ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ഗവർണർക്കു നൽകില്ലെന്ന തീരുമാനത്തിലൂടെ ഒരു ഷീറ്റ് കടലാസ് ലാഭിക്കാൻ മാത്രമേ മമത ബാനർജിക്ക് കഴിയു. അല്ലാതെ, ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമല്ല അത്. മുഖ്യമന്ത്രി രാജിക്കത്തു നൽകുന്നതും കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിക്കുന്നതും ഭരണസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള കീഴ്‌വഴക്കങ്ങളാണ്.
നിലവിലെ ബംഗാൾ നിയമസഭ നാളെ 5 വർഷം കാലാവധി തികയ്ക്കും. അതുപ്രകാരം അടുത്ത നിയമസഭയുടെ രൂപീകരണത്തിനും പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്കുള്ള നടപടികളിലേക്ക് ഗവർണർ ആർ.എൻ.രവി കടക്കും. തമിഴ്നാട്ടിൽ ഗവർണറായിരുന്ന ആർ.എൻ.രവിയെ തിരഞ്ഞെടുപ്പുകാലത്ത് കൊൽക്കത്തയിലെ ലോക്ഭവനിലേക്കു വിട്ടതുതന്നെ തിരഞ്ഞെടുപ്പിനു ശേഷമുള്ള സവിശേഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കൂടിയാണ്.
ബിജെപിയുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതു നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലുണ്ടാവുമെന്നതും പരിഗണിക്കാം. തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്ത മമത മുഖ്യമന്ത്രിയുടെ ഓഫിസിൽ തുടരാൻ തീരുമാനിച്ചിരുന്നെങ്കിൽ സാഹചര്യത്തിന് കുറച്ചുകൂടി നാടകീയത വന്നേനെ. എന്നാൽ, അത്തരമൊരു നീക്കത്തിന് മമത മുതിരുമെന്ന് സൂചനയില്ല.
5 നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ഫലം ദേശീയ പ്രതിപക്ഷത്തിന്റെ ശബ്ദം ദുർബലമാക്കുമെന്നാണ് കഴിഞ്ഞ ദിവസം വിലയിരുത്തപ്പെട്ടത്. മമതയ്ക്കു പുറമേ, എം.കെ.സ്റ്റാലിനും പിണറായി വിജയനും നേതൃത്വം നൽകിയ സർക്കാരുകളുടെ പതനംതന്നെ കാരണം. എന്നാൽ, പ്രതിപക്ഷ ഐക്യം ബലപ്പെടുന്നതിനുള്ള വഴിത്തിരിവുണ്ടാക്കുന്നതായി മാറി ഇന്നലെ മമത തുറന്ന പുതിയ പോർമുഖം.
തൃണമൂലിന്റെ പതനത്തിൽ തന്റെ പാർട്ടിക്കാർ ആഹ്ലാദിക്കുന്നത് പരസ്യമായി വിമർശിച്ച് പ്രതിപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതുതന്നെ അതിനു തെളിവാണ്. രാഹുലിനു പുറമേ സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കേജ്‌രിവാൾ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറൻ തുടങ്ങിയവർ തന്നെ വിളിച്ചെന്നും ഐക്യം ശക്തമാകുന്നുവെന്നും മമത തന്നെ ഇന്നലെ പ്രസ്താവിച്ചിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.