ജനീവ/കിൻഷാസ∙ ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും യുഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വ്യാപനം ‘രാജ്യാന്തര തലത്തിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’യായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ വ്യാപനം പകർച്ചവ്യാധി അടിയന്തരാവസ്ഥയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ബുണ്ടിബുഗ്യോ വൈറസ് ആണ് ഇപ്പോഴത്തെ രോഗകാരണം.
യുഗാണ്ട, ദക്ഷിണ സുഡാൻ അതിർത്തിക്കു സമീപമാണ് രോഗബാധിത മേഖലകൾ. തീവ്ര ജനസഞ്ചാരവും സായുധ സംഘങ്ങളുടെ ആക്രമണവും രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ആഫ്രിക്ക സിഡിസി മുന്നറിയിപ്പ് നൽകി. സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിൽ വെല്ലുവിളി നേരിടുന്നതായും ഏജൻസി പറഞ്ഞു. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ആഫ്രിക്ക സിഡിസി വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നു. അതിർത്തി ഏകോപനം, നിരീക്ഷണം, സുരക്ഷിത സംസ്കാരം, വിഭവ സമാഹരണം എന്നിവയിൽ ഊന്നി നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. ഇറ്റൂരിയുടെ തലസ്ഥാനമായ ബുനിയയിൽ ഭീതി പടരുകയാണ്. ‘‘ദിവസവും ആളുകൾ മരിക്കുന്നു. ഒരു ദിവസം രണ്ടോ മൂന്നോ പേരെ അടക്കം ചെയ്യുന്നു. ഇതേത് രോഗമാണെന്ന് ഞങ്ങൾക്കറിയില്ല’’ – നാട്ടുകാരനായ ജീൻ മാർക് അസിംവേയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കിൻഷാസയിൽനിന്ന് 1000 കിലോമീറ്ററിലധികം അകലെയാണ് ഇറ്റൂരി. മോശം റോഡുകളും സംഘർഷവും ആരോഗ്യപ്രവർത്തകർക്കും സാമഗ്രികൾക്കും എത്തിപ്പെടാൻ തടസ്സമാകുന്നു.
എബോള: ശ്രദ്ധിക്കേണ്ടത്
വന്യമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കും പിന്നീടു രക്തം, ഛർദിൽ, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും മലിനമായ വസ്ത്രങ്ങൾ, കിടക്ക എന്നിവയിലൂടെയും എബോള പകരാം. പനി, ഛർദി, വയറിളക്കം, പേശിവേദന, ആന്തരിക - ബാഹ്യ രക്തസ്രാവം എന്നിവയാണു ലക്ഷണങ്ങൾ. മരണനിരക്ക് കൂടുതലാണ്. 2018 - 2020 കാലത്ത് കിഴക്കൻ കോംഗോയിൽ ഉണ്ടായ എബോള വ്യാപനത്തിൽ 1000ൽ അധികം പേർ മരിച്ചിരുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.