കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്തുടനീളം ജനജീവിതത്തെ ബാധിച്ചു.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നീളുന്ന ഹർത്താലിൽ പലയിടങ്ങളിലും വാഹനങ്ങൾ തടയുകയും കടകമ്പോളങ്ങൾ അടപ്പിക്കുകയും ചെയ്തത് സംഘർഷാവസ്ഥയ്ക്കും വാക്കേറ്റത്തിനും കാരണമായി.
തിരുവനന്തപുരം തമ്പാനൂരിൽ ഹർത്താൽ അനുകൂലികളും കെഎസ്ആർടിസി യാത്രക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പല ജില്ലകളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞ പ്രതിഷേധക്കാർ, സർക്കാർ ഹർത്താൽ പൊളിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കോട്ടയം മുണ്ടക്കയത്ത് സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല, കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പൊൻകുന്നത്തും തലയോലപ്പറമ്പിലും വാഹനങ്ങൾ തടയുകയും നിർത്തിയിടുകയും ചെയ്തു.
പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം തുടങ്ങിയ ജില്ലകളിലും പ്രതിഷേധം ശക്തമായിരുന്നു. കാസർകോട് പരപ്പയിലും കൊല്ലം കുണ്ടറയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, അവശ്യസേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. കൂടാതെ, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ കർശന നിയമം വേണമെന്നും അഞ്ചരക്കണ്ടി കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.