എലികള്‍ പടർത്തുന്നു: ഒരു കപ്പലിനുള്ളില്‍ ഭൂമിയിലെ ഏറ്റവും മാരകമായ വൈറസ്, മരുന്നില്ല; ഉള്ളില്‍ ഇന്ത്യക്കാരും, ലോകം ആശങ്കയില്‍'

 മാഡ്രിഡ്: 'എം.വി ഹോണ്ടിയസ്' ആഡംബര കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തില്‍ ആശങ്കയിലാണ് ലോകം. ഭൂമിയിലുണ്ടായതില്‍വച്ച്‌ ഏറ്റവും മാരകവും അപൂർവവുമായ രോഗങ്ങളിലൊന്നാണിതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) അറിയിക്കുന്നത്. ഹാന്റാ വൈറസ് ദീർഘനേരത്തെ സമ്പർക്കത്തിലൂടെയും വളരെ വ്യത്യസ്തമായിട്ടുമാണ് പടരുന്നത്. അതിനാല്‍ കൊവിഡിനെ പോലെ മറ്റൊരു മഹാമാരിയാകുമെന്ന ആശങ്ക വേണ്ടെന്ന് ഡബ്ല്യു.എച്ച്‌.ഒ പറയുന്നു.

രണ്ട് ഇന്ത്യക്കാരടക്കം 149 പേരാണ് കപ്പലിലുള്ളത്. എലികള്‍ പടർത്തുന്ന ഹാന്റാ വൈറസ് ബാധിച്ച്‌ ഹോണ്ടിയസിലെ മൂന്ന് യാത്രികരാണ് മരിച്ചത്. എട്ട് പേർ ചികിത്സയിലാണ്. 23 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാർ ആരാണെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.

ആൻഡീസ് സ്ട്രെയിനില്‍പ്പെട്ട ഹാന്റാ വൈറസാണ് രോഗം പടർത്തുന്നത്. മനുഷ്യരില്‍ ബാധിക്കുന്ന ഈ രോഗം വായുവിലൂടെ പടരുന്നതല്ല. അടുത്ത ബന്ധം പുലർത്തുന്നവർ തമ്മില്‍, മനുഷ്യനില്‍ നിന്ന് ചികിത്സിക്കുന്ന ഡോക്‌ടറിലേയ്ക്ക് എന്നിങ്ങനെ രോഗം പടരാം.

രോഗബാധ

ഭൂമിയുടെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയയില്‍ പക്ഷിനിരീക്ഷണം നടത്തിയ ഡച്ച്‌ ദമ്പതികള്‍ക്കാണ് ആദ്യം രോഗം ബാധിച്ചത്. ദമ്പതികള്‍ നിലത്ത് കിടന്ന എലികളുടെ കാഷ്ഠത്തില്‍ നിന്നുള്ള സൂക്ഷ്മ കണികകള്‍ ശ്വസിച്ചതായിരിക്കാം കാരണമെന്നാണ് അ‌ർജന്റീനിയൻ ഗവേഷകരുടെ നിഗമനം. കപ്പലില്‍ കയറുന്നതിന് മുൻപുവരെ ഇവർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു.

ഏപ്രില്‍ 11നാണ് ആദ്യ യാത്രക്കാരൻ കപ്പലില്‍ മരിച്ചത്. മരണകാരണം അപ്പോള്‍ നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ഏപ്രില്‍ 24ന് അദ്ദേഹത്തിന്റെ മൃതദേഹം സെന്റ് ഹെലീനയില്‍ ഇറക്കി സ്വദേശത്തേക്ക് കൊണ്ടുപോയപ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഏപ്രില്‍ 27ന് മടക്കയാത്രയ്ക്കിടെ ഭാര്യക്ക് അസുഖം വന്നതായും പിന്നീട് ഇവർ മരിച്ചതായും ഓഷ്യൻവൈഡ് എക്സ്പെഡിഷൻസിന് വിവരം ലഭിച്ചു.

മേയ് രണ്ടിന് കപ്പലില്‍വച്ച്‌ ഒരു ജർമൻ പൗരൻ മരിച്ചു. ഇതോടെ ഡബ്ല്യു.എച്ച്‌.ഒ വിഷയത്തില്‍ ഇടപെടുകയും കേപ് വെർഡെയില്‍ കപ്പല്‍ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ കപ്പല്‍ കേപ് വെർഡെയില്‍ നിന്ന് പുറപ്പെട്ട് സ്പെയിനിലെ കാനറി ദ്വീപുകളിലെ ടെനറൈഫിലേക്ക് പോകുകയാണ്. ഗുരുതരാവസ്ഥയിലായ മൂന്ന് രോഗികളെ എയർ ആംബുലൻസില്‍ ഒഴിപ്പിച്ചു ശേഷിക്കുന്ന യാത്രക്കാരെ മേയ് 11ന് പുറത്തിറക്കും.

ഹാന്റാ വൈറസ്

വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാൻ എട്ട് ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ കപ്പലിലെ യാത്രക്കാരില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന് ഡബ്ല്യു.എച്ച്‌.ഒ ചൂണ്ടിക്കാട്ടുന്നു. എലികളിലാണ് ഹാന്റാ വൈറസ് ജീവിക്കുന്നത്. ഇവ‌ർക്ക് രോഗലക്ഷണങ്ങളുണ്ടാകില്ല. ഇവയുടെ കാഷ്ഠവും മൂത്രവും ഉണങ്ങി വായുവിലൂടെ പകരുന്ന പൊടിയായി മാറുമ്പോഴാണ് വൈറസ് മനുഷ്യർക്ക് മാരകമാകുന്നത്. എലിയെ തൊട്ടില്ലെങ്കിലും വായുവിലൂടെ രോഗബാധിതരാകും.

ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലും യൂറോപ്പിലും ഈ വൈറസ് വൃക്കകളെയാണ് ബാധിക്കുന്നത്. ഗുരുതരമാണെങ്കിലും അതിജീവിക്കാൻ കഴിയും. അമേരിക്കയില്‍ ഇത് ശ്വാസകോശത്തെ ബാധിക്കുന്നു. കപ്പലില്‍ കണ്ടെത്തിയ ആൻഡീസ് സ്ട്രെയിൻ അമേരിക്കൻ ഇനമാണ്. മരണനിരക്ക് 50 ശതമാനത്തില്‍ വരെയെത്തും.

ലക്ഷണങ്ങള്‍

പനി പോലെയാണ് ഇത് തുടങ്ങുന്നത്. തലവേദന, പേശിവേദന, തലകറക്കം എന്നിവയുമുണ്ടാകും. ആദ്യ അഞ്ച് ദിവസം സാധാരണ പനി പോലെ കാണപ്പെടും. രോഗം വർദ്ധിക്കുന്നതോടെ ശ്വാസകോശത്തില്‍ ദ്രാവകങ്ങള്‍ നിറയും. ശ്വസന തടസമുണ്ടാവും. ശരീരം സ്തംഭനാവസ്ഥയിലാകും.ഹാന്റാ വൈറസിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. 

പ്രത്യേക മരുന്നില്ല. തീവ്രപരിചരണം, ഓക്സിജൻ, ദ്രാവകങ്ങള്‍, 24 മണിക്കൂറും നിരീക്ഷണം എന്നിവയാണ് ഏക ചികിത്സ. എംവി ഹോണ്ടിയസില്‍ അതിജീവിച്ച രോഗികള്‍ വേഗത്തില്‍ ആശുപത്രിയിലെത്തിയവരായിരുന്നു. ഈ രോഗത്തില്‍ വേഗതയാണ് ഏക മരുന്ന്.

ഇന്ത്യയുടെ ആശങ്ക

ഇന്ത്യയില്‍ ഹാന്റാ വൈറസ് മുൻപും റിപ്പോ‌ർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2008ല്‍ തമിഴ്‌നാട്ടില്‍ വെയർഹൗസ് തൊഴിലാളികള്‍, കർഷകർ, ആദിവാസി എലി പിടുത്തക്കാർ എന്നിവരില്‍ 28 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. 2021ല്‍ ഒരു ക്വാറി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു.

 ഇന്ത്യയെ സംബന്ധിച്ചിടത്തോളം യഥാർത്ഥ ആശങ്ക രോഗനിർണയം നടത്താതിരിക്കുന്നതാണ്. ഹാന്റാ വൈറസ് ഡെങ്കിയോ ലെപ്റ്റോസ്പൈറോസിസോ പോലെ കാണപ്പെടുന്നതിനാല്‍ ഡോക്ടർമാർ പലപ്പോഴും രോഗനിർണയത്തിന് നിർദേശിക്കാറില്ല. ഇതോടെ യഥാർത്ഥ രോഗം കണ്ടെത്താൻ വൈകുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !