പാലക്കാട്: മേനോൻപാറയിലെ പൊതുമേഖലാസ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിൽനിന്നുള്ള പുതിയ ബ്രാൻഡി, മിന്നൽ മാജിക്കിന്റെ ഉത്പാദനം നിർത്തിവെച്ചു. ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. ഇതോടെ ഈ ആഴ്ച ബ്രാൻഡി വിപണിയിലെത്താനുള്ള സാധ്യത മങ്ങി.
മേയ് അവസാനവാരം ഇത് ബെവ്‌കോ ഔട്ട്ലെറ്റുകളിൽ എത്തുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്. ട്രയൽ റൺ അടക്കമുള്ളവ പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടെയാണ് യു.ഡി.എഫ്. സർക്കാർ അധികാരമേറ്റത്. എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് നിയമിച്ച 90 താത്കാലിക സ്ത്രീത്തൊഴിലാളികളുടെ പട്ടിക സംബന്ധിച്ച് വിവാദമുയർന്നിരുന്നു. നിയമനത്തിനെതിരേ കോൺഗ്രസ് അനുകൂലസംഘടനകൾ രംഗത്തെത്തി.
സി.പി.എം. ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ്. വഴി തയ്യാറാക്കിയ പട്ടികയ്ക്കു പിന്നിൽ സി.പി.എം. നേതാക്കളുടെ ഇടപെടലുണ്ടായെന്ന് ആരോപിച്ചാണ് പ്രതിഷേധമുയർന്നത്. കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രിക്കും ഇതുസംബന്ധിച്ച പരാതികളെത്തുകയും ചെയ്തു. ഇത്തരം വിവാദങ്ങളാണ് ഉത്പാദനം നിർത്താൻ ഇടയാക്കിയതെന്നും സൂചനയുണ്ട്.
താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണമായും കുടുംബശ്രീയാണ് തയ്യാറാക്കിയതെന്നാണ് കമ്പനി അധികൃതരുടെ വാദം. സ്ഥാപനം സ്ഥിതിചെയ്യുന്ന ബ്ലോക്ക് പരിധിയിലുള്ള കുടുംബശ്രീകളിൽനിന്നാവണം നിയമനമെന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മാർഗനിർദേശം നിലവിലുണ്ട്. ഇതനുസരിച്ച് സർക്കാർ നിർദേശപ്രകാരം ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെയാണ് പരിഗണിച്ചത്.
55-ൽ 45 എണ്ണം ദർഘാസിൽ ഒരേ നിരക്ക് നൽകിയതോടെ നറുക്കിട്ടാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തിരഞ്ഞെടുത്തത്. ഇവരാണ് തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയതെന്നും കമ്പനി അധികൃതർ പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനത്തിൽ സുതാര്യത ഉറപ്പുവരുത്തണമെന്നാണ് കോൺഗ്രസ് അനുകൂലസംഘടനാ ഭാരവാഹികളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.