തീരസംരക്ഷണം ശക്തമാക്കാൻ പുതിയ നിയമവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. അനധികൃത കുടിയേറ്റം തടയാൻ നാവിക ഉപരോധം (Naval Blockade) ഏർപ്പെടുത്താൻ അനുമതി നൽകുന്ന നിർണ്ണായക ബില്ലിന് ഇറ്റാലിയൻ സർക്കാർ അംഗീകാരം നൽകി. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് മെലോനി വ്യക്തമാക്കി.
ഇറ്റലിയിലേക്ക് കടൽമാർഗ്ഗം ബോട്ടുകളിൽ എത്തുന്നവരെ തടയാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. അസാധാരണമായ കുടിയേറ്റ സമ്മർദ്ദമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇറ്റാലിയൻ സമുദ്രമേഖലയിലേക്ക് ബോട്ടുകൾ പ്രവേശിക്കുന്നത് 30 ദിവസം മുതൽ 6 മാസം വരെ തടയാൻ ഈ നിയമം അധികൃതർക്ക് അധികാരം നൽകുന്നു. ദേശീയ സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമാകും.
രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകളുടെ കപ്പലുകൾക്കെതിരെയും കടുത്ത നടപടികൾ ബില്ലിലുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് 50,000 യൂറോ (ഏകദേശം 45 ലക്ഷം രൂപ) വരെ പിഴ ചുമത്താനും നിയമം ആവർത്തിച്ച് ലംഘിക്കുന്നവരുടെ ബോട്ടുകൾ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. ഇത്തരം ബോട്ടുകളിൽ എത്തുന്നവരെ ഇറ്റലിയുമായി പ്രത്യേക കരാറുള്ള മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും സാധിക്കും.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ വേഗത്തിൽ നാടുകടത്താനും പുതിയ നിയമം സഹായിക്കും. പോലീസിനെ ആക്രമിക്കുകയോ അടിമത്തം, ഗാർഹിക പീഡനം തുടങ്ങിയ കേസുകളിൽ പ്രതികളാകുകയോ ചെയ്യുന്നവരെ പുറത്താക്കാൻ കൂടുതൽ വിപുലമായ അധികാരം സർക്കാരിന് ലഭിക്കും.
ഇറ്റലിയിലെ നിയമങ്ങൾ പാലിക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ഇവിടെ താമസിക്കാൻ അവകാശമുള്ളൂ എന്ന് പ്രധാനമന്ത്രി മെലോനി പറഞ്ഞു.
മെഡിറ്ററേനിയൻ കടൽ വഴിയുള്ള കുടിയേറ്റത്തിനിടെയുണ്ടായ വൻ അപകടങ്ങൾക്കും മരണങ്ങൾക്കും പിന്നാലെയാണ് സർക്കാർ നടപടികൾ കർശനമാക്കിയത്. 2025-ൽ മാത്രം 66,000-ത്തിലധികം ആളുകൾ ഇറ്റാലിയൻ തീരങ്ങളിൽ എത്തിയതായാണ് കണക്കുകൾ. ലിബിയയുമായും ടുണീഷ്യയുമായും ചേർന്നുള്ള നിരീക്ഷണ സംവിധാനങ്ങൾ ഇറ്റലി നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. കുടിയേറ്റ നയങ്ങളിൽ യൂറോപ്യൻ യൂണിയൻ വരുത്തിയ മാറ്റങ്ങളും ഇറ്റലിയുടെ ഈ പുതിയ നീക്കത്തിന് കരുത്തുപകരുന്നു. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറ്റാലിയൻ ഭരണകൂടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.