ആലുവ: കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.
വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. മകളെ ആസൂത്രിതമായി വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്നും ഇതിനുപിന്നില്‍ രണ്ടു യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് മുണ്ടപ്ലാക്കല്‍ ജോണ്‍ (റെജി) ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്കി.കഴിഞ്ഞ മാസമായിരുന്നു നാടിനെ നടുക്കിയ സംഭവം. നഴ്സിംഗുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി ആലുവയില്‍ പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലെന വീട്ടില്‍ നിന്നിറങ്ങിയത്. തൃശൂര്‍ ഒളരിയിലെ മദര്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലെന. സംഭവദിവസം രാവിലെ 11 മണിക്ക് ലെന അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ നാല് മണിക്കൂറിന് ശേഷം ലഭിച്ചത് മകളുടെ മരണവാര്‍ത്തയാണെന്ന് പിതാവ് ജോണ്‍ വേദനയോടെ ഓര്‍ക്കുന്നു.
മാര്‍ച്ച് 24-ന് ആലുവയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ ലെനയ്ക്ക് കടുത്ത അസ്വസ്ഥതയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ബിപി കുറഞ്ഞ് അവശയായ ലെനയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് പിതാവിന് ലഭിച്ച വിവരം.
ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണെന്ന് ആദ്യഘട്ടത്തില്‍ കരുതിയിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. വിഷം ഉള്ളില്‍ച്ചെന്നാണ് ലെന മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ലെനയ്ക്ക് ഇതിനിടയില്‍ മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നും ആരോ മനഃപൂര്‍വ്വം അപായപ്പെടുത്തിയെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്.രണ്ടു യുവാക്കളുടെ പേര് പരാതിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മകള്‍ക്ക് ഇത്തരമൊരു ഗതി വന്നതുപോലെ ഇനിയാര്‍ക്കും സംഭവിക്കരുത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ജോണിന്റെ ആവശ്യം. ആലുവ റൂറല്‍ എസ്പി ഓഫീസിലെത്തി നേരിട്ടാണ് ജോണ്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.