ലണ്ടന്‍: യുകെയിലെ മില്‍ട്ടണ്‍ കെയ്ന്‍സില്‍ പ്രമുഖ മലയാളി ഡോക്ടര്‍ അച്ചാമ്മ ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 58 കാരനായ ഭര്‍ത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരം മില്‍ട്ടണ്‍ കെയ്ന്‍സിലെ വൂള്വര്ട്ടന് മില്‍ പ്രദേശത്തെ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം പാഞ്ഞെത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരണപ്പെട്ട നിലയിലായിരുന്നു. കൊലപാതകം നടന്നയുടന്‍ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന ഭര്‍ത്താവിനെ പോലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭര്‍ത്താവ് കസ്റ്റഡിയിലായ വിവരം ഇംഗ്ലണ്ടിലെ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഇയാളുടെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ പുറത്തുവിടാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതോടെ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങളും ഭര്‍ത്താവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ലഭ്യമാകൂ.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയും യുകെയില്‍ സ്കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഹിസ്റ്റോപതോളജിസ്റ്റുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.
എന്‍എച്ച്എസില്‍ (NHS) ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും കുടുംബജീവിതത്തില്‍ ഭര്‍ത്താവുമായി കടുത്ത അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ ദമ്പതികള്‍ തമ്മിലുണ്ടായ കടുത്ത വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ദമ്പതികള്‍ മില്‍ട്ടണ്‍ കെയ്ന്‍സിലെ പ്രാദേശിക ദേവാലയത്തില്‍ സജീവമായിരുന്നെങ്കിലും പൊതുവെ മലയാളി സമൂഹത്തില്‍ നിന്ന് അകന്നു ജീവിച്ചിരുന്നവരാണ്. അതുകൊണ്ടുതന്നെ ഭര്‍ത്താവ് പിടിയിലായതും കൊലപാതക വിവരവും പുറംലോകം അറിയാന്‍ വൈകി.
നിലവില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അച്ചാമ്മയുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യുകെയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനകള്‍ തുടര്‍നടപടികള്‍ക്കായി രംഗത്തുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.