ചൈന: സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് (Maliuyan Expedition Park) നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്. 17 വയസ്സ് പ്രായമുള്ള ലിയു എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.അവഗണിക്കപ്പെട്ട മുന്നറിയിപ്പ്
168 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്ലിഫ് സ്വിംഗിലായിരുന്നു അപകടം. പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളുന്നതിന് മുൻപ്, തന്‍റെ സുരക്ഷാ കയർ ശരിയായി മുറുക്കിയിട്ടില്ലെന്ന് അവള്‍ ആവർത്തിച്ച് വിളിച്ചു പറയുന്ന വീഡിയോ പുറത്തുവന്നു. എന്നാല്‍, ജീവനക്കാർ ഇത് ഗൗനിക്കാതെ അവളെ തള്ളിവിടുന്നതും വീഡിയോയില്‍ കാണാം.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മുകളിലുണ്ടായിരുന്ന സുരക്ഷാ ലോക്ക് അഴിയുകയും പെണ്‍കുട്ടി അഗാധമായ താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.അപകടമല്ല, മറിച്ച് അശ്രദ്ധ മൂലമുള്ള കൊലപാതകം
ഈ ദാരുണ സംഭവത്തിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ 20 കോടിയിലധികം ആളുകളാണ് കണ്ടത്. ഇത് ചൈനയിലുടനീളം വലിയ ജനരോഷത്തിന് കാരണമായി. "ഇതൊരു അപകടമല്ല, മറിച്ച് അശ്രദ്ധ മൂലമുള്ള കൊലപാതകമാണ്" എന്നാണ് പൊതുജനങ്ങളുടെ പ്രതികരണം. സംഭവത്തെ തുടർന്ന് അധികൃതർ പാർക്ക് അടച്ചു പൂട്ടി. ക്ലിഫ് സ്വിംഗുകളുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി ചൈനയിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ കഴിഞ്ഞ വർഷം കർശനമായ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നിരുന്നു.
എന്നാല്‍, മാലിയുവാൻ പാർക്കില്‍ ഈ നിയമങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇരട്ട സുരക്ഷാ കയറുകള്‍ക്ക് പകരം ഒരൊറ്റ കയർ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് മുൻപ് ഇവിടം സന്ദർശിച്ചവരും സാക്ഷ്യപ്പെടുത്തുന്നു. "സുരക്ഷ എന്നത് വെറുമൊരു മുവാക്കല്ല അത് കർശനമായി നടപ്പിലാക്കേണ്ട ഒന്നാണ്. ഒരു നിസ്സാര അശ്രദ്ധയുടെ വില ഒരു ജീവനാണ്," എന്ന് ഷാങ്‌യൂ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ അധികൃതർ അന്വേഷണം തുടരുകയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.