മാസപ്പടി കേസ്, ഡല്‍ഹിയിലേക്ക് മാറ്റും:, സി.പി.എമ്മിനെ വെട്ടിലാക്കുന്ന കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍,

തിരുവനന്തപുരത്ത് ഇ.ഡി സംഘത്തിനുനേരെ നടന്ന സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റും നിലപാട് കടുപ്പിക്കുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയില്‍ എത്തി മകള്‍ വീണ വിജയനെ ചോദ്യം ചെയ്യാനും രേഖകള്‍ പിടിച്ചെടുക്കാനും എത്തിയ ഇ.ഡി സംഘത്തിൻ്റെ കാറുകളാണ് അന്വേഷണ സംഘം മടങ്ങുന്ന സമയത്ത് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തത്. 

ഇ.ഡി ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്. അടിച്ച്‌ തകർക്കപ്പെട്ട വാഹനങ്ങള്‍ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിലുള്ളത്.

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമായിരുന്നു എന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം നടന്നപ്പോള്‍ സി.പി.എം നേതാക്കള്‍ തടയാൻ ശ്രമിച്ചില്ലെന്നും, പൊലീസിൻ്റെ ഭാഗത്ത് നിന്നും ഒരു സംരക്ഷണവും ഇഡി ഉദ്യോഗസ്ഥർക്ക് കിട്ടിയില്ലന്നുമാണ് ഐബി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും, പിണറായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തന്നെ ഇപ്പോഴും ക്രമസമാധാന ചുമതലയില്‍ തുടരുന്നതാണ് ഇതിന് കാരണമായി കേന്ദ്ര ഏജൻസി വിലയിരുത്തുന്നത്. ഈ റിപ്പോർട്ട് ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോക്കി കാണുന്നത്. നിഷ്‌ക്രിയരായ ഉദ്യോഗസ്ഥർക്ക് എതിരെ കേന്ദ്രം തന്നെ നടപടി ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര ധനകാര്യ മന്ത്രിയും ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ വിശദാംശം ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

ഈ കേസിൻ്റെ തുടർ നടപടികള്‍ ഇനി കേരളത്തില്‍ നടത്തുന്നത് ശരിയാവില്ലന്ന നിലപാടിലാണ് ഇ.ഡി ഡയറക്ടറേറ്റ് ഉറച്ചു നില്‍ക്കുന്നത്. ഉടൻ തന്നെ ഡല്‍ഹി യൂണിറ്റിലേക്ക് കേസന്വേഷണം മാറ്റുമെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തുടർ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ ഇനി നടക്കുക ഡല്‍ഹി ഇ.ഡി ഓഫീസില്‍ വെച്ചായിരിക്കും.

കേരളത്തില്‍ ഇ.ഡി ഉദ്ദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ കേസ് ഡല്‍ഹിയിലേക്ക് മാറ്റിയാല്‍, അത് കോടതിയില്‍ ചോദ്യം ചെയ്താല്‍ പോലും അനുകൂല വിധി ഉണ്ടാകാനുള്ള സാധ്യത വിദൂരമാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ഇഷ്ടികയും കട്ടകളും ഉപയോഗിച്ച്‌ എറിഞ്ഞും കൈകൊണ്ട് ഇടിച്ചുമാണ് സി.പി.എം പ്രവർത്തകർ ഇ.ഡിയുടെ രണ്ട് വാഹനങ്ങള്‍ തകർത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവർത്തകർ, വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിയുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികമാണ് പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങിക്കിടന്നത്. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങള്‍ക്ക് വഴിയൊരുക്കാനോ സാധിച്ചിട്ടില്ലെന്നതും പകല്‍പോലെ വ്യക്തമാണ്. ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ടതിലും വാഹനങ്ങള്‍ തകർക്കപ്പെട്ടതിലും ഇ.ഡി തമ്പാനൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇ.ഡിയുടെ മിന്നല്‍ നീക്കത്തിന് നിർണായകമായത് ഹൈക്കോടതി ഉത്തരവ്

മാസപ്പടി കേസില്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത പിടിവള്ളിയില്‍ നിർണായകമായ നിയമകടമ്പ മറികടന്നതോടെ ഇ.ഡി നടത്തിയത് തന്ത്രപരമായ നീക്കമാണ്. കഴിഞ്ഞ ദിവസം രാവിലെ 10.20ഓടെ ഇ.ഡി അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധി ജസ്റ്റിസ് ടി.ആര്‍.രവി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ, മേല്‍ക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാര്‍ അഭ്യർത്ഥിച്ചെങ്കിലും, ഈ ആവശ്യത്തെ ഇ.ഡി ശക്തമായി എതിർക്കുകയായിരുന്നു.

 സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കില്‍ തന്നെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രമേ സാധിക്കൂ. ആ അവസരം ഇ.ഡി വിനിയോഗിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇ.ഡി റെയ്‍ഡ് നടത്തുന്ന കാര്യം നിയമവൃത്തങ്ങളില്‍ പോലും പലരും അറിഞ്ഞത് ഏറെ വൈകിയാണ്.  കോടതി വിധി എതിരായെങ്കിലും  റെയ്ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഹർജിക്കാരോട് അടുത്ത വൃത്തങ്ങള്‍ പോലും പറയുന്നത്.

എന്നാല്‍ മിന്നല്‍ നീക്കം നടത്താൻ ആവശ്യമായ കാര്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോർഡ് വിധി വന്നതിനു ശേഷം 2024 ഏപ്രിലിലാണ് ഇ.ഡി ഇതുമായി ബന്ധപ്പെട്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. അന്നു മുതല്‍ സിംഗിള്‍ ബെഞ്ച് മുമ്പാകെ ഈ ഹർജിയുണ്ട്.

 കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആർഎല്‍), അതിന്റെ എംഡി എസ്.എൻ.ശശിധരൻ കർത്ത, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചല്‍ കുരുവിള, ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ കെ.എസ്.സുരേഷ് കുമാർ എന്നിവരായിരുന്നു ഹർജിക്കാർ. ഇ.ഡി നടത്തുന്ന അന്വേഷണവും സമൻസ് അയയ്ക്കുന്നതും സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹൈക്കോടതി മുമ്പാകെ പല തവണ വിഷയമെത്തി. ഇതിനിടെ, ഉദ്യോഗസ്ഥർ ഇ.ഡി മുമ്പാകെ ഹാജരാവുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 

24 മണിക്കൂറിലധികം തങ്ങളെ ചോദ്യം ചെയ്തെന്ന് ഇവർ കോടതിയെ അറിയിക്കുകയും ചോദ്യം ചെയ്യലിന്റെ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും സംരക്ഷിക്കണമെന്ന് കോടതി നിർദേശിക്കലും ഇതിനിടെ ഉണ്ടായി. ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തിയും ചോദ്യം ചെയ്തിരുന്നു. അതിനൊടുവിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ വാദം പൂർത്തിയാക്കി കോടതി കേസ് വിധി പറയാനായി മാറ്റിയത്.

ഇ.ഡിക്ക് കേസുമായി മുന്നോട്ടു പോകാൻ ആവശ്യമായ കാര്യങ്ങളൊക്കെ  വിധിയില്‍ ഉണ്ടെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെക്ഷൻ 50 പ്രകാരം ഇ.ഡി നല്‍കിയ സമൻസിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. 

എന്നാല്‍ സമൻസ് ഘട്ടത്തില്‍ കേവലം സത്യം ബോധിപ്പിക്കാനോ രേഖകള്‍ ഹാജരാക്കാനോ മാത്രമാണ് ആവശ്യപ്പെടുന്നത് എന്നതിനാല്‍, ഈ ഘട്ടത്തില്‍ ഹർജിക്കാർക്ക് യാതൊരുവിധ അവകാശലംഘനവും ഉണ്ടാകുന്നില്ലെന്നും അതിനാല്‍ ഹർജി നിലനില്‍ക്കുന്നതല്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്.

 ഷെഡ്യൂള്‍ഡ് കുറ്റകൃത്യത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ക്ക് ഇ.ഡിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ മറ്റൊരു വാദം. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ക്കും വസ്തുവകകള്‍ താല്‍ക്കാലികമായി കണ്ടുകെട്ടുന്നതുപോലുള്ള സിവില്‍ നടപടികള്‍ ആരംഭിക്കുന്നതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നത് ഒരു മുൻവ്യവസ്ഥയല്ലെന്ന് സുപ്രീം കോടതി വിധി മുൻനിർത്തി ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോർഡില്‍ നിന്ന് ഹർജിക്കാർക്ക് ലഭിച്ച പ്രോസിക്യൂഷൻ ഇളവ് ആദായനികുതി നിയമപ്രകാരമുള്ള നടപടികള്‍ക്ക് മാത്രമുള്ളതാണെന്ന് കോടതി വ്യക്തമാക്കിയതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള നടപടികളില്‍ നിന്നും ഈ ഇളവ് വഴി ഹർജിക്കാർക്ക് പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറയുന്നു.

 എസ്‌എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ടതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു നിരീക്ഷണം. എസ്‌എഫ്‌ഐഒ കമ്പനികാര്യ മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് നല്‍കിയ ശേഷമേ ഇ.ഡിക്ക് നടപടിയെടുക്കാൻ സാധിക്കൂ എന്ന ഹർജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. 

ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ, കമ്പനി നിയമത്തിലെ സെക്ഷൻ 447 പ്രകാരമുള്ള ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച്‌ എസ്‌എഫ്‌ഐഒ ഹർജിക്കാർക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഷെഡ്യൂള്‍ഡ് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍, തങ്ങള്‍ക്കെതിരെ ഷെഡ്യൂള്‍ഡ് കുറ്റകൃത്യമില്ലെന്ന ഹർജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. ചുരുക്കത്തില്‍, കേവലം അന്വേഷണത്തിന്റെ ഭാഗമായി സമൻസ് അയച്ചതില്‍ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്.

 ഇതോടെയാണ് മിന്നല്‍ വേഗത്തില്‍ ഇ.ഡി പ്രവർത്തിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങള്‍ക്ക് പുറമെ ബെംഗളുരുവിലും ഒരേ സമയം നടത്തിയ റെയ്ഡാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !