വാഷിങ്ടൻ: ഇറാൻ യുദ്ധത്തിന്റെ ഭാവികാര്യങ്ങൾ സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം അത്യന്തം സംഘർഷഭരിതമായിരുന്നെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷം നെതന്യാഹു കടുത്ത ദേഷ്യത്തിലും ആശങ്കയിലുമായിരുന്നുവെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കാനും നിർണായക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് ഭരണകൂടത്തെ ദുർബലപ്പെടുത്താനും വ്യോമാക്രമണം പുനരാരംഭിക്കണമെന്നാണ് നെതന്യാഹു ശക്തമായി വാദിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ അഭ്യർഥനയെത്തുടർന്ന് ചൊവ്വാഴ്ച ഇറാനിൽ നടത്താനിരുന്ന ആക്രമണങ്ങൾ താൻ മാറ്റിവച്ചതായി ഞായറാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.
യുഎസും ഇറാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിനായി ഖത്തറും പാക്കിസ്ഥാനും ചേർന്ന് പ്രാദേശിക മധ്യസ്ഥരുടെ സഹായത്തോടെ പുതുക്കിയ സമാധാന നിർദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഈ ചർച്ചകളിൽ നെതന്യാഹുവിന് വലിയ സംശയങ്ങളുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ താൻ ആവശ്യപ്പെടുന്നത് എന്തും നെതന്യാഹു ചെയ്യും എന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.