ഹരിദ്വാര്‍: മദ്രസ ബോര്‍ഡ് നിര്‍ത്തലാക്കുമെന്നും 2026 ജൂലൈ മുതല്‍ എല്ല മദ്രസകളും ഉത്തരാഖണ്ഡ് ബോര്‍ഡ് സിലബസ് സ്വീകരിക്കണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ധാമി പറഞ്ഞു. സംസ്ഥാന ബോര്‍ഡ് സിലബസ് നടപ്പിലാക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്നും ധാമി മുന്നറിയിപ്പ് നല്കി.'സംസ്ഥാനത്ത് മറ്റൊരു ചരിത്രപരമായ തീരുമാനം എടുത്തുകൊണ്ട്, വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന മദ്രസ ബോര്‍ഡ് പിരിച്ചുവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. 2026 ജൂലൈ മുതല്‍ ഉത്തരാഖണ്ഡിലെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദ്ദേശിച്ച സിലബസ് പഠിപ്പിക്കും. ഇത് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും'- അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത നിരവധി ഹിന്ദു തനേതാക്കള്‍ ഈ പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചു. വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഈ നീക്കം സഹായിക്കുമെന്ന് പര്‍മാര്‍ത്ഥ് ആശ്രമത്തിലെ സ്വാമി ചിദാനന്ദ് മുനി സ്വാഗതം ചെയ്തു. ആധുനിക വിദ്യാഭ്യാസത്തെ ആത്മീയ മൂല്യങ്ങളുമായി സംയോജിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ പരിമിതമായ വിഷയങ്ങളില്‍ മാത്രം ഒതുങ്ങാതെ രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും വിശാലമായ ധാരണ വികസിപ്പിക്കാന്‍ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"അവര്‍ മതപഠനം മാത്രമല്ല, ശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം, ദേശീയ വിഷയങ്ങള്‍ എന്നിവയും പഠിക്കും. ഒരു ഇടുങ്ങിയ വിഷയത്തെക്കുറിച്ച് മാത്രമല്ല, മുഴുവന്‍ രാഷ്ട്രത്തെയും ലോകത്തെയും കുറിച്ചുള്ള അറിവ് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും'- അദ്ദേഹം പറഞ്ഞു.അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് രവീന്ദ്ര പുരി കൂടുതല്‍ കടുത്ത നിലപാട് സ്വീകരിച്ചു. മദ്രസകളെ വിവിധ തരത്തിലുള്ള 'ജിഹാദുമായി' ബന്ധിപ്പിച്ച അദ്ദേഹം രാജ്യമുടനീളം അവ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ 'ദേവഭൂമി' സംസ്ഥാനങ്ങളില്‍ മറ്റ് മതസ്ഥരുടെ സാന്നിധ്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പരാമര്‍ശങ്ങളും സന്യാസിമാര്‍ നടത്തി.
ഈ ദേവഭൂമിയില്‍ മദ്രസകളുടെ ആവശ്യമില്ല. ദൈവീക ശക്തികളാല്‍ സംരക്ഷിക്കപ്പെടുന്ന ദേവഭൂമിയാണ് ഉത്തരാഖണ്ഡും ഹിമാചലും. മറ്റ് മതസ്ഥരെ ഇവിടെ അനുവദിക്കരുത്' ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി കൈലാസാനന്ദ് ഗിരി പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടോ ചടങ്ങില്‍ നടന്ന പരാമര്‍ശങ്ങളോടോ പ്രതിപക്ഷ പാര്‍ട്ടികളോ മുസ്ലിം സംഘടനകളോ ഉടനടി പ്രതികരിച്ചിട്ടില്ല.ബോര്‍ഡ് ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ബിജെപി സര്‍ക്കാര്‍ നേരത്തെ മുന്നോട്ട് വെച്ചപ്പോള്‍ മുസ്ലിം സമുദായ നേതാക്കള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു.
'മദ്രസ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെ'ന്ന് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പറഞ്ഞു. മദ്രസ ബോര്ഡിലൂടെയാണു പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതെന്ന് ഓള് ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി പറഞ്ഞു. മദ്രസ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള തീരുമാനം ഈ വര്‍ഷം ജൂലൈ മുതല്‍ ഉത്തരാഖണ്ഡില്‍ പ്രാബല്യത്തില്‍ വരും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.