തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ പിണറായി വിജയൻ താമസിക്കുന്നിടത്തേക്ക് നേരെ കയറിച്ചെന്നിരിക്കുന്നു ഇ.ഡി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കടത്ത് കേസ് ഉയർന്നപ്പോൾ മുതൽ ഇതു പ്രവചിക്കപ്പെട്ടതും സിപിഎം ആശങ്കപ്പെട്ടതുമാണ്. അതുകൊണ്ടാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്: ‘ഇങ്ങനെ വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി’.
വൻതോൽവിക്കു ശേഷം ആത്മവീര്യംചോർന്ന പാർട്ടിക്ക് റെയ്ഡ് ശൗര്യം മടക്കി നൽകി. വിമർശനങ്ങളുടെ കൂരമ്പുകളേൽക്കുന്ന പിണറായി വിജയനു ചുറ്റും വീണ്ടും പാർട്ടി അണിനിരന്നു. അന്വേഷണം മുറുകിയാൽ എന്താകുമെന്ന ആശങ്ക, അതേസമയം വിട്ടൊഴിയുന്നതുമല്ല. ഹൈക്കോടതി വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ ഇ.ഡി വലവിരിച്ചതിൽ അവരുടെ തീരുമാനവും ആസൂത്രണവുമാണ് സിപിഎം കാണുന്നത്.
തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളിലേക്ക് ഇ.ഡി കടന്നാൽ വ്യക്തിപരമായും രാഷ്ട്രീയമായും പിണറായി വലിയ പ്രതിസന്ധി നേരിടും. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ചെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ആരോപിക്കുന്ന രാഷ്ട്രീയ സംരക്ഷണം ഉണ്ടാകില്ലെന്ന സൂചന കൂടി ഈ തിരക്കിട്ട നീക്കം നൽകുന്നു.
സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ വീണ കൈപ്പറ്റിയത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയപ്പോൾ മുതൽ പിണറായിക്കു പാർട്ടി തീർത്തുവരുന്ന പ്രതിരോധം വർധിത വീര്യത്തോടെയും അന്വേഷണ ഏജൻസിയോടുള്ള കലി തീർത്തും വരെ തുടരുന്നതാണ് തലസ്ഥാനത്തു കണ്ടത്. പക്ഷേ ‘ഇര’ പരിവേഷം ചില അമിതാവേശക്കാർ തകർത്തതിന്റെ അമർഷം നേതാക്കളിൽ ശക്തമാണ്. പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ നേതാക്കൾ ജാഗ്രത പാലിച്ചില്ലെന്ന വിമർശനമാണ് ഉയരുന്നത്.
ഡൽഹിയിൽ ജനറൽ സെക്രട്ടറിയെ വരെ കസ്റ്റഡിയിലെടുക്കുന്നതിലേക്ക് സംഭവങ്ങൾ പരിണമിച്ചതിന്റെ ആധിയും ഉദ്വേഗവും പാർട്ടിയിലുണ്ട്. ഉൾപ്പാർട്ടി ചർച്ചകളുടെ ഗതി തന്നെ ഇതു മാറ്റിയേക്കാം. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താനുള്ള തീരുമാനത്തെയും ആത്മപരിശോധനയ്ക്കുള്ള മനോഭാവത്തെയും വരെ അതു സ്വാധീനിക്കുകയും ചെയ്തേക്കാം. കേസിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സംഭവിച്ചാൽ വിഭാഗീയതയ്ക്കു ശേഷമുള്ള വലിയ പ്രതിസന്ധി പാർട്ടിയെ പൊതിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.