ധനുഷിനെ നായകനാക്കി വിഗ്നേഷ് രാജ സംവിധാനംചെയ്യുന്ന തമിഴ് ചിത്രം കര റിലീസിനൊരുങ്ങുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴ് നടിമാരെവിട്ട് മലയാളത്തിൽനിന്ന് നായികമാരെ തമിഴ് ചിത്രങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ വലിയ വിമർശനം തമിഴ് ആരാധകർ ഉയർത്തിയിരുന്നു. ഇക്കാര്യം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. അതിനിടെ, കരയിൽ നായികയാവാൻ മമിതയല്ല മറ്റൊരു നടിയെയാണ് കണ്ടിരുന്നതെന്ന് പറയുകയാണ് സംവിധായകൻ വിഗ്നേഷ് രാജ.
കന്നഡയിൽനിന്നുള്ള ചൈത്ര ജെ. ആചാറിനെയാണ് കരയിൽ നായികയായി ആദ്യം പരിഗണിച്ചിരുന്നതെന്നാണ് വിഗ്നേഷ് രാജ പറയുന്നത്. 31-കാരിയായ നടി നായികയായെത്തുന്ന ശശികുമാർ ചിത്രം മൈ ലോർഡ്, കരയ്ക്ക് മുമ്പ് പുറത്തിറങ്ങി. ഈ ചിത്രത്തിൽ കരയിലേതിന് സമാനമായ ലുക്കാണ് നടിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചൈത്ര തന്നെ വേഷം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് വിഗ്നേഷ് രാജ പറയുന്നത്.
പിന്നാലെ മമിത ബൈജുവിനെ സമീപിച്ചു. മമിത വേഷം സ്വീകരിക്കില്ലെന്നാണ് കരുതിയത്. എന്നാൽ, അപ്രതീക്ഷിതമായി അവർ വേഷം ചെയ്യാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും വിഗ്നേഷ് രാജ കൂട്ടിച്ചേർത്തു. അതേസമയം, തമിഴിൽ മലയാളി നടിമാരെ നായികയാക്കുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മമിത ബൈജു മറുപടി നൽകി. തനിക്ക് അവസരം ലഭിച്ചപ്പോൾ അത് ഉപയോഗിക്കുകമാത്രമാണ് ചെയ്തതെന്ന് നടി പറഞ്ഞു.
'എനിക്ക് അവസരം ലഭിച്ചപ്പോൾ ഞാൻ പ്രയോജനപ്പെടുത്തി. അഭിനേതാവ് എന്ന നിലയിൽ കൂടുതൽ വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ വേഷങ്ങൾ ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. അത്തരമൊരു അവസരം ലഭിച്ചപ്പോൾ ഞാൻ ഉപയോഗിച്ചു. എനിക്ക് പറ്റില്ലെന്ന് പറയാൻ കഴിയില്ല. അതിരുകളും ഭാഷകളും മറികടക്കുകയാണ് ഇതിലൂടെ. ഇതെന്റെ ജോലിയാണ്, അതിർത്തികൾ കടക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അത് ഞാൻ തന്നെ ചെയ്യേണ്ടതുണ്ട്', മമിത അഭിപ്രായപ്പെട്ടു. മമിതയ്ക്ക് പുറമേ മലയാളത്തിൽനിന്ന് ജയറാമും സുരാജ് വെഞ്ഞാറമ്മൂടും കരയിൽ പ്രധാനവേഷങ്ങളിലുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്ന ചിത്രം ഏപ്രിൽ 30-ന് തിയേറ്ററിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.