അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിൽ 26 വയസ്സുകാരിയെ സ്വന്തം ഭർത്താവ് 50,000 രൂപയ്ക്ക് വിൽക്കുകയും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തനിക്ക് ഭാര്യയെ ഇഷ്ടമല്ലാത്തതിനാലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ഇതിനായി മനുഷ്യക്കടത്ത് സംഘത്തിന് കൈമാറുകയായിരുന്നുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
മേയ് 11-ന് തന്റെ ഭാര്യയെ പാലൻപുരിലെ വസതിയിൽ നിന്ന് കാണാതായെന്ന് കാണിച്ച് യുവാവ് തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി രണ്ട് ദിവസത്തിനുള്ളിൽ ഇയാളും അപ്രത്യക്ഷമായതോടെ പോലീസിന് സംശയം തോന്നി.
തുടർന്ന് പ്രതിയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു പരാതി കൂടി നൽകിയതോടെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ജിഗ്നേഷ് ഗാമിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്. സംഭവപരമ്പരകളിലെ അസ്വാഭാവികതയാണ് വലിയൊരു കുറ്റകൃത്യം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. ഇൻസ്‌പെക്ടർ ജനറൽ അക്ഷയ് രാജ് മക്വാനയുടെ നിർദ്ദേശപ്രകാരം നടന്ന ചോദ്യം ചെയ്യലിൽ, ഭാര്യയെ ഒഴിവാക്കാനായി താൻ വിറ്റതാണെന്ന് പ്രതി വെളിപ്പെടുത്തി.
സഞ്ജയ് താക്കൂർ, അശോക് താക്കൂർ, സച്ചിൻ ദർബാർ എന്നീ കൂട്ടാളികളുടെ സഹായത്തോടെയാണ് ഇയാൾ ഭാര്യയെ 50,000 രൂപയ്ക്ക് മറ്റുള്ളവർക്ക് കൈമാറിയത്. സാങ്കേതിക വിദ്യയുടെയും രഹസ്യ വിവരങ്ങളുടെയും സഹായത്തോടെ പോലീസ് യുവതിയെ കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു. മനുഷ്യക്കടത്തിന് ഇരയായ താൻ തടങ്കലിലായിരുന്നുവെന്നും അവിടെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും യുവതി പോലീസിന് മൊഴി നൽകി. ഇതിനുപുറമെ, യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുത്ത് പ്രതികൾ പ്രാദേശിക ജ്വല്ലറികളിൽ വിൽക്കുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത്, വഞ്ചന, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതിക്ക് സമാനമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനായിരിക്കെ തന്നെ മുൻപും സ്ത്രീകളെ പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോയും ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.