കണ്ണൂർ;എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടികോട്ടകളിലെ പൊട്ടിത്തെറികൾ സിപിഎമ്മിന് വെല്ലുവിളിയാകുന്നു.
മുതിർന്ന പല നേതാക്കളും പാർട്ടി വിടുകയും എതിർപാളയത്തിൽ ചേക്കേറി സ്ഥാനാർഥിത്വം സമ്പാദിക്കുകയുംചെയ്തു. മറ്റു ചിലരാകട്ടെ, സ്വതന്ത്രപരിവേഷവുമായി സ്ഥാനാർഥിത്വത്തിലേക്ക് നീങ്ങുന്നു. വിമതശബ്ദം പതിവില്ലാത്തവണ്ണം കണ്ണൂരിലെ പാർട്ടിയിൽനിന്നുപോലും ഉയരുന്നു. പാർട്ടി സെക്രട്ടറിയുടെ സ്വജനപക്ഷപാതവും പിണറായിയുടെ മൗനവും ചോദ്യംചെയ്യപ്പെടുന്നു.സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വൻപ്രതിസന്ധിയാണ് സിപിഎമ്മിന് നേർക്ക് മുന്നിലുയരുന്നത്.കൊട്ടാരക്കര എംഎൽഎ ആയിരുന്ന അയിഷാ പോറ്റിയാണ് എതിർപാളയത്തിലേക്ക് ഈയടുത്ത കാലത്തു പോയ ആദ്യത്തെ നേതാവ്. കോൺഗ്രസിലെത്തിയ അവർ, സിറ്റിങ് എംഎൽഎയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാലിനെതിരേ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ രൂക്ഷവിമർശനങ്ങളാണ് പാലക്കാട്ട് പി.കെ. ശശിയിൽനിന്ന് ഉയർന്നത്.
യുഡിഎഫിന് കൈകൊടുക്കാൻ ആഞ്ഞുനിൽക്കുകയാണ് ഷൊർണൂർ മുൻ എംഎൽഎ കൂടിയായ അദ്ദേഹം. സിപിഎമ്മിന് എക്കാലവും വിഭാഗീയതയുടെ വലിയ തലവേദന സൃഷ്ടിച്ച ആലപ്പുഴയിൽ ഇപ്പോൾ കലാപക്കൊടി ഉയർത്തിയിരിക്കുന്നത് തലമുതിർന്ന നേതാവായ ജി. സുധാകരനാണ്. പാർട്ടി അംഗത്വം പുതുക്കാനില്ലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിറങ്ങിയ സുധാകരൻ, അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചു കഴിഞ്ഞു.
യുഡിഎഫ് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ പിന്തുണയും നൽകാനൊരുങ്ങുന്നു. പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ രണ്ടിടത്താണ് അടുത്തടുത്ത് രാഷ്ട്രീയസ്‌ഫോടനങ്ങൾ നടന്നത്. ആദ്യത്തേത് പയ്യന്നൂരിൽ. ഇപ്പോഴിതാ തളിപ്പറമ്പിൽ. പയ്യന്നൂരിലേത് സ്ഥലം എംഎൽഎ ടി.ഐ. മധുസൂദനനെതിരായ രക്തസാക്ഷിഫണ്ട് തട്ടിപ്പ് ആരോപണമായിരുന്നെങ്കിൽ തളിപ്പറമ്പിലേത് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ കുടുംബാധിപത്യ ആരോപണമാണ്.
കണ്ണൂരിൽ ഇപ്പറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ചവർ ചില്ലറക്കാരുമല്ല. രക്തസാക്ഷിഫണ്ടിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുന്നയിച്ചത് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ആയിരുന്നു. ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ പാർട്ടി പുറത്താക്കി. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം ഭാര്യ പി.കെ. ശ്യാമളയ്ക്ക് ലഭിക്കാൻ പാർട്ടി സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദൻ ആസൂത്രിത നീക്കം നടത്തിയെന്ന ആരോപണമാണ് മുതിർന്ന നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ ഇന്ന് ഉന്നയിച്ചത്.
ആ തീരുമാനത്തെ നീതികേടെന്ന് വിശേഷിപ്പിച്ച ടി.കെ. ഗോവിന്ദൻ വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയോട് പിണങ്ങിയും ഇണങ്ങിയും നിന്ന ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുക മാത്രമല്ല അവരുടെ സ്ഥാനാർഥിയായി മത്സരിക്കാനും ഒരുങ്ങുന്നു. മുൻപ്, കോൺഗ്രസിൽനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ അവസാനത്തെ ആളും പോകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാൻ മറക്കരുതെന്ന് പരിഹസിച്ച എം.എം. മണിയുടെ ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായിരുന്നു രാജേന്ദ്രൻ എന്നത് മറ്റൊരു കൗതുകം.
മൂന്നാറിലെയും മറ്റും തോട്ടം തൊഴിലാളികൾക്കുമിടയിലെ രാജേന്ദ്രന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വിമർശിക്കപ്പെടുന്ന പാർട്ടി നേതൃത്വം കോടിയേരി ബാലകൃഷ്ണനെപ്പോലെ പാർട്ടിയെ കൂട്ടിപ്പിടിച്ചുനിർത്താൻ എം.വി. ഗോവിന്ദന് സാധിക്കുന്നില്ലെന്ന വിമർശനം ഒളിഞ്ഞും തെളിഞ്ഞും ഉയരാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. ഗോവിന്ദന്റെ പത്രസമ്മേളനത്തിലെ പരിഹാസച്ചിരി തന്നെ വേദനിപ്പിച്ചിരുന്നെന്നും അദ്ദേഹം ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടായി തുടരാൻ ആഗ്രഹമില്ലെന്നും അംഗത്വം പുതുക്കാനില്ലെന്ന ജി. സുധാകരന്റെ ഫെയ്‌സ്ബുക്കിൽ പറഞ്ഞിരുന്നു.
കോടിയേരി ആയിരുന്നെങ്കിൽ ഞങ്ങൾക്കിങ്ങനെ വരില്ലെന്നായിരുന്നു മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പി.കെ. ശശി പറഞ്ഞിരുന്നത്. മൂന്നുവട്ടം എംഎൽഎയാകുകയും നാലാംവട്ടം ഭാര്യയെ എംഎൽഎ ആക്കാനുമാണ് പാർട്ടി സെക്രട്ടറിയുടെ ശ്രമമെന്നുമാണ് ടി.കെ. ഗോവിന്ദന്റെ ആരോപണം. തളിപ്പറമ്പിനെ കരുതിക്കൂട്ടി വനിതാസംവരണ മണ്ഡലമാക്കി മാറ്റിയാണ് ശ്യാമളയ്ക്ക് അവിടെ സ്ഥാനാർഥിത്വം നൽകിയതെന്നും എൻ. സുകന്യയെപ്പോലുള്ളലവരുടെ പേര് തമസ്‌കരിക്കപ്പെട്ടുവെന്നും ഗോവിന്ദന്റെ ആരോപണത്തിലുണ്ട്.
കോൺഗ്രസിന്റെ നീക്കം സിപിഎമ്മിനുള്ളിലെ കലാപക്കൊടികളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അമ്പലപ്പുഴയിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങുന്നു. തളിപ്പറമ്പിൽ പി.കെ. ശ്യാമളയ്‌ക്കെതിരേ മത്സരിക്കാനൊരുങ്ങുന്ന ടി.കെ. ഗോവിന്ദനെയും പിന്തുണച്ചേക്കും. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരേ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ മത്സരിച്ചാലും കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിപിഎം എന്തുചെയ്യും മൂന്നാമൂഴം ലക്ഷ്യമിട്ട്, ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന പ്രചാരണവാക്യവുമായി ഇറങ്ങുന്ന സിപിഎമ്മിന് തലവേദനയാകും ഈ വിമതമുഖങ്ങൾ എന്നതിൽ സംശയമില്ല. പാർലമെന്ററി വ്യാമോഹം, വർഗവഞ്ചന തുടങ്ങിയ വാദങ്ങളും ആരോപണങ്ങളും ഉയർത്തിയാലും വിഷയം ചർച്ചയാകുമെന്നത് ഉറപ്പാണ്.
സിപിഎമ്മിന്റെ ഏറ്റവും മികച്ച പാർട്ടി സെക്രട്ടറിമാരിലൊരാൾ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുമ്പോൾ സംഘടനാപരമായ ന്യൂനതകൾ പതിവില്ലാത്തവണ്ണം പുറത്തെത്തുകയാണ്. ഈ പ്രതിസന്ധിയെ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടതാണ്. കാരണം, ഇന്ത്യൻഭൂപടത്തിൽ ഇങ്ങ് തെക്കേയറ്റത്ത് അവശേഷിക്കുന്ന കനൽത്തരി കെടാതെ സൂക്ഷിക്കാൻ കരുതലോടെ നീങ്ങുമ്പോഴാണ് പാർട്ടി കോട്ടകളിൽ നിന്ന് കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.