സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; ഈ മാസം അവസാനത്തോടെ എല്ലാ പുസ്തകങ്ങളും കുട്ടികള്‍ക്കു നല്‍കാന്‍ കഴിയും; വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ഈ മാസം അവസാനത്തോടെ എല്ലാ പുസ്തകങ്ങളും കുട്ടികള്‍ക്കു നല്‍കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. 


ജൂണ്‍ ഒന്നാം തീയതി കുട്ടികളുടെ കൈകളില്‍ എത്തേണ്ടത് 75 ശതമാനം പുസ്തകങ്ങളാണെന്നു മന്ത്രി പറഞ്ഞു. ബാക്കി ആക്ടിവിറ്റി, വര്‍ക്ക് നോട്ട് ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ക്ലാസ് ആരംഭിച്ചതിനു ശേഷം നല്‍കേണ്ടതാണ്. ആദ്യ ഘട്ടത്തില്‍ ആകെ വേണ്ട 3.57 കോടിയില്‍ 2.86 കോടി (80.3 ശതമാനം) അച്ചടിച്ചു കഴിഞ്ഞു. അതില്‍ 2.23 കോടി വിതരണം ചെയ്യുകയും ചെയ്തു. ബാക്കി പുസ്തകങ്ങള്‍ തയാറായിക്കഴിഞ്ഞു. 30-ാം തീയതിക്കുള്ളില്‍ അത് സ്‌കൂളുകളില്‍ എത്തും.


ആക്ടിവിറ്റി പുസ്തകങ്ങള്‍ ജൂണ്‍ 10നു മുന്‍പും നല്‍കാന്‍ കഴിയും. പാഠപുസ്തകങ്ങള്‍ ഒന്നാം തീയതിക്കു മുന്‍പ് കുട്ടികള്‍ക്ക് എത്തിയിരിക്കണമെന്നു പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിനോടൊപ്പം ആവശ്യമായ പുസ്തകങ്ങള്‍ തയാറാണെന്നും അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിതരണം പൂര്‍ത്തിയാകുമെന്നും പുസ്തകങ്ങള്‍ അച്ചടിക്കുന്ന കൊച്ചിയിലെ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 


തമിഴ്‌നാട് ന്യൂസ് പ്രിന്റില്‍നിന്ന് കവര്‍ അടിക്കാനുള്ള കട്ടിക്കടലാസ് കിട്ടാന്‍ വൈകിയതാണ് പ്രതിസന്ധിക്കു കാരണമെന്നും എംഡി സുനില്‍ ചാക്കോ വ്യക്തമാക്കി. അതേസമയം, മേയ് 18ലെ കണക്കനുസരിച്ച് 71 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനും 1.8 കോടി പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാനുമുണ്ടെന്നാണ് കെബിപിഎസ് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഇബ്രാഹിം പറയുന്നത്. പ്രതിദിനം 3 ലക്ഷം പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാനാണ് സൗകര്യമുള്ളത്. പുസ്തകങ്ങള്‍ പൂര്‍ണമായി തയാറാകാന്‍ കുറഞ്ഞത് 45 ദിവസമെങ്കിലും വേണ്ടിവരുമെന്നും അതിനു ശേഷം മാത്രമേ വിതരണം ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് ഇബ്രാഹിം വ്യക്തമാക്കുന്നത്. 

9, 10 ക്ലാസിലെ പുസ്തകങ്ങള്‍ തയാറാണെങ്കിലും 6,7,8 ക്ലാസിലെ പുസ്തകങ്ങള്‍ ഒന്നാം തീയതി ലഭിക്കാന്‍ സാധ്യതയില്ലെന്നും ഇബ്രാഹിം പറഞ്ഞു.

സ്‌കൂളുകളില്‍ പരിശോധന നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുകയാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളുകളുടെ സുരക്ഷാ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പിന് നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ മാസം ഉത്തരവിറക്കിയിരുന്നു. തദ്ദേശവകുപ്പിലെ അസി. എന്‍ജിനീയര്‍മാരും ആരോഗ്യ വിഭാഗവുമാണ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. 17 പോയിന്റുകള്‍ ഉള്ള വിശദമായ ചെക്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, അപകടകരമായ കുഴികളോ ചരിവുകളോ ഇല്ലാത്ത അവസ്ഥ, മരങ്ങളുടെയും ശിഖരങ്ങളുടെയും സുരക്ഷ എന്നിവ അസി. എന്‍ജിനീയര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

വൈദ്യുത സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യമാണ് പുതിയ നിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. സ്‌കൂളുകളിലെ ഇലക്ട്രിക്കല്‍ വയറിംഗ് സുരക്ഷിതമാണെന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടെന്നും അധികൃതര്‍ ഉറപ്പുവരുത്തണം. അസ്ബറ്റോസ്, ടിന്‍, അലുമിനിയം ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍ മാറ്റിയിട്ടുണ്ടെന്നും കിണറുകള്‍ക്കും മറ്റും സുരക്ഷിതമായ സംരക്ഷണ ഭിത്തികള്‍ ഉണ്ടെന്നും ഉറപ്പാക്കണം. മതിയായ വെന്റിലേഷനുള്ള വൃത്തിയുള്ള ശൗചാലയങ്ങള്‍, കുടിവെള്ള ലഭ്യത, സ്‌കൂള്‍ പരിസരത്തെ മാലിന്യ നിര്‍മാര്‍ജനം, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടര്‍ വാഹന വകുപ്പാണ് നല്‍കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !