കൂനൂർ: റെയില്‍വേ സ്റ്റേഷൻ എന്നാല്‍ ട്രെയിൻ കാത്തിരിക്കാനുള്ള ഒരിടം മാത്രമല്ല. യാത്രക്കാർക്ക് കിടിലൻ താമസസൗകര്യം ഒരുക്കുന്ന ഒരിടം കൂടിയാണിപ്പോള്‍ കൂനൂർ റെയില്‍വേ സ്റ്റേഷൻ.
യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള 'നീലഗിരി മൗണ്ടൻ റെയില്‍വേ'യുടെ ഭാഗമായ ഈ സ്റ്റേഷനിലെ താമസം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ബ്രിട്ടീഷ് കാലത്തെ പ്രൗഢിയും പുതിയ സൗകര്യങ്ങളും
തമിഴ്‌നാട്ടിലെ നീലഗിരി മലനിരകള്‍ക്ക് നടുവിലാണ് കൂനൂർ റെയില്‍വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുവിദ്യയുടെ ഭംഗി ഈ സ്റ്റേഷൻ ഇന്നും നിലനിർത്തുന്നു. തടികൊണ്ടുള്ള പാനലുകള്‍, പഴയകാല വെയിറ്റിംഗ് റൂമുകള്‍, പുരാതനമായ റെയില്‍വേ യാർഡ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
ഈ സ്റ്റേഷനിലെ പഴയ റിട്ടയറിംഗ് റൂമുകള്‍ ഇപ്പോള്‍ പൂർണ്ണമായും നവീകരിച്ച് യാത്രക്കാർക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വലിയ ആഡംബരങ്ങളേക്കാള്‍, വൃത്തിക്കും മലയോര മേഖലയുടെ തനതായ ശൈലിക്കുമാണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ
വൈകുന്നേരം 4 മണിക്ക് അവസാനത്തെ ട്രെയിനും പോയിക്കഴിഞ്ഞാല്‍ സ്റ്റേഷൻ പൂർണ്ണമായും നിശബ്ദമാകും. നഗരത്തിലെ ബഹളങ്ങളോ ഹോണടികളോ ഇല്ലാതെ, കിളികളുടെ ശബ്ദവും മലമുകളിലെ തണുത്ത കാറ്റും ആസ്വദിച്ച് ഒരു രാത്രി ചെലവഴിക്കാൻ ഇതിലും മികച്ച ഒരിടം വേറെയില്ല. പിറ്റേന്ന് രാവിലെ 7 മണിക്കുള്ള ടോയ് ട്രെയിനില്‍ യാത്ര ചെയ്യേണ്ടവർക്ക് ഈ താമസം ഏറെ സൗകര്യപ്രദമാണ്. രാവിലെ എഴുന്നേറ്റ് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര തുടങ്ങാം.
എങ്ങനെ ബുക്ക് ചെയ്യാം?
ഈ സൗകര്യം ഉപയോഗിക്കാൻ ചില നിബന്ധനകളുണ്ട്. കൂനൂരിലേക്കോ അവിടെ നിന്നോ കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടായിരിക്കണം. ബുക്ക് ചെയ്യുമ്ബോള്‍ 10 അക്ക PNR നമ്പർ നിർബന്ധമാണ്. കുറഞ്ഞത് 3 മണിക്കൂർ മുതല്‍ പരമാവധി 48 മണിക്കൂർ വരെ ഇവിടെ താമസിക്കാം. ചെക്ക്-ഇൻ സമയത്ത് ആധാർ കാർഡ് പോലുള്ള സർക്കാർ അംഗീകൃത തിരിച്ചറിയല്‍ രേഖ നിർബന്ധമായും കാണിക്കണം.
താമസത്തിന് ചെലവെത്ര?
നീലഗിരിയിലെ വലിയ ഹോട്ടലുകളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ താമസം വളരെ ലാഭകരമാണ്. മുറികളുടെ നിലവാരമനുസരിച്ച് 12 മണിക്കൂറിന് ഏകദേശം ₹100 മുതല്‍ ₹800 വരെയും 24 മണിക്കൂറിന് ₹1500 വരെയുമാണ് നിരക്ക്. ഡോർമിറ്ററി ബെഡ്ഡുകള്‍ക്ക് ₹50 മുതല്‍ ₹300 വരെ മാത്രമേയുള്ളൂ.
നീലഗിരി ടോയ് ട്രെയിനിന് വലിയ ഡിമാൻഡുള്ളതു കൊണ്ട്, യാത്രയ്ക്ക് ഒന്നോ രണ്ടോ മാസം മുൻപേ ടിക്കറ്റും റൂമും ബുക്ക് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാല്‍ റൂം ബുക്കിംഗും റദ്ദാകുമെന്ന കാര്യം ഓർക്കുക. പ്രകൃതിയുടെ മടിത്തട്ടില്‍, ചരിത്രത്തിന്റെ ഗന്ധമുള്ള ഒരു രാത്രി ആഗ്രഹിക്കുന്നവർക്ക് കൂനൂർ റെയില്‍വേ സ്റ്റേഷനിലെ ഈ താമസം മറക്കാനാവാത്ത അനുഭവമായിരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.