കൊടുങ്ങല്ലൂർ: ലീഡറുടെ രാഷ്ട്രീയ തട്ടകത്തിൽ നിന്നു സാധാരണ കോൺഗ്രസ് പ്രവർത്തകനായി ഉയർന്നു വന്ന ഒ.ജെ.ജനീഷിന് എല്ലാം യാദൃച്ഛികം. ഒപ്പം നിയോഗവും. കൂവപ്പടി ഗവ. പോളിടെക്നിക് കോളജിൽ പഠിക്കുന്ന കാലത്താണ് കെഎസ്യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
തൃശൂർ ഗവ. ലോ കോളജിൽ പഠിക്കുമ്പോൾ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ആയി. ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി തൃശൂർ ബാറിൽ അഭിഭാഷകനായി പ്രാക്ടീസും തുടങ്ങി. ഈ കാലയളവിൽ ആദ്യമായി എത്തിയതാണ് ഒരു ദിവസത്തേക്ക് മാത്രമായി കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ അപ്രതീക്ഷിത ചുമതല. പിന്നീട് ഇതേ സ്ഥാനം തേടിയെത്തുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പിനതീതമായി വോട്ടുകൾ നേടി സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് അപ്രതീക്ഷിതമായി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ഇന്ത്യ യുണൈറ്റഡ് പദയാത്ര, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര എന്നിവയുടെ സംഘാടനത്തിൽ പ്രധാന പങ്കുവഹിച്ചതോടെ നേതൃനിരയിലേക്കുയർന്നു.
കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സേവനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. പരിപാടികളുടെ പ്രചാരണ പോസ്റ്ററുകളിൽ നിന്ന് തന്റേതടക്കമുള്ള ചിത്രങ്ങൾ ഒഴിവാക്കി മാറ്റം കൊണ്ടുവന്നതിനു പ്രത്യേക അഭിനന്ദനം നേടി. ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ കൊടുങ്ങല്ലൂർ തിരിച്ചു പിടിക്കാൻ പാർട്ടി ജനീഷിനെ ചുമതലപ്പെടുത്തുകയായിരുന്നു.
മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന വി.കെ.രാജന്റെ മകനും സിറ്റിങ് എംഎൽഎയുമായ വി.ആർ.സുനിൽ കുമാറിനെ കീഴടക്കാൻ കഴിയുമോ എന്ന ചർച്ച ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിലും ഒന്നാം ഘട്ട പ്രചാരണം പിന്നിട്ടപ്പോൾ തന്നെ ജനീഷ് ജനപ്രീതി നേടി. ഒടുവിൽ വിജയശ്രീലാളിതനായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നന്ദിപ്രകടന പരിപാടികളിൽ പങ്കെടുക്കുന്ന വേളയിലാണ് തിരുവനന്തപുരത്തെത്താൻ സന്ദേശം ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.