തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കവേ വിവിധ വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട ജി സുധാകരന് നടത്തിയ വെളിപ്പെടുത്തല്‍ മുതല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഡീല്‍ ആരോപണം വരെയുള്ള വ്യത്യസ്തമായ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ജി സുധാകരന് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അദ്ദേഹം എതിര്‍പാളയത്തില്‍ ആയതുകൊണ്ട് മാത്രമാണെന്നാണ് പിണറായി വിജയന്റെ വാക്കുകള്‍.സജി ചെറിയാന് സംശയമുനയിലാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുന്‍ സിപിഐഎം നേതാവ് ജി സുധാകരന് പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'നേരോ നേതാവേ' എന്ന പ്രത്യേക അഭിമുഖ പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പിണറായി വിജയന് അന്വേഷണത്തില്‍ ഇടപെട്ടെന്നും ജി സുധാകരന് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന സമയത്ത് എന്തായിരുന്നു ജി സുധാകരന് പറഞ്ഞത് എന്ന് പരിശോധിച്ചാല്‍ മതിയാകും എന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ബിജെപിയുടെ സീല്‍ വന്നത് ഗുരുതരമായ വിഷയമാണെന്നും പിണറായി വിജയന് പറഞ്ഞു. ഈ തെറ്റായ നടപടി ഉദ്യോഗസ്ഥരുടെ പിഴ എന്ന് പറഞ്ഞ് തലയൂരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സംഭവങ്ങളെ വിമര്‍ശിക്കുന്നത് സ്വാഭാവികമാണെന്നും വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന നിലപാടില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മാറി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു പ്രതിഭയ്ക്ക് നേരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം സംബന്ധിച്ച ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. യു പ്രതിഭയ്ക്ക് എതിരായ പരാമര്‍ശം അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് വരുന്ന സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കരുത്. അത് മനോവൈകൃതമാണ്. കെ സി വേണുഗോപാല്‍ ഇരുന്ന വേദിയിലാണ് ഒരു വനിതയെ അപമാനിക്കുന്ന തരത്തിലുള്ള, കേരള സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത പരാമര്‍ശം ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫ് ഉയര്‍ത്തുന്ന ബിജെപി-സിപിഐഎം ഡീല്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയ പിണറായി വിജയന് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഈ തെരഞ്ഞെടുപ്പില്‍ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന മറുആരോപണവും ഉന്നയിച്ചു. 'ലോക്സഭ ഇലക്ഷനില്‍ തൃശ്ശൂരില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടത്തും ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിച്ചു. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വേണ്ടി പല ഘട്ടത്തിലും ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
അവര്‍ തോല്‍വിക്ക് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്,' പിണറായി വിജയന് പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പിണറായി വിജയന് ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ലെന്നും കാര്യങ്ങള്‍ നേരെ ചൊവ്വേ പഠിക്കാത്തതുകൊണ്ട് എത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ നടപടി ഉണ്ടായില്ലെന്നും അത് ബിജെപി-സിപിഐഎം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പിണറായി വിജയന്റെ പ്രതികരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.