷ്‌ടാവായും നിയമിതനായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വൈസ് അഡ്‌മിറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ, ഫ്ലാഗ് ഓഫിസർ വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫ്, കൺട്രോളർ ഓഫ് പേഴ്‌സണൽ സർവിസസ്, എൻഎച്ച്ക്യുവിൽ ചീഫ് ഓഫ് പേഴ്‌സണൽ എന്നീ പദവികൾ വഹിച്ചു. നിലവിലെ നിയമനത്തിന് മുമ്പ്, അദ്ദേഹം നേവൽ ഹെഡ്ക്വാർട്ടേഴ്‌സിൽ വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയി സേവനമനുഷ്‌ഠിച്ചു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം ബിരുദം നേടി. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ എംഎസ്‌സി, കൊച്ചി; ലണ്ടനിലെ കിങ്സ് കോളജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഎ, മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫിൽ, മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ സ്റ്റഡീസിൽ പിഎച്ച്ഡി എന്നിവ നേടി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.