കെനിയ: കള്ളക്കടത്ത് എന്ന് പറഞ്ഞാല്‍ ആദ്യംതന്നെ നമ്മുടെ മനസില്‍ വരുന്നത് ആനക്കൊമ്പോ പുലിത്തോലോ മയക്കുമരുന്നോ സ്വർണമോ കടത്തുന്നതാണ്.എന്നാല്‍ ഉറുമ്പിനെ ഇത്തരത്തില്‍ കടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ.
കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കില്‍ കാര്യം ഇത്തിരി ഗൗരവമുള്ള ഒന്നാണ്. കെനിയയിലെ നെയ്റോബി വിമാനത്താവളത്തില്‍ പരിശോധിച്ച ബാഗുകളില്‍നിന്ന് ആയിരക്കണക്കിന് ജീവനുള്ള ഉറുമ്പുകളെ കണ്ടെത്തി ഉറുമ്പിനെ എന്തിനാണ് കടത്തുന്നതെന്ന് പലർക്കും സംശയം തോന്നാമെങ്കിലും അതിനുപിന്നില്‍ വ്യക്തമായ കാരണമുണ്ട്. അതും ഒരു ഉറുമ്പിന് ആയിരങ്ങളാണ് വിലയെന്ന് ഓർക്കുക.കഴിഞ്ഞ മാർച്ചില്‍ നെയ്‌റോബിയിലെ ജോമോ കെനിയാട്ട രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് 27കാരനായ ചെെനീസ് പൗരൻ ഷാങ് കെക്വൻ പിടിയിലാകുന്നത്. ഇയാളുടെ ബാഗില്‍ ഏകദേശം 2,200ലധികം ജീവനുള്ള റാണി ഉറുമ്പുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പ്ലാസ്റ്റിക് ട്യൂബുകളിലും ടിഷ്യൂപേപ്പറുകള്‍ക്കുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കൂടാതെ മുൻപ് മൊംബാസയില്‍ നിന്ന് തായ്‌ലൻഡിലേക്ക് അയച്ച ഉറുമ്പുകളുടെ മറ്റൊരു വലിയ ശേഖരവും അധികൃതർ പിടികൂടിയിരുന്നു.
സാധാരണ ഉറുമ്പുകളല്ല
ഇത്തരത്തില്‍ കടത്തുന്നത് സാധാരണ ഉറുമ്പുകളല്ല. ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പുകളുടെ വിഭാഗത്തില്‍പ്പെട്ട 'മെസ്റ്റർ സെഫാലോട്ട്സ്' എന്ന ഇനമാണ്. ഇവയ്ക്ക് ഏകദേശം ഒരു ഇഞ്ചുവരെ നീളം വരും. കിഴക്കൻ ആഫ്രിക്കയിലാണ് ഇവ കൂടുതലായി കാണുന്നത്. വലുതും ചുവപ്പും നിറത്തിലുള്ള ഭീമൻ റാണി ഉറുമ്പുകള്‍ക്ക് ഓണ്‍ലെെൻ കരിഞ്ചന്തകളില്‍ 20,505 രൂപ ( $220 ) വരെയാണ് വില. തുറസായ വയലുകളിലും കുന്നുകളിലും ഉള്ള ഉറുമ്പുകളെ വിദേശികളടക്കം തേടിയെത്തിയിട്ടുണ്ടെന്ന് ആഫ്രിക്കയില്‍ ഇത്തരത്തില്‍ ഉറുമ്പിനെ വില്‍ക്കുന്നവർ പറയുന്നു.
എന്നാല്‍ ഇത് നിയമലംഘനമാണെന്നും പലർക്കും അറിയില്ല. ബെല്‍ജിയം. വിയറ്റ്നാം, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതികള്‍ ടെസ്റ്റ് ട്യൂബുകളിലും സിറിഞ്ചുകളിലും നനഞ്ഞ പഞ്ഞി ഉപയോഗിച്ചാണ് ഉറുമ്പുകളെ കടത്തുന്നത്. ഇതില്‍ ഉറുമ്പുകള്‍ക്ക് രണ്ട് മാസംവരെ അതിജീവിക്കാൻ കഴിയുമെന്നാണ് കെനിയ വെെല്‍ഡ്ലെെഫ് സർവീസ് പറയുന്നത്. ഹാർവെസ്റ്റർ ഉറുമ്പുകള്‍ 'പലരുടെയും സ്വപ്‌ന ഇനം' എന്നാണ് വിശേഷിപ്പിക്കുന്നത്.
മെസ്റ്റർ സെഫാലോട്ട്സ് ഏറ്റവും നിഗൂഢമായ ഉറുമ്പുകളിലൊന്നാണെന്ന് ജീവശാസ്ത്രജ്ഞനായ ഡിനോ മാർട്ടിൻസ് ബിബിസിയോട് പറഞ്ഞു. ഇവ വലിയ കോളനികള്‍ ഉണ്ടാക്കുകയും രസകരമായ പെരുമാറ്റങ്ങളില്‍ ഏർപ്പെടുകയും ചെയ്യുന്നു. സൂക്ഷിക്കാൻ എളുപ്പമായ ഇവ ആക്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്തിനാണ് ഉറുമ്പുകള്‍
എന്തിനാണ് ഇത്തരത്തില്‍ ഉറുമ്പുകളെ കടത്തുന്നതെന്നാണ് പലരുടെയും സംശയം. ഏഷ്യയിലും യൂറോപ്പിലും ഉറുമ്പ് കോളനികളെ വളർത്തുന്നത് വലിയ വിനോദമായി മാറിയിരിക്കുന്നു. ഉറുമ്പുകളുടെ സങ്കീർണമായ ജീവിതരീതി നിരീക്ഷിക്കാൻ ആളുകള്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നു. രാജ്യാന്തര വിപണിയില്‍ ഒരു റാണി ഉറുമ്പിന് ഏകദേശം 100 യുഎസ് ഡോളർ വരെ വില ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വാതരോഗം പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരമായി ചെെനക്കാർ ഇവയെ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ശരീരത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് പുതിയതരം ഔഷധങ്ങള്‍ നിർമിക്കാനുള്ള കഴിവുണ്ടോ എന്നതിനെക്കുറിച്ച് രാജ്യാന്തര തലത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. ഉറുമ്പിനെ കടത്തുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. 2023ലും ചെെന കേന്ദ്രീകരിച്ച് ഉറുമ്പ് വ്യാപരം നടക്കുന്നതായും റിപ്പോർട്ടുണ്ട്.പരിസ്ഥിതിക്ക് തന്നെ വെല്ലുവിളി
എന്നാല്‍ ഉറുമ്പുകളെ കടത്തുന്നത് പ്രകൃതിക്ക് വളരെ ദോഷമാണെന്ന് വിദഗ്ധർ പറയുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇത് ബാധിക്കുന്നു. ഉറുമ്പ് കോളനികളുടെ നിലനില്‍പ്പിന് ആധാരമായ റാണി ഉറുമ്പുകളെയാണ് കടത്തുകാർ ലക്ഷ്യം വയ്ക്കുന്നത്. ഇത് പുതിയ കോളനികള്‍ രൂപപ്പെടുന്നത് തടയും. ഹാർവെസ്റ്റർ ഉറുമ്പുകള്‍ കീസ്റ്റോണ്‍ സ്പീഷീസുകളും ആവാസവ്യവസ്ഥയിലെ എൻജിനീയർമാരാണ്. അവ പുല്ലുകളുടെയും മറ്റ് സസ്യങ്ങളുടെയും വിത്തുകള്‍ ശേഖരിക്കുന്നു. ഇത് വിത്ത് വിതരണത്തിന് സഹായിക്കുന്നു. ഇത് വലിയ പുല്‍മേടുകള്‍ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്നും ഇവയുടെ നാശം പുല്‍മേടുകളെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ ഉറുമ്പുകള്‍ ഇല്ലാതായാല്‍ ഇവയെ ഭക്ഷണമാക്കുന്ന ഈനാംപേച്ചി, ആൻഡ്വാർക്കുകള്‍ എന്നിവയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.