ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ തടസപ്പെട്ട നയതന്ത്ര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നു എന്ന വാർത്തകൾ ഇറാൻ നിഷേധിച്ചിട്ടുണ്ട്.
പകരം, ഇറാന്റെ നിലപാടുകളും അഭിപ്രായങ്ങളും പാകിസ്താൻ അധികൃതർക്ക് കൈമാറുകയും അവർ വഴി അത് അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
ആണവ പദ്ധതികളും എണ്ണക്കടത്തും സംബന്ധിച്ച കടുത്ത നിബന്ധനകൾ അമേരിക്ക മുന്നോട്ട് വെക്കുമ്പോഴും, ഒരു സമാധാന ഉടമ്പടിക്കുള്ള സാധ്യത നിലനിൽക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു.
അമേരിക്കൻ സംഘത്തിന് നേതൃത്വം നൽകുന്ന പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മുതിർന്ന ഉപദേശകനായ ജാരെദ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. ഇത്തവണത്തെ ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ ചർച്ചാ സംഘത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും പങ്കെടുക്കുന്നില്ല. പാകിസ്താൻ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു.
ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസമില്ലാതെ ഉറപ്പാക്കുക എന്നീ നിബന്ധനകളിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും ഇറാൻ. പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ അടുത്തിടെ ടെഹ്റാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്ലാമാബാദിൽ ഈ ഉന്നതതല ചർച്ചകൾ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.