കരിംനഗർ: നാലു വയസ്സുകാരികളായ ഇരട്ട പെണ്‍കുട്ടികളെ പിതാവും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
തെലങ്കാനയിലെ ജൂബിലി നഗർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. നാലു വയസ്സുകാരികളായ ഗീതാൻവികയെയും ഗീതാംഷിയെയും പിതാവ് ശ്രീശൈലം (28) കിണറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നു. ആണ്‍കുട്ടി വേണമെന്ന അതിയായ ആഗ്രഹവും പെണ്‍മക്കള്‍ ജനിച്ചതിലുള്ള വിരോധവുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി.ഭീകരമായ ഒരു ഗൂഢാലോചനയുടെ കഥയാണ് പോലീസ് പുറത്തുവിടുന്നത്. എം.കോം ബിരുദധാരിയും മെഡിക്കല്‍ കോളേജ് ജീവനക്കാരനുമായ ശ്രീശൈലം തന്റെ മാതാപിതാക്കളായ അശോക്, ലാവണ്യ, സഹോദരൻ രാകേഷ് എന്നിവരുമായി ചേർന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്.
2020-ല്‍ വിവാഹിതനായ ശ്രീശൈലം തുടക്കം മുതലേ ആണ്‍കുട്ടി വേണമെന്ന വാശിയിലായിരുന്നു. 2022-ല്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ ജനിച്ചതോടെ ഇയാള്‍ ആശുപത്രിയില്‍ പോയി മക്കളെ കാണാൻ പോലും തയ്യാറായില്ലെന്ന് പോലീസ് പറയുന്നു.
"തന്റെ ഏകദേശം രണ്ട് കോടി രൂപയോളം വരുന്ന സ്വത്തുവകകള്‍ പെണ്‍മക്കളുടെ വിവാഹത്തിന് ചിലവാക്കേണ്ടി വരുമെന്നും അതോടെ താൻ വെറുംകൈയാകുമെന്നുമായിരുന്നു ശ്രീശൈലത്തിന്റെ ഭയം. ഈ ചിന്താഗതി തന്നെയാണ് ഇയാളുടെ മാതാപിതാക്കളും പങ്കുവെച്ചിരുന്നത്." - എ. നിരഞ്ജൻ റെഡി, സർക്കിള്‍ ഇൻസ്പെക്ടർ.പറഞ്ഞു
ഏപ്രില്‍ മൂന്നിന് ഉച്ചയോടെയാണ് കൃത്യം നടന്നത്. ഭാര്യ മൗനികയെ വീട്ടില്‍ മട്ടൻ കറി വെക്കാൻ നിർബന്ധിച്ച് നിർത്തിയ ശേഷം, കുട്ടികളെ കളിപ്പിക്കാനെന്ന വ്യാജേന ഇയാള്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. കൃഷിയിടത്തില്‍ ആരും ഇല്ലാത്ത സമയം നോക്കി കുട്ടികളെ കിണറിന് സമീപം ഇരുത്തി. തുടർന്ന് ആദ്യ കുട്ടിയായ ഗീതാൻവികയെ കിണറ്റിലേക്ക് തള്ളിയിട്ടു.
കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. രണ്ടാമത്തെ മകള്‍ ഗീതാംഷി വെള്ളത്തില്‍ വീണിട്ടും ജീവനുവേണ്ടി പിടയുന്നത് കണ്ട ശ്രീശൈലം കിണറ്റിലേക്ക് ഇറങ്ങിച്ചെന്ന് അവളെ സ്വന്തം കൈകൊണ്ട് മുക്കിപ്പിടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതായി അഭിനയിച്ച് ശ്രീശൈലം നാട്ടുകാരെയും ഭാര്യയെയും പറ്റിക്കാൻ ശ്രമിച്ചു. പുല്ല് ചെത്താൻ പോയപ്പോള്‍ കുട്ടികള്‍ കിണറ്റില്‍ വീണതാണെന്നായിരുന്നു ഇയാളുടെ മൊഴി.
എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധിച്ച നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് മർദ്ദിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട ശ്രീശൈലം ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടികളായതിന്റെ പേരില്‍ മാത്രം ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയത് അപൂർവ്വവും പൈശാചികവുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ ശ്രീശൈലം, മാതാപിതാക്കള്‍, സഹോദരൻ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.