ലക്ഷദ്വീപ്: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ദ്വീപ് ഭരണകൂടം. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പിസിസി) പ്രാദേശിക സ്പോൺസറും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. ദ്വീപുകൾ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി സീപ്ലെയ്ൻ സർവീസിനും അനുമതിയായി. രാജ്യത്ത് തന്നെ വിപുലമായ റൂട്ടുള്ള ആദ്യത്തെ സീപ്ലെയിൻ സർവീസിനാണ് ലക്ഷദ്വീപിൽ തുടക്കമിടുന്നത്.
ദ്വീപിലെ വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കും. കപ്പൽ വഴിയോ വിമാനം വഴിയോ ദ്വീപിൽ എത്തുന്നവർ യാത്രയ്ക്ക് മുൻപ് ഓൺലൈൻ വഴി പെർമിറ്റ് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് ഇപ്പോഴും പാസ്പോർട്ടും വീസയും നിർബന്ധമാണ്.
∙
കൊച്ചിയിൽനിന്ന് അഞ്ചു ദ്വീപിലേക്കും സീപ്ലെയിൻ
സ്കൈഹോപ് ഏവിയേഷനാണ് ലക്ഷദ്വീപിൽ സീപ്ലെയിൻ സർവീസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ) റഗുലേറ്ററി അംഗീകാരമുള്ള അനുമതി (എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് – എഒസി) ലഭിച്ചത്. ഇതോടെ രാജ്യത്ത് തന്നെ ഇത്തരത്തിൽ സീപ്ലെയിൻ സർവീസ് നടത്താൻ അധികാരപ്പെടുത്തിയ ആദ്യ എയർലൈനായി ഗുരുഗ്രാം ആസ്ഥാനമായ സ്കൈഹോപ് ഏവിയേഷൻ മാറി. കൊച്ചിയിൽനിന്ന് വിവിധ ദ്വീപുകളിലേക്ക് 19 സീറ്റർ വിമാനങ്ങളാകും ലക്ഷദ്വീപിൽ കമ്പനി രംഗത്തിറക്കുകയെന്നാണ് സൂചന. ലക്ഷദ്വീപിൽ നിന്നുള്ള ലാൻഡിയാഗോ കമ്പനിയാണ് സീപ്ലെയിൻ സർവീസിനുളള ടിക്കറ്റിങ് എജൻസി. ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി, കവരത്തി, കൽപ്പേനി, കിൽത്താൻ, കടമത്ത് എന്നീ അഞ്ച് ദ്വീപുകളുമായും ഇന്ത്യൻ തീരപ്രദേശവുമായും ബന്ധിപ്പിച്ച് സർവീസിനുള്ള അനുമതിയാണ് സ്കൈഹോപ് ഏവിയേഷന് കഴിഞ്ഞ ദിവസം ലഭിച്ചത്. സ്പൈസ്ജെറ്റിന്റെ പ്രമോട്ടറായിരുന്ന അജയ് സിങ്ങിന്റെ മകൾ അവനീ സിങ്ങാണ് സ്കൈഹോപ് ഏവിയേഷൻ സ്ഥാപകയും സിഇഒയും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, ഗുജറാത്തിലെ തീരപ്രദേശം, കേരളത്തിലെ കായലുകൾ എന്നിവിടങ്ങളിൽ സീപ്ലെയിൻ സർവീസ് തുടങ്ങി വരുംവർഷങ്ങളിൽ സർവീസുകൾ വിപുലപ്പെടുത്താനാണ് സ്കൈഹോപ് ഏവിയേഷൻ പദ്ധതിയിടുന്നത്.
1967 മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വഴി ദ്വീപിലെ സഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന നിബന്ധനയാണ് അഡ്മിനിസ്ട്രേഷൻ ഒഴിവാക്കിയത്. ദ്വീപിലേക്ക് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഈ നീക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപിലേക്ക് പോകുന്നതിന് വേണ്ട സുപ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നു സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽനിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഇതിനൊപ്പം ദ്വീപിലെ താമസക്കാരനോ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്സ് പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്റർ സ്‌പോൺസർ ചെയ്താൽ മാത്രമേ പെർമിറ്റ് അനുവദിച്ചിരുന്നുള്ളൂ. ഈ രണ്ട് നിബന്ധനയും ഒഴിവാക്കി.
പുതിയ പരിഷ്കാരം അനുസരിച്ച് ടൂറിസ്റ്റ് കാറ്റഗറിയിൽ വരുന്നവർക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം. ഇതിനായി ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും നൽകിയാൽ പെർമിറ്റ് ലഭിക്കും. ഒരു അപേക്ഷയിൽ പരമാവധി ആറു പേരെ വരെ ഉൾപ്പെടുത്താനാകും. അപേക്ഷാ ഫീസായി ഒരാൾക്ക് 50 രൂപ വീതമാണ് നൽകേണ്ടത്. ഇതുകൂടാതെ മുതിർന്നവർക്ക് 200 രൂപ വീതം ഹെറിറ്റേജ് ഫീസും 12 മുതൽ 18 വരെ വയസ്സുള്ളവർക്ക് 100 രൂപയാണ് ഹെറിറ്റേജ് ഫീസും നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.