ന്യൂഡൽഹി: ലോക്സഭയില്‍ അവതരിപ്പിച്ച ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്(എഫ്സിആര്‍എ) ബില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
എന്‍ജിഒകള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭയുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ശക്തമാണ്.ബില്‍ നിയമമായാല്‍ അത് ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥാപനങ്ങള്ക്കെരിരെയുള്ള നീക്കമാകുമെന്നാണ് എല്‍ഡിഎഫും പ്രതിപക്ഷമായ കോണ്‍ഗ്രസും ആരോപിക്കുന്നത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബില്ലിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും, ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുകയാണ്.
വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയില്‍ ഇന്ന് ചര്‍ച്ചയ്ക്ക് എടുത്തില്ല.
എന്താണ് എഫ്സിആര്‍എ ?
ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്(എഫ്സിആര്‍എ) എന്നത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു വിദേശ സംഭാവന നിയന്ത്രണ നിയമമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് എഫ്സിആര്‍എ ബില്‍ അവതരിപ്പിച്ചത്. 2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം ഭേദഗതി ചെയ്യുന്നതാണിത്.
എന്‍ജിഒകള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതാണ് ഈ നിയമം. വിദേശത്ത് നിന്നെത്തുന്ന പണം ദേശീയ താല്‍പ്പര്യത്തെയോ പൊതു ക്രമത്തെയോ ദേശീയ സുരക്ഷയെയോ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ്.
2016, 2018, 2020 വര്‍ഷങ്ങളില്‍ മൂന്ന് തവണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം ഏകദേശം 22,000 കോടി രൂപ ലഭിക്കുന്ന ഏകദേശം 16,000 അസോസിയേഷനുകള്‍ ഈ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
നിയമം ലംഘിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള അനുമതികള്‍ റദ്ദാക്കാനും അവരുടെ വിദേശ ഫണ്ട് മരവിപ്പിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും പുതിയ ഭേദഗതിയനുസരിച്ച് ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ എന്‍ജിഒകളുടെ ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരികയും ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ കര്‍ശനമാക്കാനും സാധ്യത കൂടുതലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് (എംഎച്ച്എ) എഫ്സിആര്‍എ ലൈസന്‍സ് നല്‍കുന്നത്.
എഫ്സിആര്‍എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്താല്‍ വിദേശ സംഭാവനകളുടെയും ആസ്തികളുടെയും മേല്‍നോട്ടത്തിനും മാനേജ്മെന്റിനുമായി ഒരു നിയുക്ത അതോറിറ്റി സ്ഥാപിച്ചുകൊണ്ട് അത്തരം കേസുകള്‍ക്ക് സമഗ്രമായ ഒരു ചട്ടക്കൂട് നല്കാന് ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. ബില്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ളതാണ് ബില്ലെന്നാണ് പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്.
സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ അപേക്ഷ നിശ്ചിത സമയത്തിനുള്ളില്‍ നല്കാന് കഴിഞ്ഞില്ലെങ്കിലോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്താല്‍ എഫ്സിആര്‍എ സര്ട്ടിഫിക്കേഷന് റദ്ദാക്കാന്‍ ബില്‍ അനുവദിക്കുമെന്നതാണ് പ്രധാന ആശങ്ക, ഇതോടെ സ്ഥാപനങ്ങളുടെ ആസ്തികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും.
സാങ്കേതികമോ നടപടിക്രമപരമോ ആയ കാലതാമസമുണ്ടായാല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാമെന്നും ഇത് സ്ഥാപനത്തിന്റെ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേക്ക് നയിക്കുമെന്നുമാണ് കേരളത്തിന്റെ ആശങ്ക. അതുകൊണ്ട് മത സ്ഥാപനങ്ങള്‍ക്കിടയില്‍ പലവിധമായ ആശങ്കകള്ക്കിടയാക്കുന്നുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
എഫ്സിആര്എയില് സഭകളുടെ നിലപാട്
ബില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നുമാണ് കത്തോലിക്ക മെത്രാന് സമിതി(സിബിസിഐ)യുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും സിബിസിഐ നിവേദനം നല്കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കുന്നത്.
കൂടാതെ ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികള്‍ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീല്‍ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയാണ് സഭയുടെ ആവശ്യം.ബില്‍ നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നല്കുന്നു. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന നല്കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെശക്തമായ നിയന്ത്രണമുള്ളപ്പോള്‍ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എന്‍ജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നുമാണ് സഭാ നേതൃത്വം പറയുന്നത്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.